നാനോ മാര്‍ക്കറ്റ് പ്രദര്‍ശന വിപണന പദ്ധതിയുമായി കുടുംബശ്രീ

പാലക്കാട്: നാനോ മാര്‍ക്കറ്റ് പ്രദര്‍ശന വിപണന പദ്ധതിയിലൂടെ ഗുണമേന്മയുള്ള കുടുംബശ്രീ ഉത്പന്നങ്ങള്‍ നമ്മുടെ കൈയെത്തും ദൂരത്ത് എത്തിക്കാനുള്ള ശ്രമത്തിലാണ് കുടുംബശ്രീ. സ്ഥിരമായ വിതരണ ശൃംഖലയില്ലാത്തതാണ് ഗുണനിലവാരമുള്ള നാടന്‍ ഉത്പന്നങ്ങള്‍ ഉണ്ടാക്കുന്ന കുടുംബശ്രീ സംരംഭകര്‍ നേരിടുന്ന പ്രധാന പ്രതിസന്ധി. അത് മറികടക്കാനായി കുടുംബശ്രീ പാലക്കാട് ജില്ലാ മിഷന്‍ ജില്ലയില്‍ തുടക്കം കുറിച്ച പദ്ധതിയാണ് നാനോ മാര്‍ക്കറ്റ്.
പദ്ധതി സംസ്ഥാന ഗവര്‍മെന്റ് ഏറ്റെടുക്കുകയും  ഈ സാമ്പത്തിക വര്‍ഷം  550 നാനോ മാര്‍ക്കറ്റ് കൗണ്ടറുകള്‍ ആരംഭിക്കുന്നതിന് ബജറ്റില്‍ 30 ലക്ഷത്തോളം രൂപ വകയിരുത്തുകയും ചെയ്തു. സ്വകാര്യ സൂപ്പര്‍ മാര്‍ക്കറ്റുകള്‍, പൊതു വിപണന കേന്ദ്രങ്ങള്‍,  പ്രധാന സര്‍ക്കാര്‍ ഓഫീസുകള്‍ എന്നിവിടങ്ങളില്‍ കുടുംബശ്രീ ഉത്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കാനും  വിപണനം ചെയ്യാനും സാധിക്കുന്ന  ഒരു കൗണ്ടര്‍ ലഭ്യമാക്കുക എന്നതാണ് നാനോ മാര്‍ക്കറ്റ് പദ്ധതി. ജില്ലയിലെ പ്രധാന കുടുംബശ്രീ ഉത്പന്നങ്ങള്‍ നാനോ മാര്‍ക്കറ്റുകളില്‍ എത്തിക്കും. ആദ്യഘട്ടത്തില്‍ എല്ലാ പഞ്ചായത്തുകളിലും മുന്‍സിപ്പാലിറ്റികളിലും ഓരോ നാനോ മാര്‍ക്കറ്റ് വീതം സ്ഥാപിക്കാനാണ് ജില്ലാ മിഷന്‍ തീരുമാനിച്ചിരിക്കുന്നത്. കൂടാതെ 50 നാനോ മാര്‍ക്കറ്റ് കൗണ്ടറുകള്‍ തുടങ്ങുന്നതിന് പാലക്കാട് ജില്ലാ മിഷനും തുക വകയിരുത്തിയിട്ടുണ്ട്.
എല്ലാ നാനോ മാര്‍ക്കറ്റ്  കൗണ്ടറുകളിലും കുറഞ്ഞത് 20 കുടുംബശ്രീ ഉത്പന്നങ്ങളെങ്കിലും ലഭ്യമാക്കുന്ന രീതിയിലാണ് പദ്ധതി നടപ്പിലാക്കുന്നത്. മേളകളില്‍ മാത്രം ലഭിച്ചിരുന്ന വിവിധയിനം അച്ചാറുകള്‍, പുട്ടുപൊടി, പത്തിരിപ്പൊടി, ബിസ്‌കറ്റുകള്‍, ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കുമുള്ള പോഷകാഹാരങ്ങള്‍, കൊണ്ടാട്ടങ്ങള്‍, കരകൗശല വസ്തുക്കള്‍, ആഭരണങ്ങള്‍, സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ തുടങ്ങിയ ഗുണമേന്മയുള്ള കുടുംബശ്രീ ഉത്പന്നങ്ങള്‍ ജില്ലയിലെ എല്ലായിടത്തും സ്ഥിരമായി ലഭ്യമാകും എന്നതാണ് നാനോ മാര്‍ക്കറ്റ് പദ്ധതിയുടെ പ്രാധാന്യം.
നെന്മാറ, തൃത്താല, പറളി എന്നീ പഞ്ചായത്തുകളിലായി ജില്ലയില്‍ മൂന്ന് നാനോ മാര്‍ക്കറ്റുകള്‍ ഇതിനകം  പ്രവര്‍ത്തനമാരംഭിച്ചു. ജൂലൈ മാസത്തില്‍ പത്ത് നാനോ മാര്‍ക്കറ്റ് കൗണ്ടറുകള്‍ കൂടി പ്രവര്‍ത്തനക്ഷമമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലാണ്. ഓഗസ്റ്റ് മാസത്തോടു കൂടി 100 നാനോ മാര്‍ക്കറ്റുകള്‍ ആരംഭിക്കുമെന്ന് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പി സൈതലവി അറിയിച്ചു. നെന്മാറയിലും പറളിയിലും സ്വകാര്യ സൂപ്പര്‍മാര്‍ക്കറ്റുകളിലും തൃത്താലയില്‍ നീതി സ്‌റ്റോറിലുമാണ് നാനോ മാര്‍ക്കറ്റ് സജ്ജമാക്കിയിരിക്കുന്നത്.
രണ്ടാം ഘട്ടത്തില്‍ കുടുംബശ്രീയുടെ എല്ലാ ഉത്പന്നങ്ങളും ബാര്‍കോഡ് ചെയ്ത് ഓട്ടോമാറ്റിക് ബില്ലിംഗ് സംവിധാനത്തിലൂടെ വില്പന നടത്താനാണ് ജില്ലാ മിഷന്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ആദ്യ പടിയായി പൂര്‍ണ്ണമായും ബാര്‍കോഡ് ചെയ്ത സംസ്ഥാനത്തെ  ആദ്യത്തെ നാനോ മാര്‍ക്കറ്റ് കൗണ്ടര്‍ നെന്മാറയില്‍ പ്രവര്‍ത്തനമാരംഭിച്ചു. നെന്മാറയിലുള്ള ഫ്രഷ് ആന്റ് മോര്‍ സൂപ്പര്‍ മാര്‍ക്കറ്റിലാണ് കുടുംബശ്രീ നാനോ മാര്‍ക്കറ്റ് തുടങ്ങിയിരിക്കുന്നത്. നെന്മാറ പഞ്ചായത്ത് പ്രസിഡന്റ്‌കെ പ്രേമന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഉഷ രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു.

RELATED STORIES

Share it
Top