നാലുവരിപ്പാത: സര്‍വേ നടപടികള്‍ തുടങ്ങി

മാനന്തവാടി: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ കണക്ടിവിറ്റി പാക്കേജില്‍ ഉള്‍പ്പെടുത്തിയ മാനന്തവാടി-മട്ടന്നൂര്‍ നാലുവരിപ്പാതയുടെ സര്‍വേ നടപടികള്‍ തുടങ്ങി. ചെന്നൈ ആസ്ഥാനമായുള്ള 'കനി'യാണ് സര്‍വേ ടെന്‍ഡറെടുത്തത്. മാനന്തവാടിയില്‍ നിന്നു ബോയ്‌സ് ടൗണ്‍, പേരാവൂര്‍, മാലൂര്‍, ശിവപുരം വഴി മട്ടന്നൂരില്‍ എത്തിച്ചേരുന്ന നിലവിലെ റോഡ് വീതികൂട്ടി നാലുവരിപ്പാത നിര്‍മിക്കാന്‍ ആവശ്യമായ സ്ഥലം ഏറ്റെടുക്കുന്നതിന്റെ ഭാഗമായാണ് സര്‍വേ.
ഏകദേശം 65 കിലോമീറ്ററാണ് ദൂരം കണക്കാക്കിയിരിക്കുന്നത്. നിലവിലുള്ള റോഡ് നാലുവരിയാക്കുന്നതിനായി 25 മീറ്ററോളം വീതി വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. സ്‌കൂളുകള്‍, ആരാധനാലയങ്ങള്‍ തുടങ്ങിയവ സംരക്ഷിക്കുന്ന വിധത്തിലായിരിക്കും പാത നിര്‍മിക്കുക. റോഡിന്റെ ലൊക്കേഷനെടുത്ത് ഏറ്റവും കുറവ് ദൂരവും മറ്റ് സൗകര്യങ്ങളും കണ്ടെത്തും.
സാറ്റലൈറ്റ് സംവിധാനം ഉള്‍പ്പെടെ ഉപയോഗിച്ചാണ് സര്‍വേ നടത്തുക. ചുരം ഭാഗത്ത് വീതി കൂട്ടാന്‍ വനംവകുപ്പിന്റെ സ്ഥലം ആവശ്യമായി വരുന്നതിനാല്‍ നിലവിലുള്ള റോഡില്‍ നിന്നു ഫ്‌ളൈ ഓവറുകള്‍ നിര്‍മിക്കുകയെന്ന നിര്‍ദേശമാണ് മുന്നോട്ടുവച്ചിരിക്കുന്നത്. മുകള്‍ഭാഗത്ത് ആവശ്യത്തിനു വീതികൂട്ടി റോഡാക്കി ഉപയോഗിക്കാനാണ് എസ്റ്റിമേറ്റ് തയ്യറാക്കിയത്. 22 ലക്ഷം രൂപയാണ് സര്‍വേയ്ക്ക് വേണ്ടി സര്‍ക്കാര്‍ ചെലവഴിക്കുന്നത്.
പാത കടന്നുപോവുന്ന ഭാഗങ്ങളിലെ കുടുംബങ്ങളെയും വ്യാപാരികളെയും പുനരധിവസിപ്പിക്കുന്ന തരത്തിലാണ് പാക്കേജ്. 917 കോടി രൂപ ഭൂമി ഏറ്റെടുക്കുന്നതിനും 413 കോടി രൂപ റോഡ് നിര്‍മാണത്തിനുമാണ് പ്രാഥമിക എസ്റ്റിമേറ്റില്‍ കണക്കാക്കിയത്. പാത വരുന്നതോടെ വയനാട്ടില്‍ നിന്ന് കണ്ണൂര്‍ ജില്ലയുമായി എളുപ്പത്തിലെത്താന്‍ കഴിയും.

RELATED STORIES

Share it
Top