നാട്ടുകാര്‍ക്ക് ആശ്വാസം പകര്‍ന്ന് മാള ജനമൈത്രി പോലിസിന്റെ കുടിവെള്ള വിതരണംമാള: പൊയ്യ ഗ്രാമപ്പഞ്ചായത്തിലെ വട്ടക്കോട്ട മൂന്ന് സെന്റ് കോളനി പ്രദേശത്തെ ജനങ്ങള്‍ കുടിവെള്ളത്തിനായി നെട്ടോട്ടമോടുമ്പോള്‍ കുടിവെള്ള വിതരണവുമായി നാട്ടുകാര്‍ക്ക് ആശ്വാസം പകര്‍ന്ന് മാള ജനമൈത്രി പോലിസ് രംഗത്ത്. വാട്ടര്‍ അതോറിറ്റിയുടെ വെള്ളം കൊടുക്കാതെ ബന്ധപ്പെട്ട അധികൃതര്‍ ജനങ്ങളെ ദുരിതത്തിലാക്കിയ സാഹചര്യത്തിലാണ് നാട്ടുകാരുടെ ദുരിതത്തിന് ആശ്വാസം പകരാന്‍ മാള ജനമൈത്രി പോലിസ് രംഗത്തിറങ്ങിയത്. വാട്ടര്‍ അതോറിറ്റിയുടെ വെള്ളം മാത്രം ആശ്രയമായ പ്രദേശത്ത് കഴിഞ്ഞ രണ്ടാഴചയിലേറെയായി  വെള്ളമെത്തിയിട്ടില്ല. നൂറുകണക്കിന് കുടുംബങ്ങളാണ് ഈ പ്രദേശത്ത് മാത്രം കുടിവെള്ളത്തിനായി അലയുന്നത്. 60 അടിയോളം വരെ ആഴമുള്ള കിണറുകളാണ് പ്രദേശത്തുള്ളത്. ഇവയെല്ലാം വറ്റി വരണ്ട് കിടക്കുകയാണ്. ഗ്രാമപ്പഞ്ചായത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന സ്ഥലങ്ങളിലൊന്നാണിത്. കുടിക്കാനോ പാചകാവശ്യങ്ങള്‍ക്കോ പോലും ദിവസങ്ങളോളം കാത്തിരുന്ന് ഒടുവില്‍ ടാങ്കറുകളിലെത്തുന്ന ജലം മാത്രമാണ് ഇപ്പോള്‍ ഏകാശ്രയം. കടുത്ത കുടിവെള്ള ക്ഷാമം നേരിടുന്ന പൊയ്യ പഞ്ചായത്തിലെ വട്ടക്കോട്ട കോളനികളില്‍ മാള ജനമൈത്രി പോലിസ് കുടിവെള്ള വിതരണം അമൃതപുരി കോളനിയില്‍ നടന്ന ചടങ്ങില്‍ ചാലക്കുടി ഡിവൈഎസ്പി സി എസ് ഷാഹുല്‍ ഹമീദ് ഉദ്ഘാടനം നിര്‍വഹിച്ചു. മാള സി ഐ വി റോയ്, എസ് ഐ ഇതിഹാസ് താഹ, എ എസ് ഐ അശോകന്‍ മാള പ്രതികരണ വേദി പ്രസിഡന്റ് സലാം ചൊവ്വര തുടങ്ങിയവര്‍ സംസാരിച്ചു. പോലിസിനെ കോളനി നിവാസികള്‍ മധുരവും പൂച്ചെണ്ടും നല്‍കിയാണ് സ്വീകരിച്ചത്. വാട്ടര്‍ അതോറിറ്റിയുടെ വെള്ളമാണ് ഇവര്‍ക്ക് എത്തേണ്ടതെങ്കിലും അതോറിറ്റി ജനങ്ങളെ വട്ടം കറക്കുകയാണ്. ഉദ്യോഗസ്ഥരോട് ചോദിക്കുമ്പോള്‍ ജലനിധിക്കാരാണ് വെള്ളം തരേണ്ടതെന്നാണ് അവരില്‍ നിന്നുമുള്ള ഉത്തരം.

RELATED STORIES

Share it
Top