നാദാപുരം മേഖലയില്‍ ആരോഗ്യ വകുപ്പ് പരിശോധന ശക്തം

നാദാപുരം: ഡെങ്കി ദിനാചരണത്തിന്റെ ഭാഗമായി നാദാപുരം മേഖലയില്‍ ആരോഗ്യ വകുപ്പ് പരിശോധന ശക്തമാക്കി. മെയ് 16 ഡങ്കി ദിനത്തോടനുബന്ധിച്ച് സംസ്ഥാനത്ത് 16 മുതല്‍ 20 വരെ ആരോഗ്യ വകുപ്പ് വിവിധ കേന്ദ്രങ്ങളില്‍ പരിശോധന നടത്തും. ഇതിന്റെ ഭാഗമായി പതിനാറാം തിയ്യതി വ്യാപാര സ്ഥാപനങ്ങളിലും ഇന്നലെ ഇതര സംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലങ്ങളിലുമാണ് നാദാപുരം ഗവ. താലൂക്ക് ആശുപത്രിയിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തിയത്. നാദാപുരം ബസ്്സ്റ്റാന്റിന് പിന്‍വശത്തേയും, കല്ലാച്ചിയിലേയും ഇതര സംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങളിലാണ് പരിശോധന നടത്തിയത്.
പരിശോധനയില്‍ തൊഴിലാളികള്‍ വൃത്തിഹീനമായ ചുറ്റുപാടുകളിലാണ് താമസിക്കുന്നതെന്നും ഓരോ മുറികളിലും പത്തില്‍ കൂടുതല്‍ പേര്‍ താമസിക്കുന്നതായും കണ്ടെത്തി. ആള്‍ക്കാരുടെ എണ്ണത്തിന് അനുസരിച്ച് താമസസ്ഥലങ്ങളില്‍ ടോയ്‌ലെറ്റ് സൗകര്യങ്ങളുമില്ല.
ആരോഗ്യ വകുപ്പ് പരിശോധനയില്‍ കണ്ടെത്തിയ കാര്യങ്ങള്‍ നടപടി എടുക്കുന്നതിനായി പഞ്ചായത്ത് അധികൃതര്‍ക്ക് റിപോര്‍ട്ട് ചെയ്യും. ഇന്ന് മേഖലയിലെ റബ്ബര്‍ തോട്ടങ്ങളിലും, കൃഷിയിടങ്ങളിലും, നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പരിശോധന നടത്തുമെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുരേഷ് കുമാര്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ദീപ ലേഖ, സജിത്ത് ബാബു എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.

RELATED STORIES

Share it
Top