നാലംഗ അന്തര്‍സംസ്ഥാന മോഷണസംഘം അറസ്റ്റില്‍ഇരിട്ടി: നാലാംഗ അന്തര്‍സംസ്ഥാന മോഷണസംഘത്തെ പേരട്ടയില്‍വച്ച് ഉളിക്കല്‍ പോലിസ് അറസ്റ്റ് ചെയ്തു. കവര്‍ച്ചയ്ക്കുള്ള യാത്രയ്ക്കിടെയാണ് കുപ്രസിദ്ധ മോഷ്ടാവ് കോഴിക്കോട് പെരുവണ്ണാമുഴിയിലെ പനയ്ക്കല്‍ ചന്ദ്രന്‍ ഉള്‍പ്പെടെ നാലുപേര്‍ ഇന്നലെ പുലര്‍ച്ചെ പോലിസ് വലയിലായത്. ഇവര്‍ സഞ്ചരിച്ച പിക്കപ്പ് വാനും കസ്റ്റഡിയിലെടുത്തു. കേരളത്തിലും കര്‍ണാടകത്തിലുമായി നിരവധി കവര്‍ച്ചക്കേസുകളില്‍ പ്രതിയാണ് ചന്ദ്രന്‍. നിലമ്പൂര്‍ ഏലഞ്ചേരി ചെമ്പകശ്ശേരി ഹൗസില്‍ ജിമ്മി (42), മുഴക്കുന്ന് പഞ്ചായത്തിലെ അയ്യപ്പന്‍കാവ് സ്വദേശി അരയാക്കൂല്‍ ഹൗസില്‍ അബ്ദുന്നിസാര്‍ എന്ന ഷൈക്ക് നാസര്‍ (47), പേരട്ട തൊട്ടിപ്പാലം സ്വദേശി സൈദ് (28) എന്നിവരെയുമാണ് ഉളിക്കല്‍ പ്രിന്‍സിപ്പല്‍ എസ്‌ഐ ശിവന്‍ ചോടോത്തും സംഘവും അറസ്റ്റ് ചെയ്തത്. വീരാജ്‌പേട്ടയിലെ ഒരു മോഷണക്കേസില്‍ കര്‍ണാടക പോലിസ് പിടികൂടി മൈസൂരു ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയായിരുന്ന ചന്ദ്രന്‍ ഒരാഴ്ച മുമ്പാണ് പുറത്തിറങ്ങിയത്. നിരവധി കേസുകളില്‍ ഇയാള്‍ക്ക് ഇപ്പേഴും വാറന്റുണ്ട്. ജിമ്മി നിലമ്പൂര്‍, മലപ്പുറം തുടങ്ങിയ പോലിസ് സ്റ്റേഷനുകളില്‍ മോഷണക്കേസില്‍ പ്രതിയാണ്. അറസ്റ്റിലായ നാലുപേരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

RELATED STORIES

Share it
Top