നാടു കടത്തപ്പെട്ടയാള്‍ കാമുകിയെ കാണാനെത്തി അറസ്റ്റിലായി

ദുബയ്: ഒരിക്കല്‍ നാടു കടത്തപ്പെട്ടയാള്‍ കാമുകിയെ കാണാന്‍ അനധികൃതമായി വീണ്ടും യുഎഇയില്‍ പ്രവേശിച്ചപ്പോള്‍ പൊലീസ് അറസ്റ്റ് ചെയ്തു. ദുബയിലുള്ള കാമുകിയെ കാണാന്‍ ഇയാള്‍ ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ കുടുംബം അതില്‍ വിസമ്മതം പ്രകടിപ്പിക്കുകയും ഇതേക്കുറിച്ച് പൊലീസിനെ അറിയിക്കുകയുമായിരുന്നു.
ഇവിടെ എത്തുന്നതിന് 500 ഡോളര്‍ (1,836 ദിര്‍ഹം) നല്‍കിക്കൊണ്ടാണ് ഏഷ്യന്‍ വംശജനായ ഇയാള്‍ നിയമ വിരുദ്ധമായി രാജ്യത്തെത്തിയത്. നുഴഞ്ഞുകയറ്റക്കാര്‍ക്ക് രാജ്യത്ത് പ്രവേശിക്കാന്‍ പല കാരണങ്ങളുണ്ടെന്നും എന്നാല്‍, തന്റെ ജീവിതം തന്നെ അപായപ്പെടുത്തി പണം നല്‍കി രാജ്യത്തെത്തി ഏഷ്യന്‍ കാമുകിയെ കാണാന്‍ ശ്രമിച്ചുവെന്നത് അപൂര്‍വ കേസാണെന്നും ദുബയ് പൊലീസിലെ നുഴഞ്ഞു കയറ്റ വിരുദ്ധ വകുപ്പ് മേധാവി കേണല്‍ അലി സാലം അല്‍ ഷംസിയെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറഞ്ഞു.
ഇയാള്‍ക്ക് നേരത്തെ ദുബയില്‍ ഒരു കമ്പനി സ്വന്തമായുണ്ടായിരുന്നു. എന്നാല്‍, മയക്കുമരുന്നുപയോഗിച്ച കേസില്‍ പെട്ടതിനെ തുടര്‍ന്ന് നാടു കടത്തപ്പെടുകയായിരുന്നു. കോളജ് പഠന കാലത്ത് പ്രേമിച്ചിരുന്ന സ്ത്രീയെ കാണാനുള്ള ശ്രമത്തിനിടെ അവരുടെ കുടുംബത്തിന്റെ ഇടപെടല്‍ ഇയാളുടെ വീണ്ടുമുള്ള അറസ്റ്റിലേക്ക് നയിക്കുകയാണുണ്ടായത്. ഇയാളെ നാടു കടത്തുന്നതിന് ബന്ധപ്പെട്ട അധികൃതര്‍ പൊലീസ് കൈമാറി.

RELATED STORIES

Share it
Top