നിങ്ങള്‍ ഭരിക്കുന്നത് വിശന്നൊട്ടിയ വയറുള്ളവരെ'; ഓര്‍മപ്പെടുത്തലുമായി എസ്ഡിപിഐ

കല്‍പ്പറ്റ: പരിഷ്‌കൃതരെന്ന സ്വയം വിശേഷണങ്ങള്‍ക്കപ്പുറത്ത് വിശപ്പ് സഹിക്കുന്നവരെയും വിശപ്പിന്റെ പേരില്‍ മര്‍ദനമേല്‍ക്കേണ്ടി വരുന്നവരെയുമാണ് നിങ്ങള്‍ ഭരിക്കുന്നതെന്നു ഭരണകൂടത്തെ ഓര്‍മിപ്പിക്കുന്നതാണ് അട്ടപ്പാടിയിലെ മധുവിന്റെ മരണമെന്ന് എസ്ഡിപിഐ ജില്ലാ സെക്രട്ടേറിയേറ്റ്. ഭരണകൂടം സമ്പല്‍സമൃദ്ധിയുടെ കണക്കുനിരത്തുമ്പോള്‍ ഒരു വിഭാഗം വിശന്നുപോയതിന്റെ പേരില്‍ ആള്‍ക്കൂട്ടത്തിന്റെ വധശിക്ഷയ്ക്ക് വിധേയരാവുന്നു.
ശതകോടീശ്വരന്മാരുടെ എണ്ണത്തിലെ വര്‍ധനവും വന്‍കിട വ്യവസായങ്ങളുടെ ലാഭവിഹിതവും ഭരണനേട്ടമായി നിരത്തപ്പെടുമ്പോഴാണ് വിശപ്പിന്റെ പേരില്‍ ഒരാള്‍ കൊല്ലപ്പെടുന്നത്. കോടികള്‍ കൊള്ളയടിച്ചവര്‍ ഊരുചുറ്റുമ്പോഴാണ് ഒരു നേരത്തെ വിശപ്പിന്റെ പേരില്‍ കൊലപാതകങ്ങള്‍ നടക്കുന്നത്. മധുവിന്റെ മരണത്തിനുത്തരവാദികളെ മാതൃകാപരമായി ശിക്ഷിക്കണം. വിശപ്പകറ്റാന്‍ മോഷ്ടിക്കേണ്ടി വരുന്ന സാഹചര്യം നിലനില്‍ക്കുന്നതിന്റെ പൂര്‍ണ ഉത്തരവാദിത്തം ഭരണകൂടത്തിനാണ്.
അടിസ്ഥാനവര്‍ഗത്തിന്റെ ഉന്നമനം സാധ്യമാവാത്തിടത്തോളം കാലം ഭരണനേട്ടമെന്ന വാക്ക് ഉച്ഛരിക്കാന്‍ പോലും ഭരണകൂടത്തിനര്‍ഹതയില്ലെന്നും ജില്ലാ സെക്രട്ടേറിയേറ്റ് ചൂണ്ടിക്കാട്ടി. പ്രസിഡന്റ് പി ആര്‍ കൃഷ്ണന്‍കുട്ടി, ജനറല്‍ സെക്രട്ടറി എന്‍ ഹംസ എന്നിവര്‍ സംസാരിച്ചു.

RELATED STORIES

Share it
Top