നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ അപ്രതീക്ഷിത അട്ടിമറി

കല്‍പ്പറ്റ:  മാനന്തവാടിയില്‍ നടന്ന സിപിഐ ജില്ലാ സമ്മേളനത്തിലുണ്ടായത് അപ്രതീക്ഷിത അട്ടിമറി. പാര്‍ട്ടി ജില്ലാ സെക്രട്ടറി സ്ഥാനം ഉറപ്പിച്ചിരിക്കെയാണ് എഐടിയുസി ജില്ലാ സെക്രട്ടറിയുമായ പി കെ മൂര്‍ത്തിക്ക് 21 അംഗ ജില്ലാ കൗണ്‍സിലില്‍പോലും ഇടം കിട്ടാതെ വന്നത്. ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉള്‍പ്പെടെ പാര്‍ട്ടി സംസ്ഥാന നേതാക്കള്‍ നിര്‍ദേശിച്ചത് നാലു പതിറ്റാണ്ട് പ്രവര്‍ത്തന പാരമ്പര്യമുള്ള പി കെ മൂര്‍ത്തിയുടെ പേരാണ്. സമ്മേളനത്തിന്റെ സമാപനദിവസം ഉച്ചകഴിഞ്ഞ് കാനം മാനന്തവാടി വിട്ടതിനുശേഷം നടന്ന നാടകീയ നീക്കങ്ങളാണ് ജി്ല്ലാ കൗണ്‍സിലിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നതിനു വഴിയൊരുക്കിയത്. തെരഞ്ഞെടുപ്പ് പൂര്‍ത്തിയായപ്പോള്‍ ഏറ്റവും കുറവ് വോട്ടുമായി മൂര്‍ത്തി ജില്ലാ കൗണ്‍സിലിനു പുറത്താകുകയായിരുന്നു. 95 വോട്ടാണ് മൂര്‍ത്തിക്ക് ലഭിച്ചത്. 156 പേര്‍ക്കായിരുന്നു  വോട്ടവകാശം. ജില്ലാ കൗണ്‍സിലേക്കുള്ള അംഗങ്ങളുടെ പാനല്‍  സമ്മേളനത്തില്‍ അവതരിപ്പിച്ചപ്പോള്‍ത്തെന്നെ അപസ്വരങ്ങള്‍ ഉയര്‍ന്നു. ദീര്‍ഘകാലമായി കൗണ്‍സിലില്‍ തുടരുന്നവരില്‍ കുറച്ചുപേരെ ഒഴിവാക്കി ചെറുപ്പക്കാര്‍ക്ക് അവസരം കൊടുക്കണമെന്ന് പ്രതിനിധികളില്‍ ചിലര്‍ ആവശ്യപ്പെട്ടു. ഇവര്‍ ഏതാനും പേരുകളും നിര്‍ദേശിച്ചു. ഇത്തരത്തില്‍ നിര്‍ദേശിച്ചവരില്‍ ആദിവാസി വനിത ഉള്‍പ്പടെ കുറച്ചുപേര്‍ മത്സരത്തിനില്ലെന്ന നിലപാട് സ്വീകരിച്ചു. എന്നാല്‍ കമ്മനയില്‍നിന്നുള്ള രഞ്ജിത്ത്, പടിഞ്ഞാറത്തറയില്‍നിന്നുള്ള തയ്യില്‍ അഷ്‌റഫ് എന്നിവര്‍ മത്സരത്തിനു തയാറായി. ഇതോടെ തെരഞ്ഞെടുപ്പ് അനിവാര്യമായി. ബാലറ്റ് പേപ്പര്‍ തയാറാക്കലും പോളിംഗ് ബൂത്ത് ഒരുക്കലും ഉള്‍പ്പെടെ തെരഞ്ഞെടുപ്പ് പ്രക്രിയ മൂന്നു മണിക്കൂര്‍ നീണ്ടു. തെരഞ്ഞെടുപ്പില്‍ ഇംഗ്ലീഷ് അക്ഷരമാല ക്രമത്തില്‍ തയാറാക്കിയ സ്ഥാനാര്‍ഥി പട്ടികയില്‍ മാനന്തവാടി മണ്ഡലത്തില്‍നിന്നുള്ള പ്രതിനിധികളാണ് മൂര്‍ത്തിയുടെ പേര് കൂട്ടത്തോടെ വെട്ടിയത്. മേപ്പാടി, വൈത്തിരി, പൊഴുതന തുടങ്ങി തോട്ടം മേഖലയില്‍നിന്നുള്ള പ്രതിനിധികളില്‍ ചിലരും മൂര്‍ത്തിയെ തഴഞ്ഞു. പാനലിനു പുറത്തുനിന്നു മത്സരിച്ച രണ്ടു പേരും  തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ 101 വോട്ടുമായി സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍നിന്നുള്ള എ എ സുധാകരനും കൗണ്‍സിലിനു പുറത്തായി. വൈത്തിരിയില്‍നിന്നുള്ള എം വി ബാബു, കെ കെ തോമസ് എന്നിവര്‍ക്കാണ് തെരഞ്ഞെടുപ്പില്‍ കൂടുതല്‍ വോട്ട് ലഭിച്ചത്. 154 വീതം വോട്ട് ഇവര്‍ക്ക് ലഭിച്ചു. സുല്‍ത്താന്‍ ബത്തേരിയില്‍നിന്നുള്ള സി എം സുധീഷ്, മീനങ്ങാടിയില്‍നിന്നുള്ള സജി കാവനക്കുടി എന്നിവര്‍ക്ക് 152 വീതം വോട്ട് നേടി.  എട്ടുവര്‍ഷമായി ജില്ലാ സെക്രട്ടറി സ്ഥാനത്തുള്ള വിജയന്‍ ചെറുകരയ്ക്ക് 146-ഉം മാനന്തവാടിയില്‍നിന്നുള്ള അസിസ്റ്റന്റ് സെക്രട്ടറി ഇ ജെ ബാബുവിനു 147-ഉം വോട്ടു കിട്ടി. തെരഞ്ഞെടുപ്പിനുശേഷം എം വി ബാബുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രഥമ ജില്ലാ കൗണ്‍സില്‍ യോഗത്തിലായിരുന്നു ജില്ലാ സെക്രട്ടറി തെരഞ്ഞെടുപ്പ്. സെക്രട്ടറി സ്ഥാനത്തേക്ക് ആരെയെങ്കിലും നിര്‍ദേശിക്കാനുണ്ടോയെന്ന് അധ്യക്ഷന്‍ ആരാഞ്ഞപ്പോള്‍ ഇല്ലെന്നാണ് സ്റ്റേറ്റ് സെന്റര്‍ പ്രതിനിധികളായ കെ രാജന്‍ എംഎല്‍എ, സത്യന്‍ മൊകേരി, ടി പുരുഷോത്തമന്‍ എന്നിവര്‍ അറിയിച്ചത്.  ഇതിനു  പിന്നാലെ അധ്യക്ഷന്‍ കൗണ്‍സിലില്‍നിന്നു നിര്‍ദേശങ്ങള്‍ ക്ഷണിച്ചു. ഈ സമയം തരിയോടുനിന്നുള്ള ഷിബു പോള്‍ വിജയന്‍ ചെറുകരയുടെയും മാനന്തവാടിയില്‍നിന്നുള്ള ജോണി മറ്റത്തിലാനി ഇ ജെ ബാബുവിന്റെയും പേര്‍ നിര്‍ദേശിച്ചു. സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കാനാണ് തീരുമാനമെന്ന് വിജയന്‍ ചെറുകര വ്യക്തമാക്കി. മിനിട്ടുകള്‍ നീണ്ട മൗനത്തിനൊടുവില്‍ ഇ ജെ ബാബു മത്സരത്തില്‍നിന്നു പിന്മാറുകയും തുടര്‍ച്ചയായി മൂന്നാംതവണയും സെക്രട്ടറിയാകുന്നതിനു വിജയന്‍ ചെറുകരയ്ക്ക് നറുക്കുവീഴുകയുമായിരുന്നു.

RELATED STORIES

Share it
Top