നാഷനല്‍ ഹെറാള്‍ഡ് കേസ്‌ : സോണിയാഗാന്ധിക്കും രാഹുലിനുമെതിരേ അന്വേഷണത്തിന് അനുമതിന്യൂഡല്‍ഹി: നാഷനല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്കും ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്കുമെതിരേ അന്വേഷണം നടത്താന്‍ ആദായനികുതി വകുപ്പിന് ഡല്‍ഹി ഹൈക്കോടതി അനുമതി നല്‍കി. ആദായനികുതി വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ട ഡല്‍ഹി പട്യാല ഹൗസ് കോടതി നടപടി ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജി തള്ളിക്കൊണ്ടാണ് ഡല്‍ഹി ഹൈക്കോടതി അന്വേഷണത്തിന് അനുമതി നല്‍കിയത്. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ യങ് ഇന്ത്യ നല്‍കിയ പരാതി പിന്‍വലിക്കുന്നതായി കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല വ്യക്തമാക്കി. യങ് ഇന്ത്യ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായിരുന്ന നാഷനല്‍ ഹെറാള്‍ഡ് പത്രത്തെ സംരക്ഷിക്കുന്നതിനു വേണ്ടി രൂപീകരിച്ചതായിരുന്നുവെന്നും സുര്‍ജേവാല പറഞ്ഞു.യങ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ ആദായനികുതി രേഖകള്‍ സമര്‍പ്പിക്കണമെന്നും ധാര്‍ഷ്ട്യം കാണിക്കരുതെന്നും ഹൈക്കോടതി ബെഞ്ച് നിര്‍ദേശിച്ചു. ബിജെപി നേതാവും രാജ്യസഭാ എംപിയുമായ സുബ്രഹ്മണ്യന്‍ സ്വാമി നല്‍കിയ കേസിലാണ് വിധി. കേസില്‍ സോണിയക്കും രാഹുലിനും പുറമെ മോത്തിലാല്‍ വോറ, ഓസ്‌കാര്‍ ഫെര്‍ണാണ്ടസ്, സാം പിട്രോഡ, സുമന്‍ ദബേ തുടങ്ങിയവരും പ്രതികളാണ്. അസോഷ്യേറ്റ് ജേണല്‍സ് എന്ന കമ്പനിയുടെ ആസ്തികള്‍ യങ് ഇന്ത്യ എന്ന പുതിയ കമ്പനിക്കു കൈമാറിയതില്‍ സാമ്പത്തിക തിരിമറിയും ക്രമക്കേടുമുണ്ടെന്നാണ് സുബ്രഹ്മണ്യന്‍ സ്വാമി നല്‍കിയ സ്വകാര്യ പരാതിയില്‍ പറയുന്നത്. അസോഷ്യേറ്റ് ജേണല്‍സിന്റെ  ഉടമസ്ഥതയിലുണ്ടായിരുന്ന നാഷനല്‍ ഹെറാള്‍ഡിന്റെ ഓഹരികള്‍ സോണിയാ ഗാന്ധിയും  രാഹുല്‍ ഗാന്ധിയും ഡയറക്ടര്‍മാരായ യങ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിലേക്കു മാറ്റിയതിനെക്കുറിച്ചും അസോഷ്യേറ്റ് ജേണല്‍സിന് കോണ്‍ഗ്രസ് പാര്‍ട്ടി 90 കോടി രൂപ പലിശരഹിത വായ്പ നല്‍കിയതിനെക്കുറിച്ചും ആദായനികുതി വകുപ്പ് ഇതിനോടകം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആദായനികുതി വകുപ്പിന്റെ അന്വേഷണം ചോദ്യം ചെയ്ത് യങ് ഇന്ത്യ കമ്പനിയാണ് ഡല്‍ഹി ഹൈക്കോടതിയില്‍ ഹരജി നല്‍കിയത്. സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച രേഖകള്‍ സമര്‍പ്പിക്കാന്‍ സോണിയാഗാന്ധിക്കും രാഹുല്‍ഗാന്ധിക്കും കമ്പനിയിലെ മറ്റ് ഉദ്യോഗസ്ഥര്‍ക്കും ആദായനികുതി വകുപ്പ് നോട്ടീസ് അയച്ചിരുന്നു. ഈ നടപടി ചോദ്യം ചെയ്താണ് സോണിയയും രാഹുലും ഉള്‍പ്പെടെയുള്ളവര്‍ ഹൈക്കോടതിയെ സമീപിച്ചത്. ജവഹര്‍ലാല്‍ നെഹ്‌റു സ്ഥാപിച്ച നാഷനല്‍ ഹെറാള്‍ഡ് പത്രത്തിന് 15 ദശലക്ഷം ഡോളറിന്റെ കടമുണ്ടെന്നു ചൂണ്ടിക്കാട്ടി 2008ല്‍ അടച്ചുപൂട്ടിയിരുന്നു. രാഹുല്‍ ഗാന്ധി സ്ഥാപിച്ച യങ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഫണ്ട് ഉപയോഗിച്ച് ഈ കടം തീര്‍ത്തുവെന്ന് ആരോപിച്ചായിരുന്നു സുബ്രഹ്മണ്യന്‍ സ്വാമിയുടെ പരാതി.

RELATED STORIES

Share it
Top