നിക്ഷേപക സൗഹൃദമല്ലാത്ത നിയമങ്ങളും ചട്ടങ്ങളും മാറ്റും: മന്ത്രി എ സി മൊയ്തീന്‍കോഴിക്കോട്: സംസ്ഥാനത്തെ വ്യത്യസ്ത വകുപ്പുകളില്‍ നിക്ഷേപക സൗഹൃദമല്ലാത്ത നിയമങ്ങളിലും ചട്ടങ്ങളിലും മാറ്റം വരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായും അതിന്റെ നിയമ നിര്‍മാണത്തിന്റെ പണിപ്പുരയിലാണ് ഇപ്പോഴെന്നും വ്യവസായ മന്ത്രി എ സി മൊയ്തീന്‍ പറഞ്ഞു. കേരള ഇന്‍ഡസ്ട്രിയല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡവലപ്‌മെന്റ് കോര്‍പറേഷന്‍ (കിന്‍ഫ്ര) രാമനാട്ടുകരയില്‍ സ്ഥാപിക്കുന്ന അഡ്വാന്‍സ്ഡ് ടെക്‌നോളജി പാര്‍ക്കിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.സംസ്ഥാനത്ത് സംരംഭകര്‍ക്ക് സഹായകരമായ അന്തരീക്ഷം ഉണ്ടാകണം. വ്യവസായ സംരംഭങ്ങള്‍ തുടങ്ങുന്നതിനുള്ള വലിയ തടസ്സം നിയമങ്ങളുടെ നൂലാമാലകളാണ്.  നമ്മുടെ സംസ്ഥാനത്തിന് അനുയോജ്യമായ വ്യവസായ സംരംഭങ്ങള്‍ ഇവിടെയുണ്ടാകണം. അതില്‍ തൊഴിലുണ്ടാവണം. നിക്ഷേപം നടത്താന്‍ ആളുകള്‍ തയാറാവണം. പരിസ്ഥിതിക്ക് ദോഷമുണ്ടാക്കാത്ത, പരിസ്ഥിതി മലിനീകരണം ഉണ്ടെങ്കില്‍ അതിന് പരിഹാരം കാണാന്‍ കഴിയുന്ന വ്യവസായ സംരംഭങ്ങള്‍ കേരളത്തില്‍ ഉണ്ടാവണം. .കോഴിക്കോട് സ്റ്റീല്‍ കോംപ്ലക്‌സിന്റെ ഉല്‍പാദനം വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ ഇടപെടുമെന്നും കേരള സോപ്‌സ് സംബന്ധിച്ച് ചര്‍ച്ച ചെയ്യുമെന്നും മന്ത്രി അറിയിച്ചു.വി.കെ.സി മമ്മദ് കോയ എം.എല്‍.എ അധ്യക്ഷത വഹിച്ചു. രാമനാട്ടുകര നഗരസഭ ചെയര്‍മാന്‍ വാഴയില്‍ ബാലകൃഷ്ണന്‍, വൈസ് ചെയര്‍മാന്‍ പി.കെ. സജന, കൗണ്‍സിലര്‍ എം. മനോജ് കുമാര്‍, രാഷ്ട്രീയകക്ഷി നേതാക്കളായ വേലായുധന്‍ പന്തീരാങ്കാവ്, മുഹമ്മദാലി കല്ലട, രാജേഷ് നെല്ലിക്കോട്, പൊറ്റത്തില്‍ ബാലകൃഷ്ണന്‍, ശിവദാസന്‍, അലി പി. ബാവ, എ.എം ഷാജി എന്നിവര്‍ സംസാരിച്ചു. കിന്‍ഫ്ര എം.ഡി വിങ് കമാന്‍ഡര്‍ (റിട്ട.) കെ.എ സന്തോഷ് കുമാര്‍ സ്വാഗതവും ജനറല്‍ മാനേജര്‍ ഡോ. ടി. ഉണ്ണികൃഷ്ണന്‍ നന്ദിയും പറഞ്ഞു.

RELATED STORIES

Share it
Top