നാണം കെട്ട് ഡല്‍ഹി; കൊല്‍ക്കത്തയ്ക്ക് വമ്പന്‍ ജയം


കൊല്‍ക്കത്ത: ഐപിഎല്ലില്‍ ഡല്‍ഹിക്കെതിരേ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് വമ്പന്‍ ജയം. സന്ദര്‍ശകരായെത്തിയ ഡല്‍ഹിയെ 71 റണ്‍സിനാണ് കൊല്‍ക്കത്ത നാണംകെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സടിച്ചപ്പോള്‍ മറുപടിക്കിറങ്ങിയ ഡല്‍ഹിയുടെ പോരാട്ടം 14.2 ഓവറില്‍ 129 റണ്‍സില്‍ അവസാനിച്ചു. മൂന്ന് വിക്കറ്റ് വീഴ്ത്തിയ സുനില്‍ നരെയ്‌ന്റെയും കുല്‍ദീപ് യാദവിന്റെയും ബൗളിങാണ് ഡല്‍ഹിയെ തകര്‍ത്തത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ കൊല്‍ക്കത്തയ്ക്ക് തുടക്കം പിഴച്ചു. സുനില്‍ നരെയ്ന്‍ പെട്ടെന്ന് മടങ്ങിയെങ്കിലും തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത നിധീഷ് റാണയും (59), ആന്‍ഡ്രേ റസലും (41) ചേര്‍ന്ന് കൊല്‍ക്കത്തയെ മികച്ച സ്‌കോറിലേക്കെത്തിക്കുകയായിരുന്നു. നിധീഷ് 35 പന്തില്‍ അഞ്ച് ഫോറും നാല് സിക്‌സറും പറത്തിയപ്പോള്‍ 12 പന്തുകള്‍ നേരിട്ട് ആറ് സിക്‌സറുകള്‍ ഉള്‍പ്പെട്ടതായിരുന്നു റസലിന്റെ ഇന്നിങ്‌സ്. റോബിന്‍ ഉത്തപ്പ (35), ക്രിസ് ലിന്‍ (31) എന്നിവരും കൊല്‍ക്കത്തയ്ക്ക് വേണ്ടി തിളങ്ങി. ഡല്‍ഹിക്ക് വേണ്ടി രാഹുല്‍ തിവാട്ടിയ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ഡ്രന്റ് ബോള്‍ട്ട്, ക്രിസ് മോറിസ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും പങ്കിട്ടു. മുഹമ്മദ് ഷമി, ഷഹ്ബാസ് നദീം എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
201 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഡല്‍ഹി ബാറ്റിങ് നിര ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു. എട്ട് ഡല്‍ഹി ബാറ്റ്‌സ്മാന്‍മാരാണ് രണ്ടക്കം കാണാതെ കൂടാരം കയറിയത്. 47 റണ്‍സെടുത്ത ഗ്ലെന്‍ മാക്‌സ്‌വെല്ലാണ് ഡല്‍ഹിയുടെ ടോപ് സ്‌കോറര്‍. റിഷഭ് പാന്തും (43) ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. ഗൗതം ഗംഭീര്‍ (8), ജേസണ്‍ റോയ് (1), ശ്രേയസ് അയ്യര്‍ (4) എന്നിവരെല്ലാം മികവിനൊത്ത് ഉയരാത്തതാണ് ഡല്‍ഹിക്ക് തിരിച്ചടിയായത്. കൊല്‍ക്കത്തയ്ക്ക് വേണ്ടി പീയൂഷ് ചൗള, ആന്‍ഡ്രേ റസല്‍, ശിവം മാവി, ടോം കുറാന്‍ എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.
ജയത്തോടെ നാല് മല്‍സരത്തില്‍ നിന്ന് രണ്ട് ജയവും രണ്ട് തോല്‍വിയും വഴങ്ങിയ കൊല്‍ക്കത്ത രണ്ടാം സ്ഥാനത്താണുള്ളത്. നാല് മല്‍സരത്തില്‍ നിന്ന് ഒരു ജയം മാത്രമുള്ള ഡല്‍ഹി ഏഴാം സ്ഥാനത്താണ്.

RELATED STORIES

Share it
Top