നാടിനെ അറിയുന്ന വനിതാ കൂട്ടായ്മക്ക് സഹകരണ പുരസ്‌കാരം

ചക്കിട്ടപ്പാറ: റിട്ടയര്‍മെന്റിനു ശേഷം വീട്ടില്‍ ഒതുങ്ങിക്കൂടുന്നവരാണ് മിക്ക സ്ത്രീകളും. മൂന്നരപതിറ്റാണ്ടിലേറെ ഔദ്യോഗിക ജീവിതം നയിച്ചവരാണെങ്കില്‍ പ്രത്യേകിച്ചും. എന്നാല്‍ ഇവരില്‍ നിന്നൊക്കെ വ്യത്യസ്തയാവുകയാണ് എം ജെ ത്രേസ്യ എന്ന ത്രേസ്യാമ്മ ജോര്‍ജ് കുരിശുംമൂട്ടില്‍.
ഈ വ്യത്യസ്തത തന്നെയാണ് ചക്കിട്ടപാറ വനിതാ സഹകരണസംഘം രൂപംകൊള്ളുന്നതിനും ഈ വര്‍ഷത്തെ സംസ്ഥാന ജില്ലാ അവാര്‍ഡുകള്‍ ഈ കൂട്ടായ്മയെ തേടിയെത്തുന്നതിനും ഇടയാക്കിയത്. 2016-2017 സാമ്പത്തികവര്‍ഷം മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച ജില്ലയിലെ ഒന്നാമത്തെയും സംസ്ഥാനത്തെ മൂന്നാമത്തെയും വനിതാസഹകരണ സംഘമായാണ് ചക്കിട്ടപാറ തിരഞ്ഞെടുക്കപ്പെട്ടത്. ഈ മാസം 13ന് തിരുവനന്തപുരത്തു നടന്ന ചടങ്ങില്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനില്‍ നിന്നു ഭരണസമിതി പ്രസിഡന്റും സംഘത്തിന്റെ സ്ഥാപകയുമായ ത്രേസ്യാമ്മ, സെക്രട്ടറി ഷാലി ജോസഫ്, അംഗങ്ങളായ സുജാത മനയ്ക്കല്‍, മറിയാമ്മ മാത്യു, ശോഭന രഘുനാഥ്, ബീന ബെന്നി എന്നിവര്‍ അവാര്‍ഡ് ഏറ്റുവാങ്ങി. ദൈവം ഓരോരുത്തര്‍ക്കും ഓരോരോ കഴിവുകള്‍ നല്‍കിയിട്ടുണ്ട്.
ആകുന്ന കാലം വരെ അതു പരമാവധി പ്രയോജനപ്പെടുത്തി മറ്റുള്ളവര്‍ക്ക് ഉപകാരം ചെയ്തുകൊണ്ടിരിക്കണം. ഒരു മാസികയില്‍ യാദൃശ്ചികമായി കണ്ട ഈ വാചകങ്ങളാണ് ത്രേസ്യാമ്മയെ സഹകരണ സംഘം എന്ന ആശയത്തിലേക്ക് എത്തിക്കുന്നത്. ചക്കിട്ടപ്പാറ കോപ്പറേറ്റീവ് ബാങ്കില്‍ സെക്രട്ടറിയായി 38 വര്‍ഷത്തെ സേവനത്തിനു ശേഷം വീട്ടിലിരിക്കുമ്പോഴായിരുന്നു അത്.
അതേക്കുറിച്ചു അവരുടെ വാക്കുകള്‍’’ഈ വാചകങ്ങള്‍ എന്റെ മനസില്‍ അലയടിച്ചുകൊണ്ടിരുന്നു. കുറെ ആലോചിച്ച ശേഷം ഒരു തീരുമാനമെടുത്തു. സമൂഹത്തിലെ സ്ത്രീകള്‍ക്കു വേണ്ടി എന്തെങ്കിലും ചെയ്യണം. അത് ഒരു സഹകരണ പ്രസ്ഥാനത്തിലൂടെ ആയാല്‍ വിജയിക്കുമെന്ന് ഉറപ്പുണ്ടായിരുന്നു. അങ്ങനെ 2010 നവംബര്‍ 27ന് കക്ഷി രാഷ്ട്രീയഭേദമന്യേ ഒരു യോഗം വിളിച്ചുചേര്‍ക്കുകയായിരുന്നു. അതില്‍ 74 പേര്‍ പങ്കെടുത്തതും സ്ത്രീശാക്തീകരണം എന്ന വിഷയത്തില്‍ എല്ലാവര്‍ക്കും ഏകാഭിപ്രായമാണെന്നതും ത്രേസ്യാമ്മയ്ക്കു കരുത്തേകി.
ശേഷം ഒരു വനിത സൊസൈറ്റിയുടെ ബൈലോ ഉണ്ടാക്കി പ്രമോട്ടിങ് കമ്മിറ്റി അവതരിപ്പിക്കുകയായിരുന്നു. ചീഫ് പ്രമോട്ടറായി തിരഞ്ഞെടുക്കപ്പെട്ട അവര്‍ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട നടപടികള്‍ പെട്ടെന്നു തന്നെ നീക്കുകയും 2011 ഏപ്രില്‍ 30ന് സംഘം രജിസറ്റര്‍ ചെയ്യപ്പെടുകയും ചെയ്തു.2011 ജൂണ്‍ 11 ന് പ്രവര്‍ത്തനം തുടങ്ങിയ സംഘത്തിന് ഇന്ന് 50 ലക്ഷം രൂപയുടെ ഓഹരി മൂലധനവും 15 കോടി രൂപയുടെ ആസ്തിയുമുണ്ട്. മൂവായിരത്തില്‍പരം അംഗങ്ങളുള്ള സംഘത്തിനു 11 അംഗ ഭരണസമിതി ആണ് സാരഥ്യം വഹിക്കുന്നത്.
പ്രവര്‍ത്തനത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ 25 ശതമാനം ലാഭവിഹിതം അംഗങ്ങള്‍ക്കു നല്‍കിയ സംഘം ലാഭത്തിന്റെ പത്തു ശതമാനം പൊതുനന്‍മയ്ക്കായി നീക്കി വച്ച് ഒട്ടേറെ സാമൂഹ്യപ്രവര്‍ത്തനങ്ങളും കാഴ്ചവച്ചു. ഓഡിറ്റിങ് പ്രകാരം തുടക്കം മുതല്‍ക്കു തന്നെ എ ക്ലാസ് നിലവാരത്തിലാണ്് സംഘം പ്രവര്‍ത്തിക്കുന്നത്. പേരാമ്പ്ര, ചങ്ങരോത്ത്,ചക്കിട്ടപാറ പഞ്ചായത്തുകളില്‍പെട്ട ആര്‍ക്കും വായ്പയ്ക്കായി സംഘത്തെ സമീപിക്കാം. സംഘത്തില്‍ ഏതാവശ്യവുമായി വരുന്ന വനിതകളെ ചെറുതും വലുതുമായ വായ്പകള്‍ നല്‍കി സഹായിക്കുന്നു.

കാര്‍ഷിക അനുബന്ധ പ്രവര്‍ത്തനങ്ങളായ പശു, ആട്, കോഴിവളര്‍ത്തല്‍,പച്ചക്കറിത്തോട്ടം ഉണ്ടാക്കുന്നതിനുള്ള വായ്പ, കുടുംബശ്രീകള്‍ക്കുള്ള ലിംഗേജ് വായ്പകള്‍, സ്വയംതൊഴില്‍ കണ്ടെത്തുന്നതിനുള്ള വായ്പകള്‍ എന്നിവയും കാലതാമസം കൂടാതെ ലഭ്യമാക്കുന്നുണ്ട്.ചക്കിട്ടപാറ സ്‌പോര്‍ട്‌സ് അക്കാദമിയുമായി ബന്ധപ്പെട്ട് കായികപരിശീലനത്തിന് എത്തുന്ന കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിനു സഹായം നല്‍കുന്നതോടൊപ്പം ചക്കിട്ടപാറ പഞ്ചായത്തിലെ പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്കു പഠനോപകരണങ്ങള്‍ നല്‍കുന്നതിനും ഫണ്ട് നീക്കിവയ്ക്കുകയുണ്ടായി.പഞ്ചായത്തിലെ മാലിന്യം ഒഴിവാക്കുന്നതിന്റെ ഭാഗമായി വീടുകള്‍ കയറി ബോധവത്ക്കരണം നടത്തി. അനര്‍ടുമായി സഹകരിച്ച് സബ്‌സിഡി നിരക്കില്‍ ബയോഗ്യാസ് പ്ലാന്റുകള്‍ തയാറാക്കി കൊടുക്കുകയും വാങ്ങുവാന്‍ നിര്‍വാഹമില്ലാത്തവര്‍ക്ക് മൂന്നുവര്‍ഷത്തെ കാലാവധിക്ക് വായ്പ അനുവദിച്ചുകൊടുക്കുകയും ചെയ്തു.വനിതകള്‍ക്കായി യോഗക്ലാസുകള്‍ നടത്തി.
കൂരാച്ചുണ്ട് ഡ്രൈവിങ് സ്‌കൂളുമായി സഹകരിച്ച് പെണ്‍കുട്ടികള്‍ക്കു ഡ്രൈവിങ് ക്ലാസ് നടത്തുകയും 28പേര്‍ക്കു ലൈസന്‍സ് നേടിക്കൊടുക്കുകയും ചെയ്തു. വിഷരഹിത പച്ചക്കറി കൃഷിയെക്കുറിച്ച് ബോധവത്ക്കരണക്ലാസുകള്‍ സംഘടിപ്പിച്ചു. വിത്തുകളും ജൈവവളങ്ങളും ഗ്രോബാഗുകളും വിതരണം ചെയ്തു. സ്വന്തം നേതൃത്വത്തില്‍ ഉണ്ടാക്കിയ ജൈവപച്ചക്കറി തോട്ടത്തില്‍ നിന്നു ലഭിച്ച വിത്തുകളാണ് വിതരണം ചെയ്തതെന്ന് ത്രേസ്യാമ്മ അഭിമാനത്തോടെ പറയുന്നു.സംഘത്തിന്റെ ആരംഭകാലത്തു തന്നെ ഒരു ടൈലറിങ് യൂണിറ്റ് നടത്തിവരുന്നുണ്ട്. പകര്‍ച്ചവ്യാധി മെഡിക്കല്‍ ക്യാംപുകള്‍ സംഘടിപ്പിക്കുകയും സൗജന്യമായി പ്രതിരോധ മരുന്നുകള്‍ വിതരണം ചെയ്യുകയും ചെയ്തു.

RELATED STORIES

Share it
Top