നാഷനല്‍ ഹെറാള്‍ഡ് അന്വേഷണം: സുബ്രഹ്മണ്യന്‍ സ്വാമി സ്വാധീനിക്കുന്നു: കോണ്‍ഗ്രസ്‌

ന്യൂഡല്‍ഹി: ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി സമൂഹിക മാധ്യമങ്ങളിലൂടെ നാഷനല്‍ ഹെറാള്‍ഡ് കേസിന്റെ അന്വേഷണത്തെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നതായി കോണ്‍ഗ്രസ് നേതാവ് മോത്തിലാല്‍ വോറ. ഡല്‍ഹി അഡീഷനല്‍ ചീഫ് മെട്രോ പൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയിലാണു വോറ ആരോപണം ഉന്നയിച്ചത്. സമൂഹിക മാധ്യമങ്ങളില്‍ കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സ്വാമി ട്വീറ്റ് ചെയ്യുന്നതു തടയണമെന്നും കോടതിയില്‍ വോറ ആവശ്യപ്പെട്ടു.
കേസുമായി ബന്ധപ്പെട്ട ദൈനംദിന കാര്യങ്ങള്‍ സ്വാമി സമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും ഇതുവഴി കുറ്റാരോപിതരെ മോശക്കാരായി ചിത്രീകരിക്കുകയും കോടതി നടപടികളെ ആക്ഷേപിക്കുകയാണു ചെയ്യുന്നതെന്നും വോറ പറഞ്ഞു. കേസിലെ കുറ്റാരോപിതരെ വ്യക്തിഹത്യ നടത്താനാണു സമൂഹിക മാധ്യമങ്ങളിലൂടെ സ്വാമി ശ്രമിക്കുന്നത്. കുറ്റാരോപിതരുടെ അഭിഭാഷകരെയും സ്വാമി അപമാനിക്കാന്‍ ശ്രമിക്കുന്നു. കേസന്വേഷണത്തെ സ്വാധീനിക്കാനാണ് ഇത്തരം ഇടപെടലുകളിലൂടെ ശ്രമിക്കുന്നതെന്നും വോറ ആരോപിച്ചു.
നാഷനല്‍ ഹെറാള്‍ഡ് പത്രത്തെ ഉടമസ്ഥരായ അസോഷ്യേറ്റഡ് ജേണല്‍സ് ലിമിറ്റഡില്‍ നിന്നു രാഹുലും സോണിയാഗാന്ധിയും ഏറ്റെടുത്തിരുന്നു. ഇതിന് പിന്നില്‍ വന്‍ സാമ്പത്തിക ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്നാണ് ആരോപണം. ഇതേത്തുടര്‍ന്നു കമ്പനിയുടെ നികുതിയിടപാടുകള്‍ അന്വേഷിക്കാന്‍ ആദായ നികുതി വകുപ്പ് തീരുമാനിക്കുകയായിരുന്നു.
പത്രം ഏറ്റെടുത്ത 2011-12 സാമ്പത്തിക വര്‍ഷത്തെ വരുമാനം സംബന്ധിച്ച് സോണിയയും രാഹുലും കൃത്യമായ കണക്കുകള്‍ പുറത്തുവിട്ടില്ലെന്ന് ആരോപിച്ച് സുബ്രഹ്മണ്യന്‍ സ്വാമിയാണ് കേസ് ഫയല്‍ ചെയ്തത്.

RELATED STORIES

Share it
Top