നാദാപുരം റോഡ്-റെയില്‍വേ അടിപ്പാത നിര്‍മാണം: 1ന് ബഹുജന കണ്‍വന്‍ഷന്‍

വടകര: നാദാപുരം റോഡ് അടിപ്പാത നിര്‍മാണത്തിന്റെ സാമ്പത്തിക സമാഹരണം, സംഘടന രൂപീകരണം എന്നിവ സംബന്ധിച്ച് ആലോചിക്കുന്നതിനും കമ്മിറ്റി രൂപീകരണത്തിനുമായി ജൂലൈ 1ന് വൈകീട്ട് 4 മണിക്ക് മടപ്പള്ളി ഗവ. ബോയ്‌സ് ഹൈസ്‌കൂള്‍ ഹാളില്‍ ബഹുജന കണ്‍വന്‍ഷന്‍ നടക്കുമെന്ന് റെയില്‍വേ അടിപ്പാത നിര്‍മാണ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കണ്‍വന്‍ഷനില്‍ ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, സാമൂഹ്യ പ്രവര്‍ത്തകര്‍, പൗര പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
നാദാപരും റോഡ് റെയില്‍വേ സ്റ്റേഷന്റെ കിഴക്കും പടിഞ്ഞാറുമുള്ള റോഡികള്‍ ബന്ധിപ്പിക്കാന്‍ കഴിയും വിധം ഒരു റെയില്‍വേ പാസ്സേജ് പ്രദേശിവാസികളുടെ ദീര്‍ഘകാലത്തെ ആവശ്യമായിരുന്നു. മടപ്പള്ളി കോളജ്, കാരക്കാട് പ്രദേശത്ത് സ്ഥിതി ചെയ്യുന്ന രണ്ട് ഗവ. ഹൈസ്‌കൂളുകള്‍, ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി എന്നീ സ്ഥാപനങ്ങളുമായി ബന്ധപ്പെടുന്ന വിദ്യാര്‍ഥികള്‍, ജീവനക്കാര്‍, തൊഴിലാളികള്‍ എല്ലാ കൈനാട്ടി വഴി സഞ്ചരിച്ചാണ് റെയിലിന് കിഴക്ക് വശത്തും വെള്ളികുളങ്ങരയിലും എത്തിച്ചേരാന്‍. അതേപോലെ വെള്ളികുളങ്ങര മില്‍ക്ക് സൊസൈറ്റി, ഓര്‍ക്കാട്ടേരി കമ്മ്യൂണിറ്റി സെന്റര്‍ എന്നിവിടങ്ങളിലേക്കുമുള്ള യാത്രയും സമാനമാണ്.
മാത്രമല്ല കാരക്കാട് പെയിന്‍ ആന്റ് പാലിയേറ്റീവ് കെയറിന്റെ പ്രവര്‍ത്തന കേന്ദ്രം നാദാപുരം റോഡ്, മടപ്പള്ളി, വെള്ളികുളങ്ങര, കൊളങ്ങാട്ടു താഴ പ്രദേശങ്ങളിലാണ്. കാരക്കാട് പാലിയേറ്റീവിന്റെ ദേനംദിനമുള്ള രോഗികളെ പരിചരിക്കുന്ന ഹോംകെയര്‍ പ്രവര്‍ത്തനത്തിനും ഈ സാഹചര്യ വലിയ പ്രയാസമാണ് സൃഷ്ടിച്ചിരിക്കുന്നത്.
ഈ ഒരു അവസ്ഥയിലാണ് കാരക്കാട് പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ മുന്‍ കൈയെടുത്ത് നാദാപുരം റോഡ് റെയില്‍വേ അടിപ്പാത ആവശ്യവുമായി ഒരു നിര്‍മാണ കമ്മിറ്റി രൂപീകരിച്ചത്. കമ്മിറ്റിയുടെ ശ്രമഫലമായി റെയില്‍വേ സ്റ്റേഷന്റെ തെക്കു ഭാഗത്തുള്ള ഇരുവശത്തെയും റോഡുകള്‍ ബന്ധിപ്പിക്കും വിധം ഒരു അടിപ്പാതയ്ക്കുള്ള അനുമതി റെയില്‍വേ പാലക്കാട് ഡിവിഷനില്‍ നിന്നും വാങ്ങിയതായും ഇതിന്റെ നിര്‍മാണത്തിനായി ഏകദേശം 3 കോടിയോളം രൂപ വേണ്ടി വരുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
മാത്രമല്ല അടിപ്പാത നിര്‍മാണവുമായി ബന്ധപ്പെട്ട സ്‌കെച്ചുകള്‍ വരക്കുന്നതിനും മറ്റും നാലര ലക്ഷം രൂപ അടക്കണം. കൂടാതെ അടിപ്പാതയുടെ നിര്‍മാണത്തില്‍ വരുന്ന വാട്ടര്‍ പ്രൂഫ് നിര്‍മാണത്തിനുള്ള ഫണ്ടും പൊതുജനങ്ങള്‍ കണ്ടെത്തണമെന്നും ഇതിനായാണ് ബഹുജന കണ്‍വന്‍ഷന്‍ വിളിച്ചു ചേര്‍ക്കുന്നതെന്നും ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു. വടകര എംപി, എംഎല്‍എ ഇവരുമായി ചര്‍ച്ച ചെയ്ത് ഫണ്ട് അനുവദിക്കുന്നതോടൊപ്പം മറ്റു ലോക്‌സഭാ എംപിമാരുമായി ഫണ്ട് അനുവദിക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യുമെന്നും നിര്‍മാണ കമ്മിറ്റി വ്യക്തമാക്കി. വാര്‍ത്താസമ്മേളനത്തില്‍ നിര്‍മാണ കമ്മിറ്റി കണ്‍വീനര്‍ വേണു പൂന്തോട്ടത്തില്‍, ട്രഷറര്‍ കെഎം സത്യന്‍, മെംബര്‍മാരായ സികെ പത്മനാഭന്‍, പുന്നേരി ചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.

RELATED STORIES

Share it
Top