നാശനഷ്ടം വ്യാപകം; ഏറനാട് താലൂക്കില്‍ ജനജീവിതം സാധാരണ ഗതിയിലേക്ക്

മഞ്ചേരി: കനത്തു പെയ്ത മഴയും വെള്ളപ്പൊക്കവും നാശം വിതച്ച മഞ്ചേരി നഗരത്തിലും സമീപ ഗ്രാമങ്ങളിലും ജനജീവിതം സാധാരണ നിലയിലേക്കെത്തിതുടങ്ങി. മഴയുടെ ശക്തി കുറഞ്ഞതോടെ താഴ്ന്ന പ്രദേശങ്ങളിലെ വെള്ളക്കെട്ട് കുറഞ്ഞുതുടങ്ങിയിട്ടുണ്ട്. വെള്ളം കയറിയതിനെ തുടര്‍ന്ന് മാറ്റിപാര്‍പ്പിച്ച കുടുംബങ്ങളെ വീടുകളില്‍ പുനരധിവസിപ്പിച്ചു. ഏറനാട് താലൂക്കില്‍ മണ്ണിടിഞ്ഞും വെള്ളം കയറിയും 11 വീടുകള്‍ക്ക് ഭാഗിക നാശമുണ്ടായി. 10 ലക്ഷത്തിലധികം രൂപയുടെ കാര്‍ഷിക നഷ്ടവും റിപോര്‍ട്ടു ചെയ്തു.വെള്ളപ്പൊക്കബാധിത പ്രദേശമായ മഞ്ചേരി അയനിക്കുത്ത് കോളനിയിലെ ഏഴു കുടുംബങ്ങളെ വീടുകളിലേക്ക് തിരിച്ചെത്തിച്ചു. മണ്ണിടിഞ്ഞു വീടുകള്‍ ഭാഗികമായി തകര്‍ന്ന ഭാഗങ്ങളിലും രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായി. ഉരുള്‍പൊട്ടലുണ്ടായ പെരകമണ്ണ വില്ലേജില്‍ ആറു വീടുകള്‍ ഭാഗികമായി നശിച്ചു. ഹാറൂണ്‍ റഷീദ്, പി കെ ആമിര്‍, കളത്തില്‍ ജാഫറലി, നഫീസ തേവശ്ശേരി, കുമ്പളവന്‍ കറുപ്പന്‍, മുരടന്‍ ചാത്തന്‍ തുടങ്ങിയവരുടെ വീടുകളാണ് നശിച്ചത്. നറുകര വില്ലേജില്‍ മംഗലശ്ശേരി ഫൈസലിന്റെ വീടിന് രണ്ടുലക്ഷം രൂപയുടെ നഷ്ടമാണുണ്ടായത്. ആനക്കയം കോട്ടമ്മല്‍ അബ്ദുള്‍റസാഖിന്റെ വീട്ടില്‍ മണ്ണിടിഞ്ഞുവീണു. 10,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. പാപ്പിനിപ്പാറ കൈതക്കോടന്‍ അബൂബക്കറിന്റെ വീടിനും മണ്ണിടിച്ചിലില്‍ തകരാറു സംഭവിച്ചു. 10,000 രൂപ നഷ്ടമാണുണ്ടായത്. എളങ്കൂര്‍ വില്ലേജില്‍ ചീരാന്തൊടിക ആയിഷയുടെ നിര്‍മാണത്തിലിരിക്കുന്ന വീടിനും തകരാറുണ്ടായി. 35,000 രൂപയുടെ നഷ്ടമാണുണ്ടായത്. പുല്‍പറ്റ പൂക്കൊളത്തൂര്‍ വേലായുധന്റെ വീടിന് 30,000 രൂപയുടെ നാശനഷ്ടം സംഭവിച്ചു. മംഗലന്‍ ആമിനയുടെ കിണറിടിഞ്ഞു താഴ്ന്ന സംഭവത്തില്‍ 20,000 രൂപയുടെ നഷ്ടമാണ് കണക്കാക്കിയത്. വെറ്റിലപ്പാറ കാട്ടുങ്ങല്‍ ജയ്‌സന്റെ വീടിന്റെ അടുക്കള മണ്ണിടിഞ്ഞുവീണു തകര്‍ന്നു. 30,000 രൂപ നഷ്ടം കണക്കാക്കുന്നു. ഇവിടെ ഡെയ്‌സണ്‍ എന്നയാളുടെ വീടിനുണ്ടായ നാശ നഷ്ടം 30,000 രൂപയും കണക്കാക്കിയതായി തലൂക്ക് ഓഫി അധികൃതര്‍ അറിയിച്ചു.13 ലക്ഷം രൂപയുടെ കൃഷിനഷ്ടമുണ്ടായതായാണ് പ്രാഥമിക വിലയിരുത്തല്‍.

RELATED STORIES

Share it
Top