നാഷനല്‍ മെഡിക്കല്‍ കമ്മീഷന്‍ ബില്ലിനെതിരേ ധര്‍ണ

കോഴിക്കോട്: അടുത്ത ആഴ്ച പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ പോകുന്ന മെഡിക്കല്‍ കമ്മീഷന്‍ ബില്ലിനെതിരെ മെഡിക്കല്‍ കോളജ് കവാടത്തില്‍ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ഡോക്ടര്‍മാര്‍ ധര്‍ണ്ണ നടത്തി. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍, കേരള ഗവ. മെഡിക്കല്‍ കോളജ് ടീച്ചേഴ്‌സ് അസോസിയേഷന്‍, കേരള ഗവ. മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍, ക്വാളിഫൈഡ് മെഡിക്കല്‍ പ്രാക്ടീഷനേഴ്‌സ് അസോസിയേഷന്‍ എന്നീ സംഘടനകളുടെ സംയുക്ത ആഭിമുഖ്യത്തിലാണ് സമരം നടത്തിയത്. നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ ബില്ല് പാസ്സാകുന്ന പക്ഷം പൊതുമേഖലയിലെ ആതുരസേവന രംഗത്തിന്റെ തകര്‍ച്ചക്കിടയാക്കുമെന്നും സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകള്‍ ഇല്ലാതാകുന്ന അവസ്ഥ സംജാതമാകുന്നതോടെ ആരോഗ്യരംഗം കുത്തകകളുടെ കൈകളിലെത്തുമെന്നും സാധാരണക്കാരായ മനുഷ്യര്‍ക്ക് ഭരണഘടന വിഭാവനം ചെയ്യുന്ന മൗലികാവകാശം നിഷേധിക്കപ്പെടുമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. അഖിലേന്ത്യ തലത്തിലുള്ള പ്രക്ഷോഭത്തിന്റെ ഭാഗമായാണ് കോഴിക്കോട് മെഡിക്കല്‍ കോളജിലും സമരം സംഘടിപ്പിച്ചതെന്നും കേന്ദ്ര സര്‍ക്കാര്‍ ഈ ബില്ല് അവതരിപ്പിക്കുന്നത് മാറ്റിവെക്കണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു. ഐഎംഎ പ്രസിഡണ്ട് ഡോ. റോയ് ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഡോ. കെ വി രാജു, ഡോ. പ്രദീപ് കുമാര്‍, ഡോ. സി എം അബൂബക്കര്‍ ,ഡോ .ബാലകൃഷ്ണന്‍ സംസാരിച്ചു.

RELATED STORIES

Share it
Top