നാലു മെഡിക്കല്‍ കോളജുകളുടെ പ്രവേശനാനുമതി റദ്ദാക്കി

ന്യൂഡല്‍ഹി: കേരളത്തിലെ നാലു സ്വകാര്യ മെഡിക്കല്‍ കോളജുകള്‍ ഹൈക്കോടതി വിധിയിലൂടെ നേടിയ പ്രവേശനാനുമതി സുപ്രിംകോടതി റദ്ദാക്കി. കേരള ഹൈക്കോടതി വിധിക്കെതിരേ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ നല്‍കിയ ഹരജിയിലാണ് സുപ്രിംകോടതിയുടെ നടപടി.
അല്‍ അസര്‍ മെഡിക്കല്‍ കോളജ് തൊടുപുഴ, ഡിഎം വയനാട് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്, പാലക്കാട്ടെ പികെ ദാസ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്, വാണിയംകുളം, എസ്ആര്‍ മെഡിക്കല്‍ കോളജ് വര്‍ക്കല എന്നിവയ്‌ക്കെതിരേയാണ് മെഡിക്കല്‍ കൗണ്‍സില്‍ സുപ്രിംകോടതിയെ സമീപിച്ചിരുന്നത്.
മെഡിക്കല്‍ കോളജിന് ആവശ്യമായ ചട്ടപ്രകാരമുള്ള സൗകര്യങ്ങളില്ലെന്നു ചൂണ്ടിക്കാട്ടി മെഡിക്കല്‍ കൗണ്‍സില്‍ ഈ കോളജുകള്‍ക്ക് പ്രവേശനാനുമതി നിഷേധിച്ചിരുന്നു. എന്നാല്‍, മെഡിക്കല്‍ കൗണ്‍സിലിന്റെ നടപടിക്കെതിരേ കോളജുകള്‍ ഹൈക്കോടതിയെ സമീപിച്ച് ആഗസ്ത് 30ന് പ്രവേശനാനുമതി നേടിയെടുത്തു. ഇതു ചോദ്യം ചെയ്താണ് മെഡിക്കല്‍ കൗണ്‍സില്‍ സുപ്രിംകോടതിയെ സമീപിച്ചത്. കേസില്‍ വാദം കേട്ട കോടതി സപ്തംബര്‍ 26ന് വിധി പറയാനായി മാറ്റുകയായിരുന്നു. ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, വിനീത് ശരണ്‍ എന്നിവരടങ്ങിയ ബെഞ്ചാണ് കേസില്‍ വിധി പറഞ്ഞത്.
എസ്ആര്‍ മെഡിക്കല്‍ കോളജിലെ 100 സീറ്റും മറ്റു മൂന്ന് കോളജുകളിലെ 150 സീറ്റും അടക്കം 550 സീറ്റിലേക്ക് ഈ വര്‍ഷത്തേക്കുള്ള പ്രവേശനാനുമതിയാണ് കോടതി റദ്ദാക്കിയത്. വിധിക്കെതിരേ പുനപ്പരിശോധനാ ഹരജി നല്‍കാനാവും. എന്നാല്‍, ഇതേ ബെഞ്ച് തന്നെയാവും പുനപ്പരിശോധനാ ഹരജിയും പരിഗണിക്കുക.

RELATED STORIES

Share it
Top