നാടിനെ അറിഞ്ഞ് അവധിക്കാല ക്യാംപ്; കുട്ടിക്കൂട്ടങ്ങള്‍ ആഘോഷമാക്കി

ഇലന്തൂര്‍: നാട്ടൊരുമയില്‍ നാടിനെ അറിഞ്ഞും കൂട്ട് കൂടിയും കുട്ടിക്കൂട്ടങ്ങള്‍ യാത്ര പോയി. നാട്ടൊരുമ പഠനകളരിയുടെ രണ്ട് ദിവസത്തെ അവധിക്കാല ക്യാംപ് ആണ് ഇലന്തൂരിലെ സമീപഗ്രാമങ്ങളിലേക്കും സാംസ്‌കാരിക കേന്ദ്രങ്ങളിലേക്കും കുട്ടികള്‍ക്കായി യാത്ര സംഘടിപ്പിച്ചത്.
ആദ്യം മൂലൂര്‍ സ്മാരകത്തില്‍ എത്തിയ കുട്ടികളെ സമിതി പ്രസിഡന്റ് കെ സി രാജഗോപാലന്‍, സെക്രട്ടറി പ്രൊഫ. ഡി പ്രസാദ്  സ്വീകരിച്ചു. മൂലൂരിനെയും സ്മാരകത്തേയും കുറിച്ച് കുട്ടികളോട് സംസാരിച്ചു. ഇരുന്നൂറ് വര്‍ഷം പഴക്കമുള്ള ഇലന്തൂരിലെ ആദ്യ ക്രൈസ്തവ ദേവാലയം കുട്ടികളെ അല്‍ഭുതപ്പെടുത്തി.
ഇലന്തൂരില്‍ ഗാന്ധിജിയുടെ സന്ദര്‍ശനത്തിന്റെ ഓര്‍മ്മ പേറുന്ന ഗാന്ധി സ്മൃതി മണ്ഡപത്തിലെത്തിയപ്പോള്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സാംസണ്‍ തെക്കേതില്‍ കുട്ടികളെ സ്വീകരിച്ചു. തുടര്‍ന്ന് ഗാന്ധി ശിഷ്യന്‍ കെ കുമാര്‍ജിയുടെ സ്മാരകം, മധ്യതിരുവിതാംകൂര്‍ ഖാദി പ്രസ്ഥാനത്തിന് പ്രചാരണം നല്‍കിയ ഖദര്‍ദാസ് ടി പി ഗോപാലപിള്ള സ്മൃതി മണ്ഡപം, ഖാദി ജില്ലാ ഓഫിസ്, പടയണിയ്ക്ക് പേരുകേട്ട ഇലന്തൂര്‍ ഭഗവതികുന്ന് ദേവിക്ഷേത്രം സന്ദര്‍ശിച്ചു. ക്ഷേത്രത്തില്‍ പടയണികലാകാരന്‍ കെ അശോക് കുമാര്‍ കുട്ടികളുമായി സംവദിച്ചു.
ശ്രീനാരായണ ഗുരുവിന്റെ പാദസ്പര്‍ശം കൊണ്ട് അനുഗ്രഹീതമായ ഇലന്തൂര്‍ പരിയാരത്തുള്ള വടക്കേല്‍ വീട്, മംഗലത്ത് മധുവിന്റെ മീന്‍ വളര്‍ത്തല്‍ കേന്ദ്രവും, കര്‍ഷകനായ കുരിക്കന്റെ കാലായില്‍ രഘുവിന്റെ കൃഷിയും സ്ഥലവും നാട്ടൊരുമ കുട്ടികള്‍ക്ക് പരിചയപ്പെടുത്തി.വൈകിട്ട് നടന്ന സമാപനസമ്മേളനത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് സാംസണ്‍ തെക്കേതില്‍ പങ്കെടുത്ത കുട്ടികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.
നാട്ടൊരുമ പ്രസിഡന്റ് സാം ചെമ്പകത്തില്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി എസ്  സുനില്‍ കുമാര്‍, ജോ. സെക്രട്ടറി സിബി ഇലന്തൂര്‍, വൈസ് പ്രസിഡന്റ് പി കെ സുശീല്‍ കുമാര്‍, ഖജാന്‍ജി സജി വര്‍ഗീസ്, ക്യാംപ് ഡയറക്ടര്‍മാരായ അനീഷ് പ്രഭാകര്‍, ശ്രീരാജ് ചന്ദനപ്പള്ളി, രക്ഷാധികാരി കെ. അശോക് കുമാര്‍, കമ്മിറ്രി അംഗം ഗോപിനാഥ് സംസാരിച്ചു.

RELATED STORIES

Share it
Top