നികുതി തട്ടിപ്പ്: ശ്രീവല്‍സം ഗ്രൂപ്പിന്റെ ആസ്തികള്‍ കണ്ടുകെട്ടി

തിരുവനന്തപുരം: നികുതി തട്ടിപ്പ് കേസില്‍ അന്വേഷണം നേരിടുന്ന ശ്രീവല്‍സം ഗ്രൂപ്പിന്റെ ആസ്തികള്‍ ആദായനികുതി വകുപ്പ് താല്‍ക്കാലികമായി കണ്ടുകെട്ടി. കേരളത്തിനകത്തും പുറത്തുമുള്ള 36 ആസ്തി വകകളാണ് ആദായനികുതി വകുപ്പ് കണ്ടുകെട്ടി ഉത്തരവിറക്കിയത്.
നികുതിവെട്ടിപ്പ് തടയുന്നതിനുള്ള പുതിയ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ആദായനികുതി വകുപ്പിന്റെ നടപടി. നികുതിവെട്ടിപ്പുകാരില്‍ പിടിമുറുക്കാന്‍ കഴിഞ്ഞവര്‍ഷം ആദായനികുതി നിയമത്തിലെ സെക്ഷന്‍ 132 9 ബിയില്‍ ഭേദഗതി വരുത്തിയിരുന്നു. നികുതി അടയ്ക്കാത്തവരുടെ ആസ്തി കണ്ടുകെട്ടാന്‍ വ്യവസ്ഥചെയ്യുന്ന ഈ പുതിയ നിയമമനുസരിച്ചുള്ള കേരളത്തിലെ ആദ്യ നടപടിയാണിത്. നാഗാലന്‍ഡിലെ മുന്‍ പോലിസ് ഉദ്യോഗസ്ഥനും ശ്രീവല്‍സം ഗ്രൂപ്പിന്റെ ഉടമയുമായ എം കെ ആര്‍ പിള്ള, ഭാര്യ വല്‍സല, മക്കളായ അരുണ്‍ രാജ്, വരുണ്‍ രാജ് എന്നിവരുടെ പേരിലുള്ള ആസ്തികളാണിത്.
നാഗാലാന്‍ഡിലെ സേവനത്തിനിടെ ബിനാമി ഇടപാടുകളിലൂടെ എം കെ ആര്‍ പിള്ള കോടികള്‍ കേരളത്തിലേക്ക് കടത്തിയെന്ന് ആദായനികുതി വകുപ്പ് കണ്ടെത്തിയിരുന്നു. നികുതിയും പിഴയും അടക്കം 288 കോടി രൂപ സര്‍ക്കാരിലേക്ക് അടയ്ക്കാന്‍ ആദായനികുതി വകുപ്പ് ഇയാളോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതുവരെ നികുതി അടയ്ക്കാത്ത സാഹചര്യത്തിലാണ് ഇപ്പോഴത്തെ നടപടി.RELATED STORIES

Share it
Top