നായ്ക്കളുടെ കടിയേറ്റ് വീട്ടമ്മ മരിച്ചു

വൈത്തിരി: വളര്‍ത്തുനായ്ക്കളുടെ ആക്രമണത്തില്‍ പരിക്കേറ്റ വീട്ടമ്മ മരിച്ചു. ചാരിറ്റിയില്‍ അംബേദ്കര്‍ കോളനിയിലെ പരേതനായ ബല്‍രാജിന്റെ ഭാര്യ രാജമ്മ (59) യാണ് നായ്ക്കളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. വീടിന് സമീപത്തെ തോട്ടത്തില്‍ വിറക് ശേഖരിക്കുന്നതിനിടെ സമീപത്തെ കാരിക്കല്‍ ജോസ് എന്ന വ്യക്തിയുടെ വീട്ടിലെ രണ്ട് വളര്‍ത്തുനായ്ക്കള്‍ രാജമ്മയെ ആക്രമിക്കുകയായിരുന്നു. റോട്ട്‌വീലര്‍ ഇനത്തില്‍പെട്ട നായ്ക്കളാണ് ആക്രമിച്ചത്. തലയ്ക്കും, കൈക്കും ഗുരുതരമായ കടിയേറ്റ രാജമ്മയെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചുവെങ്കിലും ഉച്ചയോടെ മരിക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് നായകളുടെ ഉടമസ്ഥന്‍ ജോസിനെതിരെ വൈത്തിരി പോലിസ് കേസെടുത്തു.രണ്ടു കൈകളിലെയും മാംസം നായ്ക്കള്‍ കടിച്ചു തിന്നതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. തമിഴ്‌നാട് സ്വദേശിയായ രാജമ്മ വയനാട്ടിലേക്ക് കുടിയേറി വര്‍ഷങ്ങളായി വൈത്തിരി ചാരിറ്റിയിലാണ് നാലു മക്കളോടൊപ്പം താമസിക്കുന്നത്. ഭര്‍ത്താവ് ബല്‍രാജ് നേരത്തെ മരിച്ചതാണ്. നിര്‍ധന കുടുംബമായ ഇവര്‍ തൊഴിലുറപ്പ് ജോലി ചെയ്താണ് ജീവിച്ചു വന്നിരുന്നത്. ആക്രമണത്തിനിരയായ ഉടനെ രാജമ്മയെ വൈത്തിരി താലൂക്കാശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജാശുപത്രിയിലും പ്രവേശിപ്പിച്ചു. ഉച്ചയ്ക്ക് ശേഷം മെഡിക്കല്‍ കോളജാശുപത്രിയില്‍ വച്ചാണ് മരിച്ചത്. വളര്‍ത്തുനായ്ക്കളില്‍ ഏറ്റവും ആക്രമണ സ്വഭാവമുള്ളതാണ് റോട്ട്‌വീലര്‍ നായ്ക്കള്‍. ആക്രമണ സ്വഭാവം കൂടുതല്‍ ഉള്ളതിനാല്‍ റുമേനിയ, സ്‌പെയിന്‍, ഫ്രാന്‍സ്, ഇറ്റലി തുടങ്ങിയ രാജ്യങ്ങളില്‍ ഈ ഇനത്തെ വളര്‍ത്തുന്നത് നിരോധിച്ചതാണ്. ഇന്ത്യയില്‍ ചെന്നൈയിലും ബംഗളൂരുവിലും മുമ്പ് റോട്ട്‌വീലര്‍ നായ്ക്കളുടെ ആക്രമണത്തില്‍ മനുഷ്യര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

RELATED STORIES

Share it
Top