നാട്ടുകാര്‍ ജനപ്രതിനിധികളുടെ കോലം കെട്ടിത്തൂക്കി പ്രതിഷേധിച്ചു

ഹരിപ്പാട്: വേനലിന് ശക്തി കൂടിയിട്ടും കുടിവെള്ളം നല്‍കാത്തതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ തെരുവിലിറങ്ങി. വീയപുരം ഗ്രാമ പഞ്ചായത്തിലെ  1,2,13 വാര്‍ഡുകളിലെ ജനങ്ങളാണ് പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. ഒന്നാം വാര്‍ഡ്ഗ്രാമപഞ്ചായത്തംഗം സൗദാമണി റഷീദ്,ബ്ലോക്ക് പഞ്ചായത്ത് അംഗം ജോബിള്‍ പെരുമ്മാള്‍,ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എന്‍ പ്രസാദ്കുമാര്‍ എന്നിവരുടെ  കോലംകെട്ടി അതില്‍ കുപ്പിവെള്ളം കെട്ടി തൂക്കിയാണ് നാട്ടുകാര്‍ പ്രതിഷേധം നടത്തിയത്.
വീയപുരത്തെ പ്രധാന ജങ്ഷനായ കോയ്ക്കല്‍ ജംഗ്ഷനിലാണ് കോലം സ്ഥാപിച്ചത്. മറ്റ് ജനപ്രതിനിധികളേയോ, രാഷ്ട്രീയ പാര്‍ട്ടിപ്രതിനിധികളെയോ ഉള്‍പ്പെടുത്താതെയാണ്  പ്രതിഷേധ സമരം നടത്തിയത്.വാട്ടര്‍ അതോറിറ്റി വക രണ്ടരലക്ഷം ലിറ്റര്‍ സംഭരണശേഷിയുള്ള ജലസംഭരണി,ജില്ലാ പഞ്ചായത്ത് വക രണ്ട് മിനി ടാങ്ക്, 5ആര്‍ഓ പ്ലാന്റ്, 5 കിയോസ്‌ക്കുകള്‍,254 പൊതുടാപ്പുകള്‍  എന്നിവയാണ് ഇവിടുത്തെ കുടിവെള്ള സ്രോതസ്സുകള്‍.
പായിപ്പാട് സ്ഥാപിച്ചിട്ടുള്ള ജലസംഭരണി കാലപഴക്കത്താല്‍ നിലംപൊത്താറായ നിലയിലാണ്. കാരിച്ചാല്‍,വെള്ളം കുളങ്ങര എന്നിവിടങ്ങളില്‍ ജില്ലാപഞ്ചായത്ത് വക മിനി ടാങ്കുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഭൂഗര്‍ഭ ജലനിരപ്പ്  താഴ്ന്നതിനാല്‍  ഈ പ്രദേശത്ത് കുടിവെള്ളം കിട്ടാക്കനിയാണ്.വീയപുരംകിഴക്ക്,പടിഞ്ഞാറ്,തുരുത്തേല്‍,കാരിച്ചാല്‍ പായിപ്പാട്എന്നിവിടങ്ങളിലെ ആര്‍ ഒ പ്ലാന്റുകള്‍ പ്രവര്‍ത്തന രഹിതമാണ്. പൊതുടാപ്പുകളില്‍ വരെയെത്തുന്ന പൈപ്പുകളാകട്ടെ ഗുണ നിലവാരമില്ലാത്തതും, കാലപഴക്കം ചെന്നതുമാണ്. കുടിവെള്ളത്തിനായി ഗ്രാമ പഞ്ചായത്ത് വാട്ടര്‍ അഥോറിറ്റിയില്‍ വെള്ളക്കരമായി  ഒരു ലക്ഷം രൂപയാണ് അടച്ചു കൊണ്ടിരിക്കുന്നത്.
പൊതുകിണറുകളിലും കുളങ്ങളിലും മലിന ജലമായതോടെ കുടിവെള്ളം കിട്ടാന്‍ മറ്റ് മാര്‍ഗ്ഗങ്ങളൊന്നും ഇല്ലാതെ വന്നതാണ് ജനങ്ങളുടെ കൂട്ടായ്മയില്‍ പ്രതിഷേധം വ്യാപകമാകാന്‍ കാരണമായത്. കുടിവെള്ള പ്രശ്‌നം ജനങ്ങള്‍ ഏറ്റെടുത്തതോടെ രാഷ്ട്രീയ പാര്‍ട്ടികളും സമരം ഏറ്റെടുക്കുകയാണ്. ഇന്ന് രാവിലെ 9 മണിക്ക് പഞ്ചായത്തു പടിക്കല്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റിയുടെനേതൃത്വത്തില്‍  ഉപരോധ സമരം നടത്തും. ഡി.സി.സി പ്രസിഡന്റ് എം ലിജു ഉപരോധ സമരം ഉദ്ഘാടനം ചെയ്യും.

RELATED STORIES

Share it
Top