നാഷനല്‍ മെഡിക്കല്‍ കമ്മീഷന് എതിരേ പ്രക്ഷോഭം ശക്തമാവുന്നു

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ അശാസ്ത്രീയമായ രീതിയില്‍ നടപ്പാക്കാന്‍ ശ്രമിക്കുന്ന നാഷനല്‍ മെഡിക്കല്‍ കമ്മീഷനെതിരേ ഐഎംഎ സമരം ശക്തമാക്കുന്നു. പ്രതിഷേധത്തിന്റെ ഭാഗമായി ഡോക്ടര്‍മാരുടെ മഹാപഞ്ചായത്ത് ഈമാസം 25ന് ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി ഇന്റര്‍നാഷനല്‍ സ്‌റ്റേഡിയത്തില്‍ നടക്കും.
മഹാപഞ്ചായത്തില്‍ രാജ്യത്തെ ഡോക്ടര്‍മാരും മെഡിക്ക ല്‍ വിദ്യാര്‍ഥികളുമടക്കം 50,000 പേര്‍ പങ്കെടുക്കും. കേരളത്തില്‍ നിന്നും 1500ഓളം പേര്‍ സമരത്തില്‍ പങ്കെടുക്കും. ഇതിലേക്കുള്ള ആദ്യ സംഘം 21ന് പുറപ്പെടും. ആദ്യ സംഘത്തിന് ഐഎംഎ സംസ്ഥാന ഘടകം ഉച്ചയ്ക്ക് 2ന് തമ്പാനൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ യാത്രയയപ്പ് നല്‍കും. സംസ്ഥാന പ്രസിഡന്റ് ഡോ. ഇ കെ ഉമ്മര്‍, സെക്രട്ടറി ഡോ. എന്‍ സുല്‍ഫി എന്നിവരുടെ നേതൃത്വത്തിലാണ് യാത്രയയപ്പ് നല്‍കുക. ഐഎംഎ സംസ്ഥാന ഘടകത്തിന്റെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാര്‍ 24ന് തിരിക്കും.
മഹാപഞ്ചായത്തിന് മുന്നോടിയായി ഐഎംഎ ദേശീയ പ്രസിഡന്റ് ഡോ. രവി വങ്കടേക്കറിന്റെ നേതൃത്വത്തില്‍ രാജ്യമാകെ ദേശീയജാഥ നടത്തിയിരുന്നു. ജനാധിപത്യപരമായ പ്രാതിനിധ്യം ഉണ്ടായിരുന്ന ഭരണനിര്‍വാഹക സമിതിയെ പൂര്‍ണമായും ഒഴിവാക്കിക്കൊണ്ട് സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്യുന്ന അംഗങ്ങളെ മാത്രം ഉള്‍ക്കൊള്ളിച്ചുള്ള നാഷനല്‍ മെഡിക്കല്‍ ബില്ല് വന്‍ അഴിമതിക്ക് വഴിതെളിയിക്കും. ബ്രിഡ്ജ് കോഴ്‌സുവഴി വ്യാജ വൈദ്യന്‍മാരെ സൃഷ്ടിക്കാനുള്ള നടപടി രാജ്യത്തിന്റെ ആരോഗ്യമേഖലയുടെ പുരോഗതിക്ക് വന്‍ തിരിച്ചടിയാവും.
മെഡിക്കല്‍ വിദ്യാഭ്യാസം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് വീണ്ടും ലൈസന്‍സ് പരീക്ഷ നടപ്പാക്കുന്നത് കച്ചവട താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ്. ഇത്തരം വിവിധ പ്രശ്‌നങ്ങള്‍ എന്‍എംസി ബില്ലില്‍ നിന്നും മാറ്റണമെന്നാവശ്യപ്പെട്ടാണ് ഐഎംഎ ദേശീയതലത്തില്‍ പ്രക്ഷോഭം നടത്തുന്നതെന്ന് സംസ്ഥാന ഭാരവാഹികള്‍ അറിയിച്ചു.

RELATED STORIES

Share it
Top