നിക്ഷേപക സംഗമം: ലഖ്‌നോ മോടിപിടിപ്പിക്കാന്‍ ചെലവഴിച്ചത് 65 കോടി

ലഖ്‌നോ: നിക്ഷേപക സംഗമം- 2018നായി ഉത്തര്‍പ്രദേശ് തലസ്ഥാന നഗരമായ ലഖ്‌നോ സൗന്ദര്യവല്‍ക്കരിക്കുന്നതിനു സര്‍ക്കാര്‍ ഖജനാവില്‍ നിന്നു ചെലവാക്കിയത് 65 കോടി രൂപയിലേറെ. രണ്ടുദിവസം നീണ്ട നിക്ഷേപക സംഗമം വ്യാഴാഴ്ചയാണ് അവസാനിച്ചത്. ഏഴു രാജ്യങ്ങളില്‍ നിന്നായി 6,000 പ്രതിനിധികളാണ് സംഗമത്തില്‍ പങ്കെടുത്തത്. സംഗമത്തിനു മുന്നോടിയായി നഗരം മോടിപിടിപ്പിക്കാന്‍ 66.15 കോടി ചെലവായെന്ന് ജില്ലാ ഭരണകൂടത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.
നിക്ഷേപക സംഗമത്തില്‍ നാലുലക്ഷം കോടി രൂപയിലേറെ വരുന്ന വ്യാപാര കരാറുകള്‍ ഒപ്പുവച്ചെന്നാണ് യുപി സര്‍ക്കാര്‍ അവകാശപ്പെട്ടത്. നഗരം മോടിപിടിപ്പിക്കുന്നതിന് ലഖ്‌നോ മുനിസിപ്പല്‍ കോര്‍പറേഷന്‍ 24.25 കോടി ചെലവഴിച്ചു. ലഖ്‌നോ വികസന അതോറിറ്റി 13.08 കോടിയും പൊതുമരാമത്ത് വകുപ്പ് 12.58 കോടിയും ചെലവാക്കി. ശേഷിച്ച തുക മറ്റു വകുപ്പുകളുമാണ് ചെലവിട്ടതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനം കണ്ട ഏറ്റവും വലിയ സമ്മേളനമായിരുന്നു നിക്ഷേപക സംഗമം. സമ്മേളനത്തിനായി 22 ചാര്‍ട്ടേര്‍ഡ്് വിമാനങ്ങളും 12ലേറെ പഞ്ചനക്ഷത്ര ഹോട്ടലുകളിലായി 300 മുറികളും ബുക്ക് ചെയ്തു.
അതേസമയം, നിക്ഷേപക സംഗമത്തിന്റെ പേരില്‍ പണം പാഴാക്കിയ ബിജെപി സര്‍ക്കാരിന്റെ നടപടിയെ ബിഎസ്പി അധ്യക്ഷ മായാവതി വിമര്‍ശിച്ചു. സംഗമത്തിന് ഒഴുക്കിയ പണം പാവപ്പെട്ടവര്‍ക്കായി ചെലവിടുന്നതായിരുന്നു നല്ലതെന്ന് അവര്‍ പറഞ്ഞു. ജനങ്ങളുടെ പണം വെള്ളംപോലെ ചെലവാക്കുന്നതിന് നിക്ഷേപക സംഗമങ്ങള്‍ നടത്തുന്നത് ബിജെപി സര്‍ക്കാരുകളുടെ ഫാഷനായി മാറിയിട്ടുണ്ട്. വിലക്കയറ്റത്തില്‍ നിന്നും തൊഴിലില്ലായ്മയില്‍ നിന്നും ജനങ്ങളുടെ ശ്രദ്ധതിരിക്കാനുള്ള ശ്രമമാണ് നിക്ഷേപക സംഗമമെന്നും മായാവതി ആരോപിച്ചു.

RELATED STORIES

Share it
Top