നാലുമാസത്തിനിടെ എക്‌സൈസിന്റെ പിടിയിലായത് 29 ഓളം പേര്‍

കരുനാഗപ്പള്ളി: പുതു തലമുറയെ വലവീശി പിടിച്ച് താലൂക്കിന്റെ വിവിധ പ്രദേശങ്ങളില്‍ കഞ്ചാവ് മാഫിയ സംഘം സജീവം.കഴിഞ്ഞ നാല് മാസത്തിനിടയില്‍ കരുനാഗപ്പള്ളി എക്‌സൈസ് റെയ്ഞ്ച് ഓഫിസിന്റെ പരിധിയില്‍ 29 ഓളം കഞ്ചാവ് കടത്തുകാരാണ് പിടിയിലായത്.  കൊലക്കേസ് പ്രതികള്‍ മുതല്‍ വില്‍പ്പന രംഗത്തെ പിടികിട്ടാ പുള്ളികള്‍ വരെയാണ് എക്‌സൈസിന്റെ പിടിയില്‍ വീണത്. ഇവരില്‍ നിന്നും 20 കിലോയോളം കഞ്ചാവാണ് പിടികൂടിയത്. സ്‌കൂള്‍ കോളജ് വിദ്യാര്‍ഥികള്‍ മുതല്‍ കോളനികള്‍ വരെ കഞ്ചാവ് കടത്തുകാരുടെയും വില്‍പ്പനക്കാരുടെയും താവളങ്ങളായിരുന്നു.ദേശീയപാത കേന്ദ്രികരിച്ചു കഞ്ചാവ് കച്ചവടം നടത്തി വന്നിരുന്ന ആണ്ടാമുക്കം സ്വദേശി ഉണ്ണി, മുംബൈ അധോലോകവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന എഴുകോണ്‍ സ്വദേശി രാജേഷ്, സ്‌കൂള്‍ കുട്ടികളെയും കോളജ് കുട്ടികളെയും മാത്രം ലക്ഷ്യമാക്കി കഞ്ചാവ് കച്ചവടം നടത്തിയിരുന്ന 19 വയസ്സുകാരന്‍ വട്ടത്തറ ഷാനവാസ്, ചെങ്കല്‍ചൂള സ്വദേശി ശാലു, പന്‍മന സ്വദേശി പൂങ്കാവനം അന്‍സില്‍, കോയിവിള സ്വദേശി ക്രിസ്റ്റി ജോണ്‍(19), കൊല്ലം ജില്ലയില്‍ കഞ്ചാവ് എത്തിക്കുന്നതിലെ പ്രധാനകണ്ണി ഇടുക്കി വട്ടവട സ്വദേശി അളകേശന്‍(42), കൊല്ലം ജില്ലയിലെ കോളേജുകള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് കച്ചവടം നടത്തുന്ന കടയ്ക്കല്‍ സ്വദേശികളായ വിഷ്ണു(28),അനീഷ്(30), നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി കൃഷ്ണപുരം ഞക്കനാല്‍ സ്വദേശി ഗുണ്ട ഷിബു (24),  പോലിസിനെ ആക്രമിച്ച കേസിലെ പ്രതി ചേന്നല്ലൂര്‍ തറയില്‍ ഓച്ചിറ മേമന സ്വദേശി മുഹമ്മദ് ഷെഫീഖ്, ആരിസ് മുഹമ്മദ്,  മോഷണം ഉള്‍പ്പടെ ഒട്ടേറെ ക്രിമിനല്‍ കേസുകളിലെ പ്രതി ചെറിയഴീക്കല്‍ സ്വദേശി ഡ്യൂക്ക് രമേശ് (25) എന്നിവരാണ് കഴിഞ്ഞ നാലു മാസത്തിനിടയില്‍ കരുനാഗപ്പള്ളി എക്‌സൈസ് റെയ്ഞ്ച് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്ത പ്രധാനപ്പെട്ട കഞ്ചാവ് കടത്തുകാര്‍.മദ്യ ഉപയോഗത്തേക്കാള്‍ ചെറുപ്പക്കാര്‍ ഇപ്പോള്‍ ആശ്രയിക്കുന്നത് കഞ്ചാവ് ഉള്‍പ്പടെയുള്ള മറ്റ് ലഹരി വസ്തുക്കളെയാണ്. ജില്ലയില്‍ കഞ്ചാവ് കൃഷി നടത്താന്‍ കഴിയാതെ വന്നതോടെ ഇതര സംസ്ഥാനങ്ങളിലേക്ക് കുടിയേറിയ മാഫിയ സംഘങ്ങള്‍ ലഹരി വസ്തുക്കള്‍ കടത്താന്‍ ഉപയോഗിക്കുന്നത്  16 -25 നും  ഇടയില്‍ പ്രായമുള്ളവരെയാണ്.
പിടിയിലാകുന്നവരില്‍ അധികവും വിദ്യാര്‍ഥികളും യുവാക്കളുമാണെന്ന് പോലിസും എക്‌സൈസ് ഉദ്യോഗസ്ഥരും വ്യക്താമക്കുന്നു.  ഇരകളാകുന്നവര്‍ക്ക്  ലഭിക്കുന്നത് തുച്ഛമായ തുകയാണെന്ന് പിടിക്കപ്പെടുന്നവര്‍ പറയുന്നത് . തിരഞ്ഞെടുക്കപ്പെടുന്നവരില്‍ അധികവും ലഹരിക്ക് അടിമയാവുകയാണ് പതിവ്. തമിഴ്‌നാട്ടിലെ അതിര്‍ത്തി ഗ്രാമമായ കമ്പത്തും തേനിയിലുമായി കഞ്ചാവ് സ്‌റ്റോക്ക് ചെയ്തിരിക്കുകയാണെന്നണ് സുചന. ഇതിനായി വന്‍ മാഫിയ സംഘം തന്നെയാണ് പ്രവര്‍ത്തിക്കുന്നത്. ഇവിടെ നിന്നും ആര്‍ക്ക് വേണമെങ്കിലും യഥേഷ്ടം കഞ്ചാവ് ലഭിക്കും. ഒരു കിലോയ്ക്ക്  5000 മുതല്‍ 6000 രൂപ വരെയാണ് വില. കേരളത്തിന്റെ വിധ ഭാഗങ്ങളില്‍ എത്തുമ്പോള്‍  15000 രൂപ വരെയാകും. ചെറുപൊതികളിലാക്കി വില്‍ക്കുമ്പോള്‍ 30000 രൂപ വരെയാണ് കച്ചവടക്കാര്‍ക്ക് ലഭിക്കുന്നത്.
ആന്ധ്രയിലെ ഉള്‍ക്കാടുകളിലാണ് കഞ്ചാവ് കൃഷി വ്യാപകമായി നടത്തുന്നത്. കൗമാരക്കാരണ് കഞ്ചാവ് വാങ്ങന്‍ എത്തുന്നതില്‍ അധികവും. എറണാകുളം, കോട്ടയം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ നിന്നുള്ള വിദ്യാര്‍ഥികളെ കഞ്ചാവ് തിരുകിയ ബീഡി നല്‍കി അടിമയാക്കിയ ശേഷം കച്ചവടത്തിനായി ഇവരെ ഉപയോഗിക്കുന്നതാണ് പതിവ്. ജില്ലയില്‍ ഈ വര്‍ഷം നിരവധി കേസുകളാണ് എക്‌സൈസും പോലിസും രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അതോടെപ്പം മയക്കുമരുന്ന് ഉപയോഗം പതിന്‍മടങ്ങ് വര്‍ധിച്ചതായാണ് റിപോര്‍ട്ട്. വാഹന പരിശോധനകളില്‍ കഞ്ചാവ് ഉപയോഗിച്ച വരെ കണ്ടെത്തുക ബുദ്ധിമുട്ടാണ്.  പൊതികളിലാക്കിയാണ് കച്ചവടക്കാര്‍ ആവശ്യക്കാര്‍ക്ക് എത്തിച്ച് നല്‍കുന്നത്. അതീവ രഹസ്യമായിട്ടാണ് കച്ചവടമെല്ലാം നടത്തുന്നത്. ഇരട്ട പേരുകളിലും ചില രഹസ്യ കോഡുകളിലുമാണ് ഇവരെ തിരിച്ചറിയുന്നത്.

RELATED STORIES

Share it
Top