നാദാപുരത്ത് ഐഇഡി ബോംബ്: എന്‍ഐഎ അന്വേഷണം തുടങ്ങി

നാദാപുരം: നാദാപുരത്ത് രണ്ടിങ്ങളില്‍ നിന്നായി ഐഇഡി ബോംബുകള്‍ കണ്ടെത്തിയ സംഭവത്തില്‍ നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി(എന്‍ഐഎ) അന്വേഷണം തുടങ്ങി. കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് ആവോലം അയ്യപ്പഭജനമഠത്തിന് സമീപത്തും കല്ലാച്ചി ആര്‍എസ്എസ് ഓഫിസ് പരിസരത്തും ഐഇഡി ബോംബുകള്‍ കണ്ടെത്തിയത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മുമ്പ് നടന്ന സ്‌ഫോടന സംഭവങ്ങളില്‍ ഉപയോഗിച്ച ഐഇഡി ബോംബുകളുമായി സാമ്യമുള്ളതായിരുന്നു നാദാപുരത്ത് കണ്ടെത്തിയ ബോംംബുകള്‍. ഇതിന്റെ അടിസ്ഥാനത്തിലാണ് കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി എന്‍ഐഎഹൈദരാബാദ് യൂനിറ്റില്‍ നിന്നുള്ള സംഘം നാദാപുരത്ത് എത്തിയത്. 2018 ഏപ്രില്‍ 17 നാണ് നാദാപുരം കല്ലാച്ചി കോടതി റോഡിലെ ആര്‍എസ്എസ് കാര്യാലയത്തിന്റെ മുറ്റത്തു നിന്നും ഐഇഡി ബോംബ് കണ്ടെത്തിയത്. തൊട്ടുമുമ്പ് 2018 ഏപ്രില്‍ അഞ്ചിന് ആവോലം റോഡിലെ അയ്യപ്പ ക്ഷേത്രത്തിനു മുന്‍വശത്തു നിന്നുമാണ് ബോംബുകള്‍ കണ്ടെത്തിയത്. നാദാപുരം കണ്‍ട്രോള്‍ റൂം സിഐയായിരുന്ന പി കെ സന്തോഷ് ആണ് കേസ് അന്വേഷിച്ചിരുന്നത്.
നിലവില്‍ കേസന്വേഷണത്തില്‍ പുരോഗതി ഉണ്ടായതായി ഉന്നത പൊലിസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഐഇഡി ബോംബുകള്‍ കണ്ടെത്തിയതിന്റെ പശ്ചാത്തലത്തില്‍ ഉത്തരമേഖലാ ഐജി നാദാപുരം സന്ദര്‍ശിച്ചിരുന്നു.
ഈ സംഭവം അതീവ ഗൗരവമുള്ളതാണെന്നും കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ ശ്രദ്ധയില്‍ സംഭവംപെട്ടതായും ഐ ജി ബല്‍റാം കുമാര്‍ ഉപാധ്യായ അന്ന് പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് എന്‍ഐഎ സംഘം നാദാപുരത്തെത്തി സംഭവ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നത്. റീചാര്‍ജബില്‍ ബാറ്ററി, സര്‍ക്യൂട്ട് ബോര്‍ഡ്, ടൈമര്‍, വെടിമരുന്ന്, തിരി, ഇലക്ട്രിക് വയറുകള്‍ എന്നിവ പിവിസി പൈപ്പുകളുമായി ഘടിപ്പിച്ച നിലയിലായിരുന്നു ഐഇഡി ബോംബുകള്‍ ഉണ്ടായിരുന്നത്.

RELATED STORIES

Share it
Top