നിങ്ങള്‍ നിരീക്ഷണത്തിലാണ്‌

സ്വകാര്യത പൗരന്റെ മൗലികാവകാശമായി സുപ്രിംകോടതി അംഗീകരിച്ചതാണെങ്കിലും നമ്മളറിയാതെ തന്നെ നമ്മെ സംബന്ധിച്ച പല വിവരങ്ങളും ആരോ ചോര്‍ത്തിക്കൊണ്ടിരിക്കുകയാണ്. ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണം ഇന്ത്യയില്‍ 500 മില്യണ്‍ കവിഞ്ഞുകഴിഞ്ഞു. എല്ലാവര്‍ക്കും മൊബൈലുമായി. ഈ സാഹചര്യത്തില്‍ കഴിഞ്ഞവര്‍ഷം മാത്രം ഡാറ്റാ മോഷണത്തില്‍ 783 ശതമാനം വര്‍ധനയാണ് ഉണ്ടായിരിക്കുന്നതത്രേ.
ഇന്ത്യയില്‍ 241 ദശലക്ഷം മുഖപുസ്തക ഉപയോക്താക്കളാണുള്ളത്. ആപ്പ് വഴി രണ്ടു വര്‍ഷത്തിനകം 5,62,455 പേരാണ് കാംബ്രിജ് അനലറ്റിക്ക എന്ന ബ്രിട്ടിഷ് സ്ഥാപനവുമായി വ്യക്തിപരമായ വിവരങ്ങള്‍ കൈമാറിയത്. എടിഎം വഴിയുള്ള ഡെബിറ്റ്, ക്രെഡിറ്റ് വിവരങ്ങള്‍ നിയമവിരുദ്ധമായി ചോര്‍ത്തുന്നതിലും 35 ശതമാനം വര്‍ധനയുണ്ടായതായി കണക്കാക്കപ്പെട്ടിട്ടുണ്ട്.
മുഖപുസ്തകത്തിലെ വിശ്വാസത്തകര്‍ച്ചയ്ക്കും സക്കര്‍ബര്‍ഗിന്റെ കുമ്പസാരത്തിനും ശേഷം ഇന്ത്യന്‍ ഉപഭോക്താക്കള്‍ സ്വകാര്യവിവരങ്ങള്‍ ഓണ്‍ലൈനില്‍ പങ്കുവയ്ക്കുന്നത് കുറച്ചിട്ടുണ്ട്. 7 ശതമാനം പേര്‍ പൂര്‍ണമായി നിര്‍ത്തി. പകുതിയോളം പേര്‍ കൂടുതല്‍ ജാഗ്രതയുള്ളവരായി. പൗരന്മാരുടെ സ്വകാര്യവും സാമ്പത്തികവുമായ വിവരങ്ങള്‍ ആരോ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നുവെന്നത് ഉല്‍ക്കണ്ഠാജനകമല്ലേ?

RELATED STORIES

Share it
Top