നാദാപുരം-മുട്ടുങ്ങല്‍ റോഡ് പ്രവൃത്തി തുടങ്ങി

നാദാപുരം: പണമനുവദിച്ച് വര്‍ഷങ്ങളായി കാത്തിരുന്ന നാദാപുരം-മുട്ടുങ്ങല്‍ റോഡ് വികസന പ്രവൃത്തി ആരംഭിച്ചു. നിരവധി തടസ്സങ്ങളെ മറികടന്നാണ് 11.85 കിലോമീറ്റര്‍ ദൂരമുള്ള റോഡിന്റെ പണി തുടങ്ങിയത്. കൈനാട്ടി റെയില്‍വേ മേല്‍പാലം മുതല്‍ നാദാപുരം വരെയുള്ള ഭാഗത്ത് ഏറ്റവും കുറഞ്ഞത് 12 മീറ്റര്‍ വീതിയിലും ടൗണുകളില്‍ ഇതിലും കൂടുതല്‍ വീതിയിലുമുള്ള റോഡാണ് നിര്‍മിക്കുന്നത്. ഏഴര മീറ്റര്‍ വീതിയില്‍ മെക്കാഡം ടാറിംഗ് നടത്തിയാണ് റോഡ് പരിഷ്‌കരിക്കുക. റോഡിന്റെ ഇരുവശത്തുമായി അഴുക്ക്ചാല്‍ പണിയും. 9 കിലോമീറ്റര്‍ ദൂരത്തിലാണ് അഴുക്കുചാലുകളുള്ളത്.
വിവിധ സ്ഥലങ്ങളിലായി 26 ഓവുപാലങ്ങളും നിര്‍മിക്കും. ഓവുപാലങ്ങളുടെ പണികളാണ് ഇപ്പോള്‍ നടന്നുവരുന്നത്.വീതി കൂട്ടേണ്ട സ്ഥലങ്ങളില്‍ കെട്ടിടങ്ങളും മതിലുകളും നീക്കുന്ന പ്രവൃത്തിയുമാണ് ആദ്യഘട്ടത്തില്‍ നടക്കുന്നത്. തുടര്‍ന്ന് റോഡിനിരുവശത്തുമായി അഴുക്ക്ചാല്‍ നിര്‍മിച്ചശേഷമായിരിക്കും റോഡ് ടാറിംഗ് നടത്തുക. വള്ളിക്കാട്, വെള്ളികുളങ്ങര, ഓര്‍ക്കാട്ടേരി, എടച്ചേരി, പുറമേരി എന്നീ ടൗണുകളില്‍ അഴുക്ക് ചാലിന് മേല്‍ സ്ലാബിട്ട് ഫുട്പാത്ത് നിര്‍മിക്കും സ്‌കൂളുകളുടെ പരിസരത്ത് ഫുട്പാത്തിനോട് ചേര്‍ന്ന് കൈവരികളും നിര്‍മിക്കും.
ഓവുപാലങ്ങളുടെ നിര്‍മാണം തുടങ്ങിയതോടെ റോഡില്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നുണ്ട്. മണിക്കൂറുകളോളം കുരുക്കില്‍ കുടുങ്ങുന്ന ബസ്സുകള്‍ ട്രിപ്പ് പൂര്‍ത്തിയാക്കാന്‍ കഴിയുന്നില്ലെന്ന് ബസ് ജീവനക്കാര്‍ പറയുന്നു. ഇതിന് പരിഹാരം കാണാന്‍ ചരക്കു വാഹനങ്ങളും മറ്റു ചെറുവാഹനങ്ങളും വഴിതിരിച്ചുവിടണമെന്ന് അവര്‍ ആവശ്യപ്പെട്ടു.
കുറ്യാടി നിന്നും വരുന്ന വാഹനങ്ങള്‍ ചേലക്കാട് തണ്ണീര്‍ പന്തല്‍ വഴിയും നാദാപുരം ഭാഗത്ത് നിന്നുള്ളവ പുറമേരി കുനിങ്ങാട് വഴിയും തിരിച്ചു വിട്ടാല്‍ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ കഴിയുമെന്ന് അവര്‍ പറഞ്ഞു. എന്നാല്‍ റോഡിന്റെ ടാറിംഗ് പ്രവൃത്തി തുടങ്ങിയാല്‍ മാത്രമേ പൊതുമരാമത്ത് വകുപ്പിന് റോഡ് ബ്ലോക്ക് ചെയ്യാന്‍ കഴിയൂ.
അത് വരെ ഗതാഗതം വഴിതിരിച്ചുവിടാന്‍ പോലിസാണ് മുന്‍കൈ എടുക്കേണ്ടതെന്ന് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.റോഡ് പൂര്‍ണ്ണമായും നവീകരിച്ചാണ് നിര്‍മാണം നടക്കുക. വളവുകള്‍ ഇല്ലാതാക്കാന്‍ പരമാവധി ശ്രമം നടത്തുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.പുറമേരി ബേങ്ക് മുതല്‍ പമ്പ് ഹൗസ് വരെ കുത്തനെയുള്ള കയറ്റം കുറക്കാനുള്ള നടപടി സ്വീകരിക്കുമെന്നും അവര്‍ അറിയിച്ചു.
അതേസമയം റോഡ് നവീകരണത്തിന് വാട്ടര്‍ അതോറിറ്റിയുടെ പൈപ്പുകള്‍ തടസ്സമാവുകയാണ്.പുറമേരി പമ്പ് ഹൗസില്‍ നിന്നും വടകരയിലേക്കുള്ള ജലവിതരണ പൈപ്പും വിവിധ പഞ്ചായത്തുകളിലേക്കുള്ള പൈപ്പുകളും ഈ റോഡിന്റെ നടുവിലൂടെയാണ് കടന്നുപോകുന്നത്. പഴകിയ പൈപ്പുകള്‍ ഇടക്കിടെ പൊട്ടുന്നതിനാല്‍ റോഡ് പുതുക്കി ടാര്‍ ചെയ്യുന്നതിന് മുമ്പ് പൈപ്പുകള്‍ മാറ്റി സ്ഥാപിക്കണം. അല്ലാത്തപക്ഷം റോഡ് പുതുക്കിയാലും തകരാന്‍ ഇടയുണ്ട് . ഇടയ്ക്കിടക്ക് പൈപ്പ് പൊട്ടുന്നത് റോഡിന്റെ നാശത്തിന് കാരണമാകും. അതിനാല്‍ റോഡ് പുനര്‍നിര്‍മാണത്തിന് മുമ്പ് പെപ്പ് മാറ്റിയിടാന്‍ വാട്ടര്‍ അതോറിറ്റിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കിഫ് ബി യില്‍ നിന്നും 41 കോടി രൂപ അനുവദിച്ചാണ് റോഡിന്റെ പണി നടത്തുന്നത്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റിയാണ് പണി നടത്തുന്നത്. പണി പൂര്‍ത്തിയായാല്‍ ദിശാബോര്‍ഡുകളും സുരക്ഷാ നിര്‍ദേശങ്ങളടങ്ങിയ ബോര്‍ഡുകളും സ്ഥാപിക്കുമെന്ന് അവര്‍ പറഞ്ഞു.

RELATED STORIES

Share it
Top