നാദാപുരത്ത് ബോംബ്: കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ അന്വേഷണം ആരംഭിച്ചു

നാദാപുരം: ആവോലം റോഡില്‍ ഐഇഡി ബോംബ് കണ്ടെത്തിയ സംഭവത്തില്‍ കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ അന്വേഷണം ആരംഭിച്ചു. ബുധനാഴ്ച്ച ഉച്ചയോടെയാണ് ഇന്റലിജന്‍സ് ബ്യൂറോയിലെ മൂന്നംഗ സംഘം നാദാപുരത്തെത്തിയത്. സ്‌റ്റേഷനിലെത്തിയ ഉദ്യോഗസ്ഥര്‍ ബോംബ് സ്‌ക്വാഡ് അധികൃതരുമായും  പോലിസുകാരുമായി ചര്‍ച്ചകള്‍ നടത്തി. ബോംബ് കണ്ടെത്തിയ ആവോലം അയ്യപ്പ ക്ഷേത്രത്തിന് സമീപത്തെ റോഡിലും സംഘം സന്ദര്‍ശനം നടത്തി.നാദാപുരം ഡിവൈഎസ്പി വി കെ രാജുവിന്റെ മേല്‍ നോട്ടത്തില്‍ കണ്‍ട്രോള്‍ റൂം ഡിവൈഎസ്പി പി കെ സന്തോഷും സംഘവുമാണ് കേസ് അന്വേഷിക്കുന്നത്. 2012 മുതലാണ് മേഖലയിലെ കല്ലാച്ചി,നാദാപുരം,തൂണേരി എന്നിവിടങ്ങളില്‍ നിന്നായി ഐഇഡി ബോംബിന്റെ വ്യാജ പതിപ്പുകള്‍ റോഡരികിലും,കടകള്‍ക്ക് മുന്നിലും മറ്റുമായി കാണപ്പെട്ടിരുന്നത്. ഇതിനിടയിലാണ് ചൊവ്വാഴ്ച രാവിലെ ഏഴ് മണിയോടെ ആവോലം അമ്പലത്തിനടുത്ത് ബോംബ് കണ്ടെത്തിയത്. ഉത്തരേന്ത്യയില്‍ മാവോവാദികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഉപയോഗിക്കുന്ന ബോംബ് കണ്ടെത്തിയ സംഭവം ഏറെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.

RELATED STORIES

Share it
Top