നാഷനല്‍ അഗ്രിഫെസ്റ്റ്: രാഷ്ട്രീയ തേജോവധം അനുവദിക്കില്ലെന്ന്

കല്‍പ്പറ്റ: മാനന്തവാടിയില്‍ നടന്ന നാഷനല്‍ അഗ്രിഫെസ്റ്റുമായി ബന്ധപ്പെട്ട് ഒ ആര്‍ കേളു എംഎല്‍എയുടെ നേതൃത്വത്തില്‍ നടത്തുന്ന ഗൂഢാലോചന വിലപ്പോവില്ലെന്നും ഡിസിസി ജനറല്‍ സെക്രട്ടറി എം ജി ബിജുവിനെ തേജോവധം ചെയ്യാനുള്ള ശ്രമം ഒറ്റക്കെട്ടായി നേരിടാനും ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ബോഡി യോഗം തീരുമാനിച്ചു. നാഷനല്‍ അഗ്രിഫെസ്റ്റുമായി ബന്ധപ്പെട്ട് 20 ലക്ഷം രൂപയാണ് സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് അനുവദിച്ചത്. ഇതില്‍ 10 ലക്ഷം രൂപ യുവജന ക്ഷേമ ബോര്‍ഡ് നേരിട്ടാണ് ചെലവഴിച്ചത്. ബാക്കി 10 ലക്ഷം രൂപയുടെ ചെക്കാണ് അനുവദിച്ചത്. അത് നാഷനല്‍ ഫെസ്റ്റിന്റെ ജോയിന്റ് അക്കൗണ്ടില്‍ നിക്ഷേപിച്ചിട്ടുണ്ട്. ബാക്കി ചെലവുകള്‍ മേല്‍ അക്കൗണ്ടില്‍ നിന്നാണ് നടത്തിയിട്ടുള്ളത്. 25 സബ് കമ്മിറ്റികളാണ് പരിപാടികള്‍ നിയന്ത്രിച്ചത്. കലക്ടര്‍ കണ്‍വീനറായും സബ് കലക്ടര്‍ വര്‍ക്കിങ് കണ്‍വീനറുമായാണ് സംഘാടക സമിതി രൂപീകരിച്ചത്. എല്ലാ കമ്മിറ്റികളുടെയും കണ്‍വീനര്‍മാര്‍ ജില്ലാതല ഉദ്യോഗസ്ഥന്മാരുമായിരുന്നു. സങ്കുചിത രാഷ്ട്രീയ താല്‍പര്യത്തിന്റെ പേരില്‍ ഒറ്റതിരിഞ്ഞ് അക്രമിക്കാന്‍ അനുവദിക്കില്ലെന്നും യോഗം അറിയിച്ചു.   രാഹുല്‍ ഗാന്ധി എഐസിസി അധ്യക്ഷനായി ചുമതലയേല്‍ക്കുന്ന 16നു മണ്ഡലം തലത്തില്‍ ആഹ്ലാദപ്രകടനം നടത്താനും യോഗം തീരുമാനിച്ചു. ഡിസിസി പ്രസിഡന്റ് ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. പി വി ബാലചന്ദ്രന്‍, കെ എല്‍ പൗലോസ്, കെ സി റോസക്കുട്ടി, പി പി ആലി, കെ കെ അബ്രാഹം സംസാരിച്ചു.

RELATED STORIES

Share it
Top