നാട്ടാന പരിപാലന നിയമം: കുറ്റം സമ്മതിച്ച് കേരള സര്‍ക്കാര്‍

എന്‍ എ ശിഹാബ്
തിരുവനന്തപുരം: നാട്ടാന പരിപാലന നിയമം കര്‍ശനമായി പാലിക്കാത്തത് ആനകളോടുള്ള ക്രൂരതകള്‍ വര്‍ധിക്കാന്‍ കാരണമായെന്ന് സംസ്ഥാന സര്‍ക്കാരിന്റെ കുറ്റസമ്മതം. നിയമം ലംഘിച്ച് ഉല്‍സവങ്ങളിലും മറ്റു ചടങ്ങുകളിലും ആനയെ പങ്കെടുപ്പിക്കുന്നത് വ്യാപകമായ സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ ഏറ്റുപറച്ചില്‍. കഴിഞ്ഞ രണ്ടിന് ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ പി കെ കേശവന്‍ പുറത്തിറക്കിയ സര്‍ക്കുലറിലാണ് ഇക്കാര്യം പറയുന്നത്.
2012ലെ നാട്ടാന പരിപാലന ചട്ടമനുസരിച്ച് ആനകളെ ചടങ്ങുകളില്‍ പങ്കെടുപ്പിക്കുന്നതിന് നിരവധി കടമ്പകള്‍ പൂര്‍ത്തീകരിക്കേണ്ടതുണ്ട്. എന്നാല്‍, ഇവ പാലിക്കപ്പെടാറില്ല. നിയമലംഘനം നടത്തുന്നവര്‍ക്കെതിരേ സര്‍ക്കാര്‍തലത്തില്‍ നടപടി സ്വീകരിക്കുന്നതു വിരളമാണ്. ചടങ്ങുകള്‍ വിശ്വാസവുമായി ബന്ധപ്പെട്ടതായതിനാല്‍ ഭൂരിപക്ഷ വികാരം വ്രണപ്പെടുമെന്നതു കണക്കിലെടുത്താണ് ഇക്കാര്യത്തില്‍ അയഞ്ഞ സമീപനം സ്വീകരിച്ചിരുന്നത്.  എന്നാല്‍,ഈ സാഹചര്യം പരമാവധി മുതലെടുക്കുകയായിരുന്നു ആന ഉടമകള്‍. സംസ്ഥാനത്ത് ആനയുടെ ആക്രമണത്തില്‍ നിരവധിപേരാണ് ഓരോ വര്‍ഷവും മരണപ്പെടുന്നത്. ഈ വര്‍ഷം ഏഴുപേര്‍ മരണപ്പെട്ടിരുന്നു. പരിപാലനത്തിലെ വീഴ്ച കാരണം ഈ വര്‍ഷം 10 ആനകള്‍ ചരിഞ്ഞു.
ഇനിമുതല്‍ നിയമം ലംഘിച്ച് ആനകളെ ചടങ്ങുകള്‍ക്കെത്തിച്ചാല്‍ ആനയെ കണ്ടുകെട്ടുന്നതടക്കം കര്‍ശന നടപടി സ്വീകരിക്കുമെന്ന് സര്‍ക്കുലറില്‍ പറയുന്നു. ആന ഉടമകള്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുക്കാനും നിര്‍ദേശമുണ്ട്. അമിതമായി ജോലിയെടുപ്പിക്കുന്ന ആനകളുടെ പട്ടിക തയ്യാറാക്കി നിരീക്ഷിക്കും. മദപ്പാടുള്ള ആനകളെ ചടങ്ങുകള്‍ക്ക് എത്തിക്കുന്നതും വ്യാപകമാണ്. മദപ്പാട് കാലയളവില്‍ ആനകള്‍ക്ക് പൂര്‍ണ വിശ്രമം നല്‍കണം. ഉല്‍സവകാലയളവിനു മുമ്പും പിമ്പും നാട്ടാന പരിപാലനസമിതി യോഗം ചേര്‍ന്ന് ആനകളെ പരിശോധിക്കണം. ആനകളെ എഴുന്നള്ളിക്കുന്ന ഉല്‍സവകമ്മിറ്റികള്‍ വനംവകുപ്പ് സമിതിയില്‍ രജിസ്റ്റര്‍ ചെയ്യണം. ലക്ഷണമൊത്ത ആനകളെ കൂടുതല്‍ ഉപയോഗിക്കാന്‍ സാധ്യതയുണ്ട്. ഇത്തരം ആനകളെ പട്ടിക തയ്യാറാക്കി പ്രത്യേകം പരിശോധിക്കും. ജനക്കൂട്ടം പങ്കെടുക്കുന്ന ഉല്‍സവങ്ങളില്‍ ആനകള്‍ പ്രകോപിപ്പിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കും.
നാട്ടാന പരിപാലന ചട്ടങ്ങള്‍ ആന ഉടമകളെ  ബോധ്യപ്പെടുത്തും.ആനപരിപാലനത്തില്‍ നിയമലംഘനം കണ്ടെത്തിയാല്‍ 30-45 ദിവസത്തിനുള്ളില്‍ നടപടി സ്വീകരിക്കും. വര്‍ധിച്ചുവരുന്ന ആന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ചട്ടംലംഘിച്ച് ആനകളെ ചടങ്ങുകളില്‍ പങ്കെടുപ്പിക്കുന്നതിനെതിരേ ഹൈക്കോടതിയും സുപ്രിംകോടതിയും രംഗത്തുവന്നിരുന്നു. ജില്ലാതലത്തില്‍ കമ്മിറ്റി രൂപീകരിക്കുകയും ആനകളെ രജിസ്റ്റര്‍ ചെയ്യുകയും നിയമപാലനം ഉറപ്പാക്കുകയും ചെയ്യണമെന്നായിരുന്നു സുപ്രിംകോടതി വിധി. എന്നാല്‍, കോടതി നിര്‍ദേശം നടപ്പാക്കാന്‍ സര്‍ക്കാര്‍ വേണ്ടത്ര ശുഷ്‌കാന്തി കാണിച്ചില്ല. നാട്ടാന പരിപാലന നിയമം മുന്‍നിര്‍ത്തി നാലുമാസത്തിലൊരിക്കല്‍ വനംവകുപ്പ് ആസ്ഥാനത്ത് അവലോകനയോഗം ചേരും.

RELATED STORIES

Share it
Top