നിഖില്‍ വധം: അഞ്ചു സിപിഎം പ്രവര്‍ത്തകര്‍ കുറ്റക്കാര്‍

തലശ്ശേരി: ബിജെപി പ്രവര്‍ത്തകനായ ലോറി ക്ലീനര്‍ പാറക്കണ്ടി നിഖിലിനെ(22) വാഹനത്തില്‍നിന്ന് പിടിച്ചിറക്കി വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ അഞ്ചു സിപിഎം പ്രവര്‍ത്തകര്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. ഇവര്‍ക്കുള്ള ശിക്ഷ മറ്റന്നാള്‍ തലശ്ശേരി അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതി പ്രഖ്യാപിക്കും. രണ്ടുപേരെ തെളിവുകളുടെ അഭാവത്തില്‍ വിട്ടയച്ചു. വടക്കുമ്പാട് തെക്കേ കണ്ണോളി വീട്ടില്‍ കെ ശ്രീജിത്ത് (39), നിട്ടൂര്‍ ഗുംട്ടിയിലെ ചാലില്‍ വീട്ടില്‍ വി ബിനോയ് (31), ഗുംട്ടിക്കടുത്ത റസീന മന്‍സിലില്‍ കെ പി മനാഫ് (42), വടക്കുമ്പാട് പോസ്റ്റ് ഓഫിസിന് സമീപം ജയരാജ് ഭവനില്‍ പി പി സുനില്‍കുമാര്‍ (51), ഗുംട്ടിയിലെ കളത്തില്‍ വീട്ടില്‍ സി കെ മര്‍ഷൂദ് (34) എന്നിവരെയാണ് കുറ്റക്കാരെന്നു വിധിച്ചത്. ആകെ എട്ട് പ്രതികളുണ്ടായിരുന്ന കേസില്‍ നാലും ഏഴും പ്രതികളായ നിട്ടൂര്‍ ഗുംട്ടിയിലെ ഉമ്മലില്‍ യു ഫിറോസ്, കൂളിബസാറിലെ നടുവിലോതിയില്‍ വല്‍സന്‍ വയനാല്‍ എന്നിവരെയാണ് കുറ്റവിമുക്തരാക്കിയത്.
എട്ടാം പ്രതിസ്ഥാനത്തുണ്ടായ എം ശശിധരന്‍ വിചാരണയ്ക്കിടെ മരണപ്പെട്ടിരുന്നു. തലശ്ശേരിയില്‍ രാഷ്ട്രീയ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ട 2008 മാര്‍ച്ച് അഞ്ചിനു വൈകീട്ട് വടക്കുമ്പാട് കൂളിബസാറിലായിരുന്നു കേസിനാസ്പദമായ സംഭവം. ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്ന നിഖിലിനെ ഒരുസംഘം സിപിഎം പ്രവര്‍ത്തകര്‍ ലോറിയില്‍നിന്ന് ബലമായി പിടിച്ചിറക്കി വെട്ടി കൊലപ്പെടുത്തിയെന്നാണു കേസ്. തലശ്ശേരി സിഐ ആയിരുന്ന യു പ്രേമന്‍ അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. 44 സാക്ഷികളില്‍ 16 പേര്‍ വിചാരണയ്ക്കിടെ കൂറുമാറിയിരുന്നു.

RELATED STORIES

Share it
Top