നാടും നഗരവും വിഷുത്തിരക്കില്‍; ഗതാഗതക്കുരുക്ക് മുറുകുന്നു

കണ്ണൂര്‍: മലയാളികളുടെ കാര്‍ഷിക സംസ്‌കൃതി വിളംബരം ചെയ്യുന്ന വിഷുവിനു ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ നാടും നഗരവും ആഘോഷത്തിരക്കില്‍ അമരുന്നതോടെ പ്രധാന നഗരങ്ങളില്‍ ഗതാഗതക്കുരുക്കും മുറുകുന്നു. ജില്ലയില്‍ പ്രധാനമായും കണ്ണൂര്‍, പുതിയതെരു, തളിപ്പറമ്പ്, മട്ടന്നൂര്‍, ഇരിട്ടി, കൂത്തുപറമ്പ്, തലശ്ശേരി എന്നിവിടങ്ങളിലാണ് ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നത്. പുതിയതെരുവില്‍ ഗതാഗത നിയന്ത്രണം കൂടി ഏര്‍പ്പെടുത്തിയതോടെ രാവിലെയും വൈകീട്ടുമെല്ലാം വാഹനങ്ങള്‍ ഇഴഞ്ഞുനീങ്ങുകയാണ്.
കണ്ണൂരില്‍ മുന്‍കാലങ്ങളിലേതു പോലെ കുരുക്ക് ഇപ്പോഴില്ലെങ്കിലും വിഷു പ്രമാണിച്ച് നഗരത്തില്‍ തുടങ്ങിയ വിവിധ പ്രദര്‍ശനത്തിനും മേളകള്‍ക്കുമായെത്തുന്നവരുടെ എണ്ണത്തി ല്‍ വന്‍ വര്‍ധനവാണുണ്ടായത്. വിപണി ഉണര്‍ന്നതോടെ തെരുവോര കച്ചവടവും ശക്തമായിട്ടുണ്ട്. സ്‌റ്റേഡിയം കോംപ്ലക്‌സിലും കാല്‍ടെക്‌സ് വരെ നീളുന്ന റോഡരികിലുമെല്ലാം വിവിധ സാധനങ്ങള്‍ വില്‍പനയ്ക്കുണ്ട്. രാവിലെ മുതല്‍ ചുട്ടുപൊള്ളുന്ന വെയിലിനെ പോലും കാര്യമാക്കാതെയാണ് ഗ്രാമങ്ങളില്‍ നിന്നും മറ്റും ആളുകളെത്തുന്നത്. വസ്ത്രങ്ങള്‍ക്ക് നല്ല വിലക്കിഴിവ് ലഭിക്കുമെന്നതിനാല്‍ വഴിയോര കച്ചവടത്തെയാണ് പലരും ആശ്രയിക്കുന്നത്. അവധിക്കാലമായതിനാല്‍ കുട്ടികളെയും കൂട്ടിയാണ് പലരും നഗരത്തിലെത്തുന്നത്. വരുംദിവസങ്ങളില്‍ നഗരത്തില്‍ കൂരുക്ക് രൂക്ഷമാവുന്നതോടെ പോലിസിനും പ്ണി കൂടും. രാത്രികാലങ്ങളില്‍ പോലും റോഡരികില്‍ കച്ചവടം പൊടിപൊടിക്കുമ്പോള്‍ പോക്കറ്റടി പോലുള്ള പ്രശ്‌നങ്ങളും ഉയര്‍ന്നുവരാറുണ്ട്.
വിഷുവിന്റെ പ്രധാന ആഘോഷങ്ങളിലൊന്നായ പടക്കം പൊട്ടിക്കലും കമ്പിത്തിരി കത്തിക്കലുമെല്ലാം ഒഴിച്ചുകുടാനാവാത്ത ഘടകങ്ങളായതോടെ പടക്ക വിപണിയും സജീവമാണ്. ഒരോ വര്‍ഷവും വില്‍പ്പന ഇരട്ടിയാണെങ്കിലും അനധികൃത പടക്കക്കടകളാണു പലയിടത്തും പ്രവര്‍ത്തിക്കുന്നത്. വിഷു വിപണിയിലും പ്ലാസ്റ്റിക് വില്‍പന കര്‍ശനമായി തടയാന്‍ ജില്ലാ ഭരണകൂടം ശക്തമായി രംഗത്തുണ്ട്. പഴയ കാലത്ത് ശിവകാശി പടക്കങ്ങളാണ് ഉപയോഗിച്ചിരുന്നതെങ്കില്‍ നാട്ടിന്‍ പുറങ്ങളിലെ വീടുകള്‍ കേന്ദ്രീകരിച്ച് പോലും ഓലപ്പടകം നിര്‍മാണം നടക്കുന്നുണ്ട്. വര്‍ഷങ്ങള്‍ക്കു മുമ്പ് ഓലപ്പടക്കം നിര്‍മിക്കുന്നതിനു കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയെങ്കിലും ഇപ്പോഴും ചിലയിടങ്ങളില്‍ നടക്കുന്നുണ്ട്. ശിവകാശി പടക്കവും ചൈനീസ് പടക്കവും തന്നെയാണ് പടക്കവിപണിയിലെ താരങ്ങള്‍.
അപകടരഹിതവും സുരക്ഷ ഉറപ്പാക്കുന്നതും വിലക്കുറവും മനോഹര കാഴ്ചകള്‍ സമ്മാനിക്കുന്നതും ചൈനീസ് പടക്കത്തിന് ആവശ്യക്കാര്‍ വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്. സംഗീതം പൊഴിച്ച് കത്തിവീഴുന്ന മ്യൂസിക്കല്‍ ക്രാക്കിള്‍ അണ് ഇത്തവണത്തെ വിപണിയിലെ കേമന്‍. ഉയര്‍ന്നുകത്തി മാനത്ത് പുക്കളം തീര്‍ക്കുന്ന സില്‍ക്ക് ഷോട്ട്, കുടയായി പെയ് തിറങ്ങുന്ന അശ്‌റഫി, 15 മിനുട്ടോളം തുടര്‍ച്ചയായി കത്തുന്ന മഹാ ഉല്‍സവ് ഫഌവര്‍ തുടങ്ങിയ പടക്കങ്ങള്‍ക്കും ആവശ്യക്കാരേറെയാണ്. ഇതിനു പുറമെ പറങ്കി കുരവി, എലിവാണം, നെല്‍ചക്രം, വിവിധ തരം പൂക്കുറ്റികളും വിപണിയില്‍ സജീവമായിട്ടുണ്ട്. വിഷുവിന് രണ്ട് ദിവസം മുമ്പ് തന്നെ പടക്കങ്ങള്‍ വാങ്ങാനുള്ള തിരക്കിലാണ് ജനങ്ങള്‍.

RELATED STORIES

Share it
Top