നാശം വിതച്ച് തിത്‌ലി; ആന്ധ്രയില്‍ എട്ടു മരണം

ന്യൂഡല്‍ഹി: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട തിത്‌ലി ചുഴലിക്കാറ്റ് ഒഡീഷ, ആന്ധ്ര തീരത്തെത്തി. മണിക്കൂറില്‍ 165 കിലോമീറ്റര്‍ വേഗത്തില്‍ വീശുന്ന കാറ്റ് ഇരുസംസ്ഥാനങ്ങളിലും കനത്ത നാശനഷ്ടങ്ങള്‍ വിതച്ചു. ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ വിവിധ അപകടങ്ങളില്‍ ആന്ധ്രയില്‍ എട്ടുപേര്‍ മരിച്ചു.
ഇന്നലെ പുലര്‍ച്ചെ ഗോപാല്‍പൂര്‍ മേഖലയിലേക്കാണ് കാറ്റ് ആദ്യമെത്തിയത്. ഒഡീഷയില്‍ നിന്ന് മൂന്നു ലക്ഷത്തോളം ആളുകളെ ഒഴിപ്പിച്ചിരുന്നു. ഇതുമൂലം വലിയ ദുരന്തം ഒഴിവായി. സംസ്ഥാനത്ത് മരണം റിപോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ദുരന്തനിവാരണ ഉദ്യോഗസ്ഥന്‍ ബി പി സേതി പറഞ്ഞു. വൈദ്യുതി, ടെലിഫോണ്‍ ബന്ധം വിച്ഛേദിക്കപ്പെട്ടു. ഒഡീഷയ്ക്കും ആന്ധ്രയ്ക്കുമിടയിലെ ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി. ഗഞ്ജം, ഗജപതി പ്രദേശങ്ങളെയാണ് കാറ്റ് കൂടുതലായി ബാധിച്ചിരിക്കുന്നത്. പുരി, ഖുര്‍ദ, ജഗദ്‌സിങ്പുര്‍ എന്നിവിടങ്ങളില്‍ ശക്തമായ മഴ പെയ്യുന്നുണ്ട്.
തിത്‌ലി ചുഴലിക്കാറ്റ് ആന്ധ്രയിലും കനത്ത നാശനഷ്ടം വിതച്ചു. സംസ്ഥാനത്ത് ഇതിനകം എട്ടുപേര്‍ മരിച്ചതായാണു റിപോര്‍ട്ട്. വ്യാഴാഴ്ച പുലര്‍ച്ചെ തുടങ്ങിയ ചുഴലിക്കാറ്റില്‍ ആന്ധ്രയിലെ ശ്രീകാകുളം, വിജയനഗരം ജില്ലകളിലാണ് മരണം റിപോര്‍ട്ട് ചെയ്തത്. രണ്ടു സംസ്ഥാനങ്ങളിലും ഗതാഗതം തടസ്സപ്പെട്ടു. നിരവധി ട്രെയിനുകളും വിമാന സര്‍വീസുകളും റദ്ദാക്കി. പരദീപ് തുറമുഖത്തിന്റെ പ്രവര്‍ത്തനവും തടസ്സപ്പെട്ടു.
ആന്ധ്രയില്‍ മിക്കയിടത്തും ഇലക്ട്രിക് പോസ്റ്റുകള്‍ മറിഞ്ഞുവീണതിനെ തുടര്‍ന്ന് വൈദ്യുതിബന്ധം പൂര്‍ണമായും നിലച്ചു. അഞ്ചു ലക്ഷം പേര്‍ ഇരുട്ടിലാണെന്ന് ശ്രീകാകുളം ജില്ലാ ഭരണകൂട മേധാവി കെ ധനഞ്ജയ റെഡ്ഡി പറഞ്ഞു. ഉച്ചയ്ക്കുശേഷം കാറ്റിന്റെ വേഗം കുറഞ്ഞിട്ടുണ്ട്. ഇന്നു രാവിലെയോടെ കാറ്റ് ദുര്‍ബലമാവുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

RELATED STORIES

Share it
Top