നിക്ഷേപത്തട്ടിപ്പ്: അറസ്റ്റിലായവരെ സ്ഥാപനത്തിലെത്തിച്ച് തെളിവെടുത്തു

മട്ടന്നൂര്‍: നിക്ഷേപകരെ വഞ്ചിച്ചു ലക്ഷങ്ങള്‍ തട്ടിയെന്ന പരാതിയില്‍ റിമാന്‍ഡില്‍ കഴിയുന്ന രണ്ടുപേരെ കസ്റ്റഡിയില്‍ വാങ്ങി മട്ടന്നൂര്‍ പോലിസ് അറസ്റ്റ് രേഖപ്പെടുത്തി. തളിപ്പറമ്പിലെ എ സുരേഷ് ബാബു(47), കാസര്‍ഗോഡ് ചെമ്മനാട് സ്വദേശി എം കുഞ്ഞി ചന്തു(58) എന്നിവരെയാണ് മട്ടന്നൂര്‍ എസ്‌ഐ ശിവന്‍ ചോടോത്തിന്റെ നേതൃത്വത്തില്‍ കസ്റ്റഡിയില്‍ വാങ്ങി അന്വേഷണം നടത്തുന്നത്. മട്ടന്നൂര്‍-ഇരിട്ടി റോഡില്‍ ഇന്ദിരാനഗറില്‍ പ്രവര്‍ത്തിച്ചിരുന്ന സിഗ്‌ടെക് മാര്‍ക്കറ്റിങ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിനെതിരേ ഏച്ചൂര്‍ ചേലോറയിലെ ടി പി സവിത നല്‍കിയ പരാതിയിലാണ് മട്ടന്നൂര്‍ പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
കോട്ടയം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിനു വിവിധ സ്ഥലങ്ങളില്‍ ബ്രാഞ്ചുകളുണ്ടെന്ന് പോലിസ് അറിയിച്ചു. ഇരുവരും തളിപ്പറമ്പില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിലെ ജീവനക്കാരാണ്. തളിപ്പറമ്പിലെ നിക്ഷേപകര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് അറസ്റ്റിലായ ഇരുവരെയും കോടതി റിമാന്‍ഡ് ചെയ്യുകയായിരുന്നു. മട്ടന്നൂരിലും സ്ഥാപനം തട്ടിപ്പ് നടത്തിയതിനെ തുടര്‍ന്നാണ് ഇരുവരെയും കസ്റ്റഡിയില്‍ വാങ്ങിയത്. നിക്ഷേപത്തിനു ഒരു വര്‍ഷത്തേക്ക് 13 ശതമാനം പലിശ നല്‍കാമെന്നും അഞ്ചുവര്‍ഷം തികഞ്ഞാല്‍ നിക്ഷേപത്തിന്റെ ഇരട്ടി നല്‍കാമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചാണ് മാര്‍ക്കറ്റിങിലേക്ക് സമീപിക്കുന്നത്. ആറരലക്ഷം രൂപ നിക്ഷേപിച്ച സവിത ഒരു വര്‍ഷം കാലാവധി കഴിഞ്ഞപ്പോള്‍ ഓഫിസില്‍ പോയി ചെക്ക് വാങ്ങിയെങ്കിലും ബാങ്ക് അക്കൗണ്ടില്‍ പണമില്ലാതെ വന്നതോടെ ചെക്ക് മടങ്ങുകയായിരുന്നു.
വീണ്ടും ഓഫിസില്‍ പോയെങ്കിലും അടച്ചിട്ടതായി പോലിസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. 50ഓളം പേര്‍ പണം നിക്ഷേപിച്ചതായാണ് പോലിസിനു ലഭിച്ച വിവരം. കസ്റ്റഡിയില്‍ വാങ്ങി അറസ്റ്റ് രേഖപ്പെടുത്തിയവരെ മട്ടന്നൂരിലെ സ്ഥാപനത്തിലെത്തിച്ച് തെളിവെടുപ്പ് നടത്തി. എഎസ്‌ഐ വി എന്‍ വിനോദ്, സിവില്‍ പോലിസ് ഓഫിസര്‍ ടി പി സജീഷ്,  പി ഷിനിത എന്നിവരും അന്വഷണസംഘത്തിലുണ്ടായിരുന്നു.

RELATED STORIES

Share it
Top