നാട്ടിന്‍ പുറങ്ങളില്‍ നിന്നു നിരപ്പലക പീടികകളും അപ്രത്യക്ഷമാവുന്നു

താമരശ്ശേരി: നാട്ടിന്‍പുറങ്ങളില്‍ നിന്ന് നിരപ്പലക പീടികകളും അപ്രത്യക്ഷമാവുന്നു. നാട്ടിന്‍ പുറങ്ങളിലെ സാസ്‌കാരിക കേന്ദ്രമായും നാട്ടുകാരുടെ ദൈന്യംദിന ജീവിതത്തിലെ മുഖ്യ ആശാകേന്ദ്രവുമായിരുന്നു ഈ നിരപ്പലക പീടികകള്‍. വീട്ടിലേക്കാവശ്യമായ സാധനങ്ങള്‍ വാങ്ങാനും വൈകുന്നേരങ്ങളില്‍ വെടിവെട്ടം പറഞ്ഞിരിക്കാനും നാട്ടിലെ ഓരോ സംഭവ വികാസങ്ങളും ചര്‍ച്ചചെയ്യാനും നാട്ടിന്‍പുറത്തുകാര്‍ കണ്ടെത്തിയിരുന്നത് ഇത്തരം കടകളായിരുന്നു.
കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ ഉണ്ടാവുന്നതിനു മുന്‍പ് നാട്ടിന്‍ പുറങ്ങളിലും ചെറിയ അങ്ങാടികളിലും കച്ചവടത്തിനായുള്ള കടകള്‍ ഇത്തരം നിരപ്പലക പീടികകളായിരുന്നു ഉണ്ടായിരുന്നത്. ഇന്ന് കെട്ടിട മുറികള്‍ക്ക് ഷട്ടറുകളുടെ ഉപയോഗമായിരുന്നു അന്ന് നിരപ്പലകകള്‍ക്ക്. മരം കൊണ്ട് ഒരടിയിലും ഒന്നരയടി വീതിയിലും മുറികളുടെ ഉയരത്തിനനുസരിച്ചുമായിരുന്നു നിരപ്പലക വാതിലുകള്‍ നിര്‍മിച്ചിരുന്നത്. ഈ നിരപ്പലകകള്‍ ഓരോന്നും വെവ്വേറെയായാണ് ഉണ്ടായിരുന്നത്. ഇത് പൂട്ടുവാന്‍ നീളമുള്ള ഇരുമ്പിന്റെ ഓടാമ്പലും(താഴ്) ഉണ്ടായിരുന്നു. കാലം മാറിയതോടെ നാട്ടിന്‍ പുറങ്ങളില്‍ നിന്നും ഇത്തരം കടകളും അപ്രത്യക്ഷമായി കൊണ്ടിരിക്കുന്നു. ഓലമേഞ്ഞ പീടികകളായിരുന്നു മിക്ക പ്രദേശങ്ങലിലും ഉണ്ടായിരുന്നത്. ഇത്തരം പഴയ പീടികകള്‍ പഴയ തലമുറക്ക് നൊസ്റ്റാല്‍ജിയയായിമാറുകയും ചെയ്യുന്നു. പുതുതലമുറകള്‍ക്ക് ഇവ അന്യമായി കൊണ്ടിരിക്കുമ്പോഴും പഴമയെ തള്ളാതെ പുതുമ സൂക്ഷിക്കുന്ന ഒറ്റപ്പെട്ട കച്ചവടക്കാര്‍ ഇന്നും നിലനില്‍കുന്നു.

RELATED STORIES

Share it
Top