നാളികേരത്തിന്റെ മൂല്യവര്‍ധിത ഉല്‍പന്ന സാധ്യത ഉപയോഗപ്പെടുത്തണം: മന്ത്രി

തിരുവല്ല: നാളീകേരത്തില്‍ നിന്ന് മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്നതിനുള്ള വലിയ സാധ്യത വന്‍വ്യവസായികള്‍ കൈയടക്കും മുമ്പ് കേരളത്തിലെ കൃഷിക്കാര്‍ ഈ രംഗത്തേക്ക് കടന്നുവരണമെന്ന് മന്ത്രി വി എസ് സുനില്‍ കുമാര്‍.  കേരഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം നിരണത്ത് നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
നാളീകേരത്തില്‍ നിന്നും മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്നതിനാവശ്യമായ സാങ്കേതികവിദ്യ കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ നല്‍കും. സാങ്കേതികവിദ്യ ചെലവേറിയതായതിനാല്‍  കര്‍ഷകര്‍ക്ക് നേരിട്ട് വാങ്ങുന്നതിന് സാധിക്കില്ല. ഇതിനാവശ്യമായ ബജറ്റ് പ്രൊവിഷന്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. കാര്‍ഷിക മേഖലയുടെ വളര്‍ച്ചയ്ക്കായി വിവിധ പദ്ധതികളും വകുപ്പുകളും തമ്മില്‍ ഏകോപിപ്പിച്ച് പ്രവര്‍ത്തിക്കുമെന്നും മന്ത്രി പറഞ്ഞു.
പച്ചക്കറി വിലയുടെ കാര്യത്തില്‍  ഇടപെടാന്‍  കൃഷി വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. സാധാരണയില്‍നിന്നു വ്യത്യസ്തമായി പച്ചക്കറി വില വര്‍ധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. ഇതിന്റെ ഭാഗമായി ജനതകിറ്റ് പുറത്തിറക്കാന്‍ ഹോര്‍ട്ടികോര്‍പ്പിന് നിര്‍ദേശം നല്‍കി. ഒരു വീട്ടിലേക്കാവശ്യമായ പച്ചക്കറി 50 രൂപയുടേയും 100 രൂപയുടേയും കിറ്റുകളാക്കി ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാന കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് ഡയറക്ടര്‍ എ എം സുനില്‍കുമാര്‍, പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഈപ്പന്‍ കുര്യന്‍, നിരണം ഗ്രാമപഞ്ചായത്ത്  പ്രസിഡന്റ് ലത പ്രസാദ്, ജില്ലാ പഞ്ചായത്തംഗം സാം ഈപ്പന്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ഷൈല ജോസഫ്, കൃഷി അസി. ഡയറക്ടര്‍ ജോയിസി കെ കോശി, നിരണം കൃഷി ഓഫീസര്‍ മനു നരേന്ദ്രന്‍ പങ്കെടുത്തു.

RELATED STORIES

Share it
Top