നാദിയ വെറുമൊരു പേരല്ല; അവസാനിക്കാത്ത പോരാട്ടമാണ്

ബഗ്ദാദ്: നാദിയ എന്നത് വെറുമൊരു പേരല്ല. യുദ്ധമുഖത്തും സംഘര്‍ഷങ്ങളിലും കൊടിയ പീഡനങ്ങള്‍ക്കും ലൈംഗികാതിക്രമങ്ങള്‍ക്കും ഇരയാവുന്ന സ്ത്രീകളുടെ പ്രതിനിധിയും അതിനെതിരായ പോരാട്ടത്തിന്റെ ഊര്‍ജങ്ങളിലൊന്നുമാണ്. ലൈംഗികാതിക്രമങ്ങളെ യുദ്ധമുറയായി ഉപയോഗിക്കുന്നതിനെതിരായ നാദിയയുടെ പ്രവര്‍ത്തനങ്ങളെ മുന്‍നിര്‍ത്തി ഈ വര്‍ഷത്തെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം നാദിയയെ തേടിയെത്തിയതും അതുകൊണ്ടാണ്.
23കാരിയായ നാദിയ ഇറാഖിലെ സിന്‍ജാറിനു സമീപം കൊച്ചൊ ഗ്രാമവാസിയും യസീദി വിഭാഗക്കാരിയുമാണ്. ഐഎസ് നടത്തിയ ആക്രമണത്തില്‍ ഗ്രാമത്തിലെ നിരവധി പുരുഷന്‍മാര്‍ കൊല്ലപ്പെട്ടിരുന്നു. സ്ത്രീകളെയും പെണ്‍കുട്ടികളെയും തട്ടിക്കൊണ്ടുപോയി സായുധര്‍ ആവര്‍ത്തിച്ച് മാനഭംഗത്തിനിരയാക്കി. രക്ഷപ്പെടാനുള്ള നാദിയയുടെ ശ്രമം സായുധര്‍ കൈയോടെപിടികൂടിയപ്പോള്‍ നേരിടേണ്ടിവന്നത് കൊടിയ പീഡനങ്ങളായിരുന്നു. ബോധം നഷ്ടമായിട്ടും ആറുപേര്‍ ചേര്‍ന്ന് ക്രൂരമായി ബലാല്‍സംഗം ചെയ്തു. ലൈംഗിക അടിമയാക്കി വച്ച നാദിയയെ പിന്നീട് മൊസൂളിലെ അടിമച്ചന്തയില്‍ വില്‍ക്കുകയും വാങ്ങുകയും ചെയ്തു. തടവിലാക്കപ്പെട്ട വീട്ടിലെ ജനാല വഴി രക്ഷപ്പെട്ട നാദിയയ്ക്കു മറ്റൊരു മുസ്‌ലിം കുടുംബമാണു രക്ഷകരായത്. ഐഎസിന്റെ കണ്ണുവെട്ടിച്ച് അവര്‍ നാദിയയെ സാഹസികമായി കുര്‍ദിസ്ഥാനിലെത്തിച്ചു. പിന്നീട് ജര്‍മനിയിലേക്ക് രക്ഷപ്പെടുകയായിരുന്നു.
രക്ഷപ്പെട്ട ശേഷം യുദ്ധത്തില്‍ ഇരകളായവര്‍ക്കു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ സജീവമായി. മനുഷ്യാവകാശപ്രവര്‍ത്തക എന്ന നിലയില്‍ യുഎന്‍ ഗുഡ് വില്‍ അംബാസഡറാണ് നാദിയ.

RELATED STORIES

Share it
Top