നാടിന് മാതൃകയായി നാട്ടുകാരുടെ പ്രാഞ്ചി

ചാലക്കുടി: ഇരുളകറ്റി പ്രകാശം നിറയ്ക്കുന്ന നന്മയുടെ കാവല്‍ക്കാരുടെ സ്ഥാനമാണ് കെ എസ് ഇ ബി ജീവനക്കാര്‍ക്ക്. ഇത് ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കി മാതൃകയാവുകയാണ് കൂനംമൂച്ചി ഇലക്ട്രിക് സെക്ഷനിലെ ലൈന്‍മാനായ സി ഡി ഫ്രാന്‍സീസ് എന്ന നാട്ടുകാരുടെ പ്രാഞ്ചി.
പ്രളയത്തില്‍ പുസ്തകങ്ങ ള്‍ നഷ്ടപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് സ്വന്തമായുണ്ടാക്കിയ നോട്ടുപുസ്തകങ്ങള്‍ വിതരണം ചെയ്ത് പ്രത്യാശയുടെ തിരിവെട്ടം പകര്‍ന്ന് നല്‍കുകയാണ് പ്രാഞ്ചി. ജോലി കഴിഞ്ഞുള്ള ഒഴിവുസമയങ്ങളില്‍ തുന്നിക്കൂട്ടിയെടുത്ത മുന്നൂറ് പുസ്തകങ്ങള്‍ ഗവ. ഗേള്‍സ് ഹൈസ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് പ്രാഞ്ചി നേരിട്ടെത്തി നല്‍കി.
മഴവെള്ളക്കെടുതി അനുഭവിക്കുന്നവര്‍ക്ക് എന്തെങ്കിലും സഹായം ചെയ്യണമെന്ന ആഗ്രഹമാണ് നോട്ടുബുക്ക് നിര്‍മ്മാണത്തിലെത്തിയത്. സ്‌കൂള്‍ വിദ്യാഭ്യാസ കാലത്ത് വീടിനടുത്തുള്ള പ്രസ്സില്‍ ഒഴിവുസമയങ്ങളില്‍ നോട്ട് പുസ്തകം ഉണ്ടാക്കിയിരുന്നവരുടെ സഹായിയായിട്ടുണ്ട് അദ്ദേഹം. ഇവിടെനിന്നും ലഭിച്ച അറിവ് പ്രാഞ്ചിയെ ജില്ലാ പ്രവര്‍ത്തി പരിചയമേളയില്‍ നോട്ടുബുക്ക് നിര്‍മ്മാണ മത്സരത്തില്‍ ഒന്നാമനാക്കി. നിര്‍മ്മാണത്തിനാവശ്യമായ പണം കണ്ടെത്തുകയായിരുന്നു അടുത്ത പ്രതിസന്ധി. ഇതിനും പ്രാഞ്ചി വഴികണ്ടെത്തി. ഊര്‍ജ്ജ സംരക്ഷണം, പ്രകൃതി സംരക്ഷണം എന്നീ മേഖകളില്‍ പ്രാഞ്ചി ചെറുപ്പം മുതലേ സജീവമായിരുന്നു. ഈ മേഖലകളിലെ മികവിന് സംസ്ഥാന വകുപ്പിന്റേയും വൈദ്യുതി വകുപ്പിന്റേയും നിരവധി പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. ഈ അവാര്‍ഡുകളില്‍ നിന്നും ലഭിച്ച പണത്തിന്റെ ഒരു വിഹിതം പുസ്തക നിര്‍മ്മാണത്തിനായി മാറ്റിവച്ചു. ഇതിനിടെ സഹപ്രവര്‍ത്തകരും നല്ല മനസ്സുകളും സഹായവും പ്രോത്സാഹനവുമായി ഒപ്പമെത്തി.
. 160 പേജിന്റെ വരയിട്ട പുസ്തകങ്ങളാണ് വിതരണം ചെയ്തത്. വിപണിയില്‍ 30 രൂപയോളം വരുന്ന പുസ്തകം നിര്‍മ്മിക്കാന്‍ പ്രാഞ്ചിക്ക് ചെലവായത് 20 രൂപയില്‍ താഴെയാണ്. സ്‌കൂളില്‍വച്ച് നടത്തിയ ചടങ്ങില്‍ വാര്‍ഡ് കൗണ്‍സിലര്‍ വി ജെ ജോജി അധ്യക്ഷത വഹിച്ചു. തൃശൂര്‍ ഇലക്ട്രിക് സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എഞ്ചിനിയര്‍ പ്രസാദ് മാത്യു, ശാലിനി ടീച്ചര്‍, റോസി ടീച്ചര്‍, ഉദയന്‍ മാസ്റ്റര്‍ സന്നിഹിതരായിരുന്നു.

RELATED STORIES

Share it
Top