നാവിക അക്കാദമി കുടിവെള്ള പദ്ധതിക്ക് 44 കോടി അനുവദിച്ചു

പഴയങ്ങാടി: കല്യാശ്ശേരി മണ്ഡലത്തില്‍ ജപ്പാന്‍ കുടിവെള്ള പദ്ധതിയില്‍  ഉള്‍പ്പെടാത്ത ചെറുതാഴം, കുഞ്ഞിമംഗലം പഞ്ചായത്തുകള്‍ക്ക് സമഗ്രമായ കുടിവെള്ള പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ഇതിനായി 44 കോടി രൂപ അനുവദിച്ചു. ഇരു പഞ്ചായത്തുകളിലെയും സ്ഥിതിഗതികള്‍ ചൂണ്ടിക്കാട്ടി സ്ഥലം എംഎല്‍എ നേരത്തെ സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. കൂടാതെ, കഴിഞ്ഞ ബജറ്റ് വേളയില്‍ പ്രത്യേകം ആവശ്യപ്പെടുകയും ചെയ്തു.
ബജറ്റിന്റെ മറുപടി പ്രസംഗത്തില്‍ ഈ ആവശ്യം പരിഗണിക്കാന്‍ സര്‍ക്കാര്‍ തയ്യാറായി. ചെറുതാഴം-കുഞ്ഞിമംഗലം നാവിക അക്കാദമി കുടിവെള്ള പദ്ധതിക്ക് 44 കോടി രൂപ ധനകാര്യമന്ത്രി ഡോ. തോമസ് ഐസക് പ്രഖ്യാപിച്ചു. എന്നാല്‍ ചില സാങ്കേതിക കാരണങ്ങളാല്‍ പദ്ധതി നീണ്ടുപോയി. തുടര്‍ന്ന് ഈ വിഷയം  മുഖ്യമന്ത്രിയുടെയും ധനവകുപ്പ്, കുടിവെള്ള വകുപ്പ് മന്ത്രിമാരുടെയും ശ്രദ്ധയില്‍പ്പെടുത്തി. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് പദ്ധതിക്ക് 44 കോടി രൂപ അനുവദിച്ചത്.
ചെറുതാഴം, കുഞ്ഞിമംഗലം നിവാസികളുടെ കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ ഈ പദ്ധതി വലിയൊരളവില്‍ ഉപകാരമാവുമെന്നാണ് വിലയിരുത്തല്‍.

RELATED STORIES

Share it
Top