നിക്കി ഹാലി

പഞ്ചാബില്‍ നിന്ന് അമേരിക്കയിലേക്കു കുടിയേറിയ അജിത് സിങ് രണ്ഡാവയുടെയും രാജ്കൗറിന്റെയും മകളാണ് നിക്കി ഹാലി. വയസ്സ് 46. ഇതിനകം അമേരിക്കന്‍ രാഷ്ട്രീയത്തിലെ വനിതകളില്‍ സമുന്നത പദവികള്‍ നേടിയ വ്യക്തി. റിപബ്ലിക്കന്‍ പാര്‍ട്ടിക്കാരിയായ നിക്കി ദക്ഷിണ കാരലൈനയില്‍ ഗവര്‍ണര്‍ പദവി വഹിക്കുന്ന അവസരത്തിലാണ് ഡോണള്‍ഡ് ട്രംപ് അവരെ ഐക്യരാഷ്ട്രസഭയിലെ അമേരിക്കന്‍ സ്ഥാനപതിയായി നിയമിച്ചത്. കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് നിക്കി പദവി ഏറ്റെടുത്തത്. ഈ വര്‍ഷം ഡിസംബറില്‍ അവര്‍ രംഗം വിടും. ട്രംപിന്റെ ടീമില്‍ നിന്നു വിടവാങ്ങിയ ഡസന്‍ കണക്കിന് മുതിര്‍ന്ന ഉദ്യോഗസ്ഥരില്‍ അവസാനത്തെയാള്‍.
നിക്കിയുടെ കാര്യത്തിലുള്ള ഒരു വ്യത്യാസം ട്രംപുമായി വഴക്കിടാതെ കഴിഞ്ഞുകൂടിയ അപൂര്‍വം ഉന്നതോദ്യോഗസ്ഥരില്‍ ഒരാള്‍ എന്നതാണ്. വിദേശകാര്യ സെക്രട്ടറി റെക്‌സ് ടില്ലര്‍സന്‍ മുതല്‍ രാഷ്ട്രീയ ഉപദേശകന്‍ സ്റ്റീഫന്‍ ബാനന്‍ വരെ പുറത്തുപോയത് ട്രംപുമായി വലിയ അസ്വാരസ്യത്തെ തുടര്‍ന്നാണ്. നിക്കി ഹാലി ട്രംപുമായി വഴക്കിടാതെ സ്ഥലം വിട്ടെങ്കിലും അടുത്ത തിരഞ്ഞെടുപ്പില്‍ പ്രസിഡന്റ് സ്ഥാനത്തിനു വേണ്ടി പാര്‍ട്ടിയില്‍ മല്‍സരിച്ചേക്കുമെന്നാണു ശ്രുതി. അങ്ങനെ വന്നാല്‍ ഇന്ത്യന്‍ വംശജയായ ആദ്യത്തെ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയാവും നിക്കി ഹാലി. ട്രംപിന്റെ പല നയങ്ങളോടും ശക്തമായി യോജിച്ചയാളാണ് നിക്കി ഹാലി. പക്ഷേ, ഇറാന്‍ വിഷയം പോലുള്ള പ്രശ്‌നങ്ങളില്‍ പരസ്യമായിത്തന്നെ എതിര്‍പ്പു പ്രകടിപ്പിക്കുകയും ചെയ്തു.

RELATED STORIES

Share it
Top