നികത്തിയ ഭൂമിയില്‍ നിര്‍മാണം; പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് അനുമതി നല്‍കാം

എം വി വീരാവുണ്ണി

പട്ടാമ്പി: 2008ലെ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം പ്രബാല്യത്തില്‍ വരുന്നതിന് മുമ്പ് നികത്തിയ ഭൂമികളില്‍ നിര്‍മാണ അനുമതി നല്‍കുന്നതിന് പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് അധികാരം നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കി. നേരത്തെ തണ്ണൂര്‍ത്തടം, നിലം, പാടം തുടങ്ങിയവ നികത്തിയ സ്ഥലത്ത് നിര്‍മാണ അനുമതി നല്‍കുന്നത് വില്ലേജ് ഓഫീസര്‍, കൃഷി ഓഫീസര്‍, തദ്ദേശ സ്വയംഭരണ വകുപ്പിന്റെ  സെക്രട്ടറി എന്നിവരടങ്ങിയ സംഘം പരിശോധന നടത്തിയ ശേഷമായിരുന്നു. എന്നാല്‍, ഇത് പ്രായോഗിക ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും നിരവധി അപേക്ഷകള്‍ കെട്ടികിടക്കുകയും ചെയ്യുന്നുണ്ടെന്ന ന്യായം പറഞ്ഞാണ് നികത്തിയ ഭൂമിയില്‍ കെട്ടിട നിര്‍മാണത്തിന് അനുമതി നല്‍കുന്നതിനും വീട് വച്ചവര്‍ക്ക് കെട്ടിട നമ്പര്‍ നല്‍കാനുമുള്ള അവകാശം തദ്ദേശ സ്വയം ഭരണ സെക്രട്ടിറിമാര്‍ക്ക് കൈമാറി സര്‍ക്കാര്‍ ഉത്തരവിറക്കിയത്.
റവന്യുരേഖയില്‍ പാടം, നിലം, തണ്ണീര്‍ത്തടം, വൈറ്റ് ലാന്റ്, നെല്‍വയല്‍ എന്നിങ്ങനെ രേഖപ്പെടുത്തിയിട്ടുള്ളതും എന്നാല്‍ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമപ്രകാരമുള്ള കരട് ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെടാത്തതുമായ ഭൂമിയിലെ നിര്‍മാണത്തിന് അനുമതി നല്‍കുന്നതിനാണ് സെക്രട്ടറിമാര്‍ക്ക് അധികാരം നല്‍കിയിരിക്കുന്നത്. നഗരസഭാ പരിധിയില്‍ അഞ്ചും, ഗ്രാമപ്പഞ്ചായത്തുകളില്‍ 10സെന്റ് വരെയുമുള്ള ഭൂമിയില്‍ വീട് നിര്‍മിക്കുന്നതിന് അനുമതി നല്‍കണം. കൂടാതെ, ഇത്തരം ഭൂമിയില്‍ നിലവില്‍ വീടുവച്ചവര്‍ക്ക് നമ്പര്‍ നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു.
അതേ സമയം, ലൈഫ് മിഷന്‍ പദ്ധതിക്കായി ഉപാധിയില്ലാതെ ആരെങ്കിലും ഭൂമിവിട്ടുനല്‍കിയിട്ടുണ്ടെങ്കില്‍ അവിടെ ഭൂപരിധിയില്ലാതെ നിര്‍മാണത്തിന് അനുമതി നല്‍കണമെന്നും ഉത്തരവിലുണ്ട്. ലൈഫ് മിഷന്‍ പദ്ധതിയില്‍ വീട് നിര്‍മാണം പ്രതിസന്ധിയായതോടെയാണ് സര്‍ക്കാര്‍ ഇളവ് അനുവദിച്ചതെന്നാണ് കരുതുന്നത്.
എന്നാല്‍, വീട് നിര്‍മാണത്തനുള്ള അനുമതി സെക്രട്ടറിമാര്‍ക്ക് മാത്രമായതോടെ ഭൂമാഫിയള്‍ക്കും ഗുണകരമായിട്ടുണ്ട്. നേരത്തെ ഇത്തരം മാഫിയകളുടെ കീഴിലായ ഭൂമിയില്‍ വീട് നിര്‍മിക്കുന്നതിനുള്ള അനുമതി കരസ്ഥമാക്കുന്നത് എളുപ്പമായിട്ടുണ്ട്. മുന്‍പ് മുന്ന് ഉദ്യോഗസ്ഥരെ കണ്ട് സമ്മര്‍ദ്ദം ചെലുത്തേണ്ട അവസ്ഥയില്‍ നിന്ന് ഒറ്റ ഉദ്യോഗസ്ഥനില്‍ സമ്മര്‍ദ്ദം ചെലുത്തിയാല്‍ മതിയെന്നതാണ് ഇവരെ സന്തോഷിപ്പിക്കുന്നത്.
മാത്രമല്ല, നെല്‍വയല്‍ തണ്ണീര്‍ത്തട ഡാറ്റയില്‍ ഉള്‍പ്പെടുന്ന സ്ഥലം പോലും നികത്തി വീട്‌നിര്‍മാണത്തിന് അനുമതി നല്‍കാനും ബിനാമികള്‍ മുഖാന്തരം സമ്മര്‍ദ്ദം ചെലുത്തുന്ന അവസ്ഥയുമുണ്ടാവുന്നുണ്ട്.
ഇതുതരണം ചെയ്യാന്‍ പല സെക്രട്ടിമാര്‍ക്കും സാധിക്കുന്നുമില്ല. ഫലത്തില്‍ തങ്ങള്‍ക്ക് ലഭിച്ച അധികാരം പൊല്ലാപ്പാവുമെന്ന ആശങ്കയിലാണ് ഉദ്യോഗസ്ഥര്‍.സംസ്ഥാനത്തെ ഓരോ തദ്ദേശ സ്വയംഭരണ വകുപ്പ് ഓഫീസിലും കഴിഞ്ഞ 2 വര്‍ഷത്തിനകം 100 കണക്കിന് അപേക്ഷകളാണ് തീര്‍പ്പാക്കാതെ കെട്ടിക്കിടക്കുന്നത്. അതേസമയം പുതിയ ഉത്തരവ് ലൈഫ് മിഷന്‍ അടക്കമുള്ള സര്‍ക്കാര്‍ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന പദ്ധതികള്‍ കാലതാമസം കൂടാതെ നടപ്പാക്കാന്‍ സാധിക്കുമെന്ന ആശ്വാസവുമുണ്ട്.

RELATED STORIES

Share it
Top