നാടന്‍ രുചിവൈവിധ്യങ്ങളുമായി മാനന്തവാടി ബിഎഡ് സെന്റര്‍ ഭക്ഷ്യമേള

മാനന്തവാടി: പച്ച പറങ്കി, താളും തകരയും, ഊട്ടുപുര, ഗണേശേട്ടന്റെ പീട്യ, കുളുത്ത്, ചായക്കട എന്നിങ്ങനെ ആറു സ്റ്റാളുകളിലായി മുന്നൂറോളം നാടന്‍ വിഭവങ്ങളൊരുക്കി കണ്ണൂര്‍ സര്‍വകലാശാലാ മാനന്തവാടി കാംപസ് ബിഎഡ് സെന്റര്‍ അധ്യാപക വിദ്യാര്‍ഥികള്‍.
പാവക്ക, മുളക്, ചുണ്ടങ്ങ കൊണ്ടാട്ടങ്ങള്‍, വിവിധ തരം ചമ്മന്തികള്‍, അച്ചാറുകള്‍, തോരന്‍, മത്തന്‍ വരകിയത്, അരിപ്പുട്ട്, ഗോതമ്പ് പുട്ട്, കപ്പ, കാച്ചില്‍, ചേമ്പ് പുഴുക്കുകള്‍, തൊറമാങ്ങ, എടെന അപ്പം, മീന്‍ ചുട്ടത്, മണി തക്കാളി അച്ചാര്‍, പുളിയിഞ്ചി, മത്തന്‍ വടക്, കപ്പ പപ്പടം, ചക്ക പപ്പടം, കൊഴുക്കട്ട, ചക്ക പുഴുക്ക്, ചക്കക്കുരു തോരന്‍, പിടിയും കോഴിക്കറിയും, പോത്ത് വരട്ടിയത്, ബോട്ടി വരട്ട്, കൂര്‍ക്ക, മുളയരി കഞ്ഞി, മുളയരി പായസം, ഇലുമ്പന്‍ പുളിയച്ചാര്‍, വാഴച്ചുണ്ട് തോരന്‍ എന്നിങ്ങനെ കൊതിയൂറും വിഭവങ്ങളാണ് പ്രദര്‍ശന സ്റ്റാളുകളില്‍ ഇടംപിടിച്ചത്.
അധ്യാപക വിദ്യാര്‍ഥികള്‍ സ്വയം ഉണ്ടാക്കിയതും വീടുകളില്‍ നിന്ന് ഉണ്ടാക്കി കൊണ്ടുവന്നതുമായിരുന്നു വിഭവങ്ങള്‍. മെടഞ്ഞ ഓലകള്‍ കൊണ്ട് സജ്ജീകരിച്ച ചായക്കട അവതരണത്തിലും വിഭവങ്ങളുടെ എണ്ണത്തിലും രുചി വൈവിധ്യത്തിലും പ്രത്യേക ശ്രദ്ധനേടി. പഴയകാലത്തെ നാട്ടിന്‍പുറങ്ങളിലെ ചായക്കടകളുടെ പ്രതീതി ജനിപ്പിക്കാനും ഈ സ്റ്റാളിന് സാധിച്ചു.
ബിഎഡ് സെന്ററിലെ ഫോക്‌ലോര്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് ഭക്ഷ്യമേള സംഘടിപ്പിച്ചത്.
ജീവിതശൈലീ രോഗങ്ങള്‍ വ്യാപകമാവുന്ന വര്‍ത്തമാനകാലത്ത് ഭക്ഷണ ശീലങ്ങളില്‍ പഴമയിലേക്ക് തിരിച്ചുപോവേണ്ടത് കാലഘട്ടത്തിന്റെയും മാനവ സമൂഹത്തിന്റെയും അനിവാര്യതയാണെന്ന് ആഹ്വാനം ചെയ്യുകയാണ് ഭാവിയിലെ അധ്യാപക സമൂഹം ഒരുക്കിയ ഭക്ഷ്യമേള.
ഫോക്‌ലോര്‍ പ്രമേയമായി വരുന്ന നൂറോളം പുസ്തകങ്ങളുടെ പ്രദര്‍ശനവും മേളയുടെ ഭാഗമായി ഒരുക്കിയിരുന്നു. എടവക ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഉഷാ വിജയന്‍ ഉദ്ഘാടനം ചെയ്തു. കോഴ്‌സ് ഡയറക്ടര്‍ എ സജിത്ത് അധ്യക്ഷത വഹിച്ചു. നജ്മുദ്ദീന്‍ മൂടമ്പത്ത്, നിഷ റോസ്ബിന്‍ സംസാരിച്ചു. സി എച്ച് ഗണേഷ് കുമാര്‍, ദീപ്തിമോള്‍, കെ എം അഖില, എം ലീല, കെ ലിജിത്ത്, അഞ്ജു ബാബു, കെ സി അശ്വതി, ക്രിസ്റ്റീന സാം, അമല്‍ ബെന്നി, വി അഷ്‌കര്‍, ബി കെ മിഥിലാജ് നേതൃത്വം നല്‍കി.

RELATED STORIES

Share it
Top