നാശംവിതച്ച് കാറ്റും മഴയും

നരിക്കുനി: കഴിഞ്ഞ ദിവസം രാത്രിയില്‍ വീശിയടിച്ച കാറ്റിലും ശക്തമായ മഴയിലും നാടെങ്ങും വന്‍ നാശനഷ്ടം. മരം വീണ് വീടുകള്‍ക്കും വൈദ്യുതി ലൈനുകളിലും നാശമുണ്ടായി. കാറ്റില്‍ വാഴയും മരച്ചീനിയുള്‍പ്പെടെയുള്ള കാര്‍ഷികവിളകളും നശിച്ചു. മടവൂര്‍ സബ് സ്റ്റേഷന് കീഴിലെ വിവിധ ഫീഡറുകളില്‍ വൈദ്യുതിബന്ധം താറുമാറായി.
നരിക്കുനി ഗ്രാമപ്പഞ്ചായത്തിലെ കാവുംപൊയില്‍ വെളുപ്പാല്‍ സൗമിനിയുടെ വീടിന് മുകളില്‍ തെങ്ങ് വീണു. മേല്‍ക്കൂര ഭാഗികമായി തകര്‍ന്നു. മടവൂര്‍ ഗ്രാമപഞ്ചായത്തിലെ പുന്നടിച്ചാല്‍ വീരേന്ദ്രന്റെ വീടിന് മുകളില്‍ മരം വീണു.
മേല്‍ക്കൂര ഭാഗികമായി തകര്‍ന്നു. അരീക്കല്‍ അഖിലേഷിന്റെ വീടിന്ന് മുന്നില്‍ തെങ്ങു വീണു. ഗ്രാമീണ റോഡുകള്‍ ശക്തമായ മലവെള്ളപ്പാച്ചിലില്‍ ഒലിച്ചുപോയി. നരിക്കുനി പള്ള്യാറക്കോട്ടക്ക് സമീപം റോഡ് ചെളിക്കളമായി.
കാക്കൂര്‍ ഗ്രാമപ്പഞ്ചായത്തില്‍ കാറ്റില്‍ മരങ്ങള്‍ വീണ്ട് 4 വീടുകള്‍ തകര്‍ന്നു. കാക്കൂരിലും രാമല്ലൂരിലും പി സി പാലത്തും നിരവധി കര്‍ഷകരുടെ കാര്‍ഷികവിളകളും നശിച്ചു. നരിക്കുനി കെ എസ് ഇ ബി സെക്ഷന് കീഴില്‍ കാറ്റില്‍ മരങ്ങള്‍ വീണ് നിരവധി വൈദ്യുതി തൂണൂകളും ലൈനുകളും തകര്‍ന്നു. ബൈത്തുല്‍ ഇസ്സക്ക് സമീപം കാറ്റില്‍ മരം വീണ്ട് പത്തോളം ഇലക്ട്രിക് പോസ്റ്റുകളാണ് തകര്‍ന്നത്.
എച്ച്ടി ലൈന്‍ ഉള്‍പ്പെടെ കടന്ന് പോകുന്ന ഈ പോസ്റ്റുകള്‍ പുനസ്ഥാപിക്കാനും വൈദ്യുതി ബന്ധം സുഗമമാക്കാനും കെഎസ്ഇബി അധികൃതര്‍ പ്രയാസപ്പെട്ടു.

RELATED STORIES

Share it
Top