നാടിനെ നടുക്കിയ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞിട്ട് ഒരു വര്‍ഷം പിന്നിടുന്നു

വൈക്കം: സിനിമ സ്റ്റൈലില്‍ നടന്ന കൊലപാതക കഥയുടെ ചുരുളഴിഞ്ഞിട്ട് ഒരു വര്‍ഷം പിന്നിടുന്നു. കള്ളനോട്ട് കേസില്‍ പ്രതിയായ ടിവി പുരം പള്ളിപ്രത്തുശ്ശേരി ചെട്ടിയാംവീട്ടില്‍ അനീഷിനെ ചോദ്യം ചെയ്യുന്നതിനിടയിലാണ് ആത്മ സുഹൃത്തിനെ കൊന്നുകുഴിച്ചു മൂടിയതിന്റെ കഥ പോലിസിനോടു പറയുന്നത്. സംഭവകഥ പുറത്തുവന്നതോടെ വലിയ ചര്‍ച്ചാവിഷയമായി.
പോലിസിനെ ഏറെ ബുദ്ധിമുട്ടിച്ച സംഭവത്തിലേക്കാണ് കൊലപാതക കഥ എത്തിച്ചതും. 2008ലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. അക്കാലത്ത് തലയോലപ്പറമ്പിലെ പ്രധാന പണമിടപാടുകാരനായിരുന്നു കൊല്ലപ്പെട്ട തലയോലപ്പറമ്പ് ആശുപത്രിക്കവലയ്ക്ക് സമീപമുള്ള കാലായില്‍ കാക്ക മാത്തന്‍ എന്നുവിളിക്കുന്ന മാത്യു. സംഭവം നടക്കുന്ന സമയത്ത് മാത്യുവിന് 44 വയസ്സായിരുന്നു.
ആശുപത്രിക്കവലയ്ക്ക് സമീപം അനീഷ് സ്റ്റിക്കര്‍ വര്‍ക്കുകള്‍ നടത്തുന്ന സ്ഥാപനം നടത്തുകയായിരുന്നു. വൈകുന്നേര സമയങ്ങളില്‍ അനീഷിന്റെ കടയില്‍ മാത്യു സ്ഥിര സന്ദര്‍ശകനായിരുന്നു. ഇവര്‍ ഉറ്റസുഹൃത്തുക്കളുമായിരുന്നു. സൗഹൃദത്തില്‍ വീടിന്റെ ആധാരം പണയപ്പെടുത്തി അനീഷ് മാത്തനി ല്‍ നിന്നു പണം വാങ്ങി. ഇതു തിരികെ ലഭിക്കാന്‍ വൈകിയതിനെ തുടര്‍ന്ന് മാത്തന്‍ അനീഷിനെ നിരന്തരം ശല്യപ്പെടുത്തുമായിരുന്നു. ഇതാണു സൗഹൃദം തകരുന്നതിനും പിന്നീട് കൊലപാതകത്തിനും കാരണമായത്. കള്ളനോട്ട് കേസില്‍ അനീഷ് പ്രതിയായതോടെയാണ് നാടിനെ നടുക്കിയ അരുംകൊലയുടെ ചുരുളഴിയുന്നത്. മാത്തനെ കൊല ചെയ്ത ശേഷം കടയുടെ പുറകുവശത്ത് കുഴിയുണ്ടാക്കി കുഴിച്ചുമൂടുകയായിരുന്നു. മാത്തന്‍ തിരികെ വരുമെന്ന വിശ്വാസത്തിലായിരുന്നു വീട്ടുകാരും നാട്ടുകാരുമെല്ലാം.
എട്ടു ദിവസങ്ങളായി എസ്പിയുടെ നേതൃത്വത്തില്‍ പോലിസ് നടത്തിയ അന്വേഷണത്തിനാണ് ഒടുവില്‍ തിരശ്ശീല വീഴുന്നത്.  പ്രതിയായ അനീഷ് ഇപ്പോള്‍ ജയില്‍ശിക്ഷ അനുഭവിക്കുകയാണ്. കേസിന്റെ തുടര്‍ നടപടികളുടെ ഭാഗമായി രണ്ടാഴ്ച മുമ്പ് മാത്തന്റെ ഡിഎന്‍എ പരിശോധനകള്‍ക്കായി ബന്ധുക്കളുടെ രക്ത സാംപിള്‍ ശേഖരിച്ചിരുന്നു. മാത്തന്റെ മകള്‍ നൈസിയുടെ രക്തസാംപിളാണ് ശേഖരിച്ചത്.

RELATED STORIES

Share it
Top