നാടൊന്നിച്ചു, സിവില്‍ സര്‍വീസ്എന്ന സ്വപ്‌നസാക്ഷാല്‍ക്കാരത്തിന്

താളൂര്‍: ശ്രീലങ്കയിലെ വംശീയ കലാപത്തില്‍ നിന്നു രക്ഷതേടി ഇന്ത്യയിലെത്തിയ മാതാപിതാക്കളുടെ കൂടെ, പട്ടിണി കിടന്ന് മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തില്‍ പഠിച്ച് ഐഎഎസ് നേടിയെടുത്ത നീലഗിരിക്കാരന്‍ ഇമ്പശേഖരന്റെ ജീവിതം ഒരു നാടിനു തന്നെ ആവേശമായി. നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് സിവില്‍ സര്‍വീസ് സ്വപ്‌നം സാക്ഷാല്‍ക്കരിക്കുന്നതിന് മുന്നിട്ടിറങ്ങാന്‍ താളൂര്‍ നിവാസികള്‍ക്ക് പ്രേരണയായത് ഇമ്പശേഖരന്റെ ജീവിതമാണ്. നീലഗിരി കോളജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജിന്റെയും തമിഴ്‌നാട്ടിലെ സിവില്‍ സര്‍വീസ് പരിശീലന രംഗത്തെ തലതൊട്ടപ്പന്‍മാരിലൊരാളായ പ്രഫ. ഡോ. എം പത്മനാഭന്റെയും പിന്തുണയുമായതോടെ സ്വപ്‌നത്തിന് ശിലപാകി. നീലഗിരി കോളജിലാണ് സിവില്‍ സര്‍വീസ് പഠനകേന്ദ്രം പ്രവര്‍ത്തിക്കുന്നത്. പ്രത്യേക പരീക്ഷ നടത്തി, ഓരോ വിദ്യാര്‍ഥിയുടെയും അഭിരുചിക്കനുസൃതമായി ചിട്ടയായ പരിശീലനം ഉറപ്പുവരുത്തുകയാണ് കേന്ദ്രത്തിലൂടെ ലക്ഷ്യമാക്കുന്നത്. സ്വന്തം പ്രദേശത്തോടും സമൂഹത്തോടും ആഭിമുഖ്യമുള്ള ഉന്നതോദ്യോഗസ്ഥരെ സൃഷ്ടിച്ചെടുക്കുന്നതിലൂടെ മാത്രമേ ഗ്രാമപ്രദേശങ്ങളുടെ പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ കഴിയുകയുള്ളൂവെന്ന തിരിച്ചറിവില്‍ നിന്നാണ് ഇത്തരമൊരു പ്രയത്‌നത്തിന് തുടക്കമിട്ടതെന്നു കോളജ് സെക്രട്ടറി റാഷിദ് ഗസ്സാലി പറഞ്ഞു. നഗരകേന്ദ്രീകൃത വികസന നയങ്ങളുടെ വിഴുപ്പു ചുമക്കുന്നവരായി ഗ്രാമപ്രദേശങ്ങള്‍ മാറുന്ന സാഹചര്യത്തിന് അറുതിവരുത്താന്‍ ഭരണനിര്‍വഹണ രംഗത്ത് തദ്ദേശവാസികളുടെ ഇടപെടല്‍ കൂടിയേ തീരൂവെന്നും അദ്ദേഹം പറഞ്ഞു. തമിഴ്‌നാട് സര്‍ക്കാരിന് കീഴിലെ വിവിധ വകുപ്പുകളുടെ ഉപദേശകസമിതി അംഗവും ഭാരതിയാര്‍ യൂനിവേഴ്‌സിറ്റി ഐഎഎസ് അക്കാദമി ഡയറക്ടറുമായ പ്രഫ. ഡോ. എം പത്മനാഭന്‍ കേന്ദ്രം ഉദ്ഘാടനം ചെയ്തു. പ്രദേശവാസികളുടെ താല്‍പര്യം കണക്കിലെടുത്ത് അക്കാദമിയുടെ ഓഫ് കാംപസ് കോളജില്‍ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. അദ്ദേഹം രചിച്ച സിവില്‍സര്‍വീസ് പഠനസഹായിയുടെ പ്രകാശനവും ചടങ്ങില്‍ നടന്നു. കോളജ് പ്രിന്‍സിപ്പല്‍ ഡോ. എം ദുരൈ അധ്യക്ഷത വഹിച്ചു. അണ്ണാ അക്കാദമി ഫാക്കല്‍റ്റി ഡോ. അരുണ്‍കുമാര്‍ ക്ലാസെടുത്തു. ധന്യ സി മത്തായി, പി ബി സൗമ്യ, രഞ്ജിത്ത്, പി എം ഉമര്‍ സംസാരിച്ചു.

RELATED STORIES

Share it
Top