നാട്ടുചന്തകള്‍ ഓര്‍മയാവുന്നുമറയുന്നത് പരസ്പര സഹകരണത്തിന്റെ പ്രതീകങ്ങള്‍

എ ജയകുമാര്‍

ചെങ്ങന്നൂര്‍: നാട്ടുചന്തകള്‍ ഓര്‍മയാവുന്നു. ആഴ്ച ചന്തയെന്ന് അറിയപ്പെട്ടിരുന്ന നാട്ടുചന്തകള്‍ ആഴ്ചയിലെ ഇടവിട്ട ദിവസങ്ങളില്‍ പ്രദേശത്തെ കര്‍ഷക കൂട്ടായ്മകൂടി ആയിരുന്നു. മീന്‍, ഇറച്ചി, പച്ചക്കറികള്‍, പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍, തുണിത്തരങ്ങള്‍ തുടങ്ങി എന്തും ഏതും ഇത്തരം നാട്ടുചന്തകളിലെ കച്ചവട ചരക്കുകളായിരുന്നു. കാലം പുരോഗമിക്കുകയും ഉപഭോഗ സംസ്‌കാര ജ്വരം പടരുകയും പലരും പകുതി പാകം ചെയ്ത ഭക്ഷണവും ഫാസ്റ്റ് ഫുഡും പതിവാക്കുകയും ചെയ്തതിന്റെ ഫലമായി നാട്ടുചന്തകളുടെ പ്രവര്‍ത്തനവും ഇല്ലാതാവുകയാണ്. തിങ്കള്‍-വ്യാഴം, ചൊവ്വ-വെള്ളി, ബുധന്‍-ശനി തുടങ്ങിയ ഇടദിവസങ്ങളിലായിരുന്നു ഓരോ ഗ്രാമത്തിലും നാട്ടുചന്തകള്‍. ചിലയിടങ്ങളില്‍ ഞായറാഴ്ച മാത്രമുള്ള ചന്തകളും ഉണ്ടായിരുന്നു. കൃഷിയിടങ്ങളില്‍ വിളയുന്ന വന്‍ കാര്‍ഷിക വിളകളും തൊടികളിലെ കാന്താരിയും വരെ ഇവിടെ കച്ചവടത്തിനായി എത്തിച്ചിരുന്നു. വാങ്ങാനും വില്‍ക്കാനും ആളുകള്‍ ഉണ്ടായിരുന്ന നാട്ടു ചന്തകളില്‍ സാധനങ്ങള്‍ വില്‍പ്പനയ്ക്കായി എത്തിക്കുന്നതിന് തലച്ചുമട് കൂലി എന്നപേരില്‍ ചന്തക്കൂലി വരെ ഏര്‍പ്പെടുത്തിയിരുന്നു. വര്‍ഷാവര്‍ഷം ആയിരക്കണക്കിന് രൂപയാണ് ഈയിനത്തില്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് ലഭിച്ചിരുന്നത്. ഇപ്പോള്‍ മല്‍സ്യം, പച്ചക്കറി, പ്ലാസ്റ്റിക് സാധനങ്ങള്‍, തുണിത്തരങ്ങള്‍ തുടങ്ങിയവയെല്ലാം വീട്ടുമുറ്റത്ത് എത്തുന്ന സ്ഥിതിയായതോടെ ഇവയൊന്നും വാങ്ങാന്‍ ആളുകള്‍ ചന്തയിലേക്ക് ഇല്ലെന്നായി. പച്ചക്കറികളും മറ്റും കൃഷിയിടങ്ങളില്‍നിന്നുതന്നെ മൊത്തവില പറഞ്ഞ് കരാറെടുക്കുന്ന വന്‍ കച്ചവടക്കാര്‍ വ്യാപകമായതോടെ ഇവയൊന്നും വില്‍ക്കാനും ചന്തകള്‍ വേണ്ടാത്ത സ്ഥിതി വന്നു. ഉപ്പുതൊട്ട് കര്‍പ്പൂരം വരെ വഴിയോരങ്ങളിലും വീട്ടുമുറ്റത്തും വാഹനങ്ങളിലെത്താന്‍ തുടങ്ങിയതോടെ ആവശ്യക്കാരും ചന്തകളെ തഴഞ്ഞു. നാട്ടു ചന്തകള്‍ ഓരോ ഗ്രാമത്തിന്റെയും സംസ്‌ക്കാരത്തിന്റെകൂടി പരിച്ഛേദമായിരുന്നു. വിശേഷങ്ങളും വിവരങ്ങളും കൈമാറിയിരുന്നതും സൗഹൃദങ്ങള്‍ പുതുക്കിയിരുന്നതും ഇവിടെയായിരുന്നു. ഒരു ആഴ്ച ചന്തയോ അന്തിച്ചന്തയോ ഇല്ലാത്ത പ്രദേശങ്ങള്‍ നന്നേ കുറവുമായിരുന്നു.  ഇപ്പോള്‍ ആധുനിക സംസ്‌ക്കാരത്തിന്റെ പിന്നാലെ പായാന്‍തുടങ്ങിയവര്‍ മറന്നത് ഒരോ പ്രദേശത്തിന്റെയും കാര്‍ഷിക സംസ്‌കാരം കൂടിയാണ്.

RELATED STORIES

Share it
Top