നാടോടി ബാലികയെ തട്ടിക്കൊണ്ടുപോവാന്‍ ശ്രമം

പയ്യന്നൂര്‍: പയ്യന്നൂര്‍ പുതിയ ബസ് സ്റ്റാന്റിനു സമീപത്തെ നഗരസഭാ സ്‌റ്റേഡിയത്തിലെപാര്‍ക്കിങ് ഏരിയില്‍ മാതാപിതാക്കളോടും സഹോദരങ്ങളോടുമൊപ്പം കിടന്നുറങ്ങുകയായിരുന്ന7 വയസ്സുകാരിയെ തട്ടികൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചു. 22 വര്‍ഷമായി പയ്യന്നൂരിലും സമീപ പ്രദേശങ്ങളിലും ആക്രി സാധനങ്ങള്‍ പെറുക്കി ഉപജീവനം നടത്തുന്ന തമിഴ്‌നാട് സ്വദേശികളുടെ കുടുംബത്തിലെ 7 വയസ്സുകാരിക്കു നേരെയാണ് പീഡനശ്രമം നടന്നത്.
ഇക്കഴിഞ്ഞ മെയ് 10നു പുലര്‍ച്ചെ 1.30ഓടെ പയ്യന്നൂര്‍ പോലിസ് സ്‌റ്റേഷന് സമീപത്തെ പി ടി ബേബി രാജ്(26)  ആണ് ഉറങ്ങിക്കിടന്ന പെണ്‍കുട്ടിയെ  തട്ടിക്കൊണ്ടു പോയത്. ശബ്ദം കേട്ട് ഞെട്ടിയുണര്‍ന്ന മാതാപിതാക്കളും കൂടെയുണ്ടായിരുന്ന മറ്റ് നാടോടികളും ഓടിവരുമ്പോഴേക്കും യുവാവ് കുട്ടിയെ താഴെയിട്ട് രക്ഷപ്പെടാന്‍ ശ്രമിച്ചു. നാടോടി യുവാക്കള്‍ ചേര്‍ന്ന് യുവാവിനെ പിടികൂടി കൈകാര്യം ചെയ്യുകയായിരുന്നു.
വിവരമറിഞ്ഞെത്തിയ പോലിസ് യുവാവിനെ സ്‌റ്റേഷനിലെത്തിക്കുകയും പരുക്കേറ്റതിനാല്‍ താലൂക്ക് ആശുപത്രിയിലെത്തിക്കുകയും ചെയ്തു. സ്‌റ്റേഷനിലെത്തിയ യുവാവ് മദ്യ ലഹരിയില്‍ ബൈക്കോടിച്ചപ്പോള്‍ നാടോടി സംഘം താമസിച്ച സ്ഥലത്ത് നിയന്ത്രണം വിട്ട് മറിഞ്ഞാണ് പരുക്കേറ്റതെന്നായിരുന്നു പറഞ്ഞത്. രാവിലെ സ്‌റ്റേഷനിലെത്തിയ നാടോടി സംഘത്തെ യുവാവിന്റെ ബന്ധുക്കള്‍ സ്‌റ്റേഷനു പുറത്തേക്ക് കൂട്ടിക്കൊണ്ട് പോയി കേസ് കൊടുക്കാതിരിക്കാന്‍ 50000 രൂപയുടെ ചെക്ക് നല്‍കുകയും ചെയ്തു. മെയ് 17ന് പണം മാറാനുള്ള ചെക്കാണ് നാടോടി സംഘത്തിന് നല്‍കിയത്. വിവരമറിഞ്ഞെത്തിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ജാഗ്രതാ സമിതിയിലെ പ്രവര്‍ത്തകരോടൊപ്പമെത്തി ബാലികയുടെ മാതാപിതാക്കളെയും കൂട്ടി ഇന്നലെ രാവിലെ പോലിസില്‍ പരാതി നല്‍കുകയായിരുന്നു. പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് പോലിസ് ചുമത്തിയിട്ടുള്ളത്.

RELATED STORIES

Share it
Top