നികുതിപിരിവ്: വാഴക്കാട് ഗ്രാമപ്പഞ്ചായത്തിന് അഭിമാന നേട്ടം

എടവണ്ണപ്പാറ: കുടിശ്ശികയുള്‍പ്പെടെ നികുതിയിനത്തില്‍ അടവാക്കേണ്ട മുഴുവന്‍ തുകയും പിരിച്ചെടുത്ത് വാഴക്കാട് ഗ്രാമപ്പഞ്ചായത്തിന് അഭിമാന നേട്ടം. ആര്‍ആര്‍, ജപ്തി, പ്രോസിക്യൂഷന്‍ നടപടികള്‍ ഒന്നും തന്നെയില്ലാതെ 7536882 രൂപയുടെ നികുതി പിരിച്ചെടുത്താണ് വാഴക്കാട് ഗ്രാമപ്പഞ്ചായത്ത് മാതൃകയായത്.
19 വാര്‍ഡുകളില്‍ നിന്നായി  നടപ്പുവര്‍ഷത്തിലെ 4671463 സംഖ്യയും മുന്‍ വര്‍ഷങ്ങളിലെ 2784861 സംഖ്യയുമടക്കമാണ്  മാര്‍ച്ച്  30നകം വാഴക്കാട് ഗ്രാമപ്പഞ്ചായത്ത് നികുതിയിനത്തില്‍ സ്വരൂപിച്ചത്. മലപ്പുറം ജില്ലയില്‍ 100% നികുതി പിരിച്ചെടുത്ത പഞ്ചായത്തുകളില്‍ പതിനാറാം സ്ഥാനത്താണ് വാഴക്കാട് ഗ്രാമപ്പഞ്ചായത്ത്. 23.07 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണവും മുപ്പത്താറായിരത്തോളം ജനസംഖ്യയുമുള്ള വാഴക്കാട് ഗ്രാമപ്പഞ്ചായത്ത് 20 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഈ നേട്ടം കൈവരിക്കുന്നത്. പഞ്ചായത്തിലെ ജനപ്രതിനിധികളും, പഞ്ചായത്ത് ജീവനക്കാരും, കുടുംബശ്രീആശാ വര്‍ക്കര്‍മാരും, വിവിധ വാര്‍ഡുകളിലെ പ്രമുഖ വ്യക്തികളും ഒറ്റകെട്ടായി ഒത്തു ചേര്‍ന്നാണ് വര്‍ഷങ്ങളോളമായി നിലനിന്നിരുന്ന നികുതിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പ്രശ്‌നങ്ങള്‍ പരിഹരിച്ച് 100% നികുതി പിരിച്ചെടുത്തിട്ടുള്ളത്.
പഞ്ചായത്തുമായും ജീവനക്കാരുമായും പൂര്‍ണമായി സഹകരിച്ച മുഴുവന്‍ ജനങ്ങളോടും എല്ലാ വിധ നന്ദിയും കടപ്പാടും ഭരണസമിതി അറിയിച്ചു. 2018-19 വര്‍ഷത്തില്‍ 181 പ്രോജെക്ടുകളിലായി 61034810 രൂപയുടെ പദ്ധതികള്‍ നടപ്പാക്കുന്നതിന് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരവും പഞ്ചായത്തിന് ലഭിച്ചു.

RELATED STORIES

Share it
Top