നാഗ്പൂര്‍ മാമയുടെ നാക്കുപിഴയ്ക്കു പിന്നില്‍

ഇന്ദ്രപ്രസ്ഥം - നിരീക്ഷകന്‍

നിതിന്‍ ഗഡ്കരി മറാത്തിയാണ്. സ്വദേശം നാഗ്പൂര്‍. ആള്‍ ചില്ലറക്കാരനല്ല. നാഗ്പൂര്‍ കുറുവടി സംഘത്തിന്റെ സ്വന്തം ആളാണ്. മറാത്തി ബ്രാഹ്മണരാണ് പശുവാദി സംഘത്തിന്റെ ആചാര്യന്‍മാര്‍. കഴിഞ്ഞ ഒമ്പതു പതിറ്റാണ്ടിലും അക്കാര്യത്തില്‍ മാറ്റമൊന്നും ഉണ്ടായിട്ടില്ല. ഗഡ്കരിയെ ഭാരതീയ പശുവാദി പാര്‍ട്ടിയുടെ അധ്യക്ഷപദവിയിലേക്കു 2010ല്‍ കൊണ്ടുവന്നതും നാഗ്പൂരിലെ ആചാര്യന്‍മാര്‍ തന്നെ. പാര്‍ട്ടി നേതൃത്വത്തില്‍ ഇരിക്കുമ്പോഴും പിന്നീട് നരേന്ദ്ര മോദി മന്ത്രിസഭയില്‍ പ്രവര്‍ത്തിക്കുമ്പോഴും നാഗ്പൂര്‍ എന്തു ചിന്തിക്കുന്നു എന്നു കൃത്യമായി അറിയുന്ന ആളാണ് ഗഡ്കരി. അതിനാല്‍, ആര്‍എസ്എസിനെ നിരീക്ഷിക്കുന്നവര്‍ക്ക് ഗഡ്കരിയെ നിരീക്ഷിക്കുന്നത് പലപ്പോഴും കാര്യങ്ങള്‍ കൃത്യമായി വെളിവായിക്കിട്ടാന്‍ സഹായിക്കും.
ആര്‍എസ്എസിന്റെ കേന്ദ്രമന്ത്രിസഭയിലെ മനസ്സാക്ഷി സൂക്ഷിപ്പുകാരില്‍ പ്രധാനി ഗഡ്കരിയാണെന്ന് അറിയാവുന്നവര്‍ സമീപകാലത്തെ ചില ഗഡ്കരി പ്രസ്താവനകള്‍ക്കു വലിയ പ്രാധാന്യം കൊടുക്കുന്നുണ്ട്. ഗഡ്കരി വെറുതെ വായില്‍ തോന്നുന്നത് വിളിച്ചുപറയുന്ന ആളല്ല. പൊതുവില്‍ ഗൗരവസ്വഭാവക്കാരനാണ് ടിയാന്‍. പറയുന്ന വാക്കുകള്‍ സൂക്ഷിച്ചാണ് പുറത്തേക്കു വിടുക. വാക്കു പാലിക്കണമെന്നു നിര്‍ബന്ധമുള്ള വ്യക്തി. കേന്ദ്രമന്ത്രിസഭയില്‍ മഹാ ഭൂരിപക്ഷം അംഗങ്ങളും കാശിനു കൊള്ളാത്തവര്‍ എന്ന സല്‍പ്പേര് നേടിയവരാണെങ്കിലും ഗഡ്കരി അങ്ങനെയല്ല. കക്ഷി ഉപരിതല ഗതാഗത വകുപ്പിന്റെ ചുമതലക്കാരനാണ്. രാജ്യത്ത് റോഡുകള്‍ പണിയുന്നതിലും ജലഗതാഗതം മെച്ചപ്പെടുത്തുന്നതിലും കാര്യമായ ശ്രദ്ധ ചെലുത്തിയിട്ടുമുണ്ട്. മന്ത്രിസഭയില്‍ കാര്യപ്രസക്തിയുടെ കാര്യത്തില്‍ മുമ്പന്‍.
അങ്ങനെയുള്ള ഗഡ്കരിയാണ് കഴിഞ്ഞ ദിവസം മറാത്തിയിലെ ഒരു ചാനലിനോട് ഒരു കാര്യം നേരെച്ചൊവ്വേ പറഞ്ഞത്. കഴിഞ്ഞ തിരഞ്ഞെടുപ്പുകാലത്ത് അമിത വാഗ്ദാനങ്ങള്‍ നല്‍കിയാണ് ബിജെപി അധികാരത്തില്‍ വന്നത് എന്ന കാര്യം അദ്ദേഹം തുറന്നു സമ്മതിച്ചു. വിദേശത്തെ കള്ളപ്പണക്കാരെ അകത്താക്കി ഓരോ കുടുംബത്തിനും 15 ലക്ഷം രൂപ വീതം അക്കൗണ്ടില്‍ ഇട്ടുകൊടുക്കുമെന്ന മോദിയുടെ വാഗ്ദാനത്തെക്കുറിച്ചു ചോദിച്ചപ്പോഴാണ് ഗഡ്കരി അമിത വാഗ്ദാനത്തെക്കുറിച്ചു തുറന്നു സമ്മതിച്ചത്. ജയിക്കുമെന്ന് ഒരു പ്രതീക്ഷയും ഉണ്ടായിരുന്നില്ല. അതിനാല്‍, കൊടുക്കുന്ന വാഗ്ദാനം പാലിക്കേണ്ടിവരുന്ന പ്രശ്‌നവുമില്ല. അതുകൊണ്ടാണ് വായില്‍ കൊള്ളാത്ത വാഗ്ദാനങ്ങള്‍ നീട്ടിയെറിഞ്ഞത്- അതാണ് ഗഡ്കരി പറഞ്ഞത്.
സംഗതി വിവാദമായപ്പോള്‍ അദ്ദേഹം തടിയൂരി. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വാഗ്ദാനപ്പെരുമഴയുടെ കാര്യമല്ല, മറിച്ച് മഹാരാഷ്ട്ര തിരഞ്ഞെടുപ്പു വിഷയമാണ് ചര്‍ച്ചയില്‍ പരാമര്‍ശിച്ചത് എന്നാണ് ഗഡ്കരി ഇപ്പോള്‍ പറയുന്നത്. അന്നു ജയിക്കുമെന്നു പ്രതീക്ഷയുണ്ടായിരുന്നില്ലെന്ന് ഗഡ്കരി. മറാത്തി അറിയുന്നവര്‍ക്കേ കക്ഷി എന്താണ് പറഞ്ഞതെന്ന് ഉറപ്പിച്ചു പറയാന്‍ കഴിയൂ. ഒരുപക്ഷേ, മഹാരാഷ്ട്രയിലെ കാര്യം തന്നെയാവാം പറഞ്ഞത്.
പക്ഷേ, അമിത വാഗ്ദാനങ്ങളാണ് തങ്ങളുടെ തുറുപ്പുഗുലാന്‍ എന്ന കാര്യം അദ്ദേഹം സമ്മതിക്കുന്നുണ്ടെന്നു തോന്നും. ആരാണ് ഇങ്ങനെ നാണമില്ലാതെ ഓഫര്‍ കൊടുത്തതെന്ന് ആര്‍ക്കും അറിയാത്തതുമല്ല. കഴിഞ്ഞ തിരഞ്ഞെടുപ്പിനു നില്‍ക്കുമ്പോള്‍ അഞ്ചു കൊല്ലം കൊണ്ട് 10 കോടി പുതിയ തൊഴില്‍, കള്ളപ്പണം പിടിച്ച് ഓരോ കുടുംബത്തിനും 15 ലക്ഷം വീതം, കര്‍ഷകരുടെ വരുമാനം അഞ്ചു കൊല്ലം കൊണ്ട് ഇരട്ടിയാക്കും എന്നിങ്ങനെ ഘടാഘടിയന്‍ വാഗ്ദാനങ്ങളാണ് മോദി നല്‍കിയത്.
ഇപ്പോള്‍ അതേക്കുറിച്ചൊന്നും ഒരു കാര്യവും ആരും പറയുന്നില്ല. ജോലിയെവിടെ എന്നു ചോദിച്ചാല്‍, അതു വരുമെന്നാണ് മറുപടി. ഗഡ്കരി തന്നെ ഈയിടെ അതു ചൂണ്ടിക്കാട്ടി. നാട്ടില്‍ യുവജനങ്ങള്‍ക്ക് എവിടെ തൊഴില്‍ എന്നാണ് മറ്റൊരു ചര്‍ച്ചയില്‍ കേന്ദ്രമന്ത്രി ചോദിച്ചത്.
കേന്ദ്രഭരണം മോദിയും അമിത്ഷായും ചേര്‍ന്ന് സ്വകാര്യമാക്കി വച്ചിരിക്കുന്നു എന്ന ആരോപണം പുതിയതല്ല. അഞ്ചു വര്‍ഷമായി സംഘപരിവാരത്തില്‍ അമര്‍ഷം പുകയുന്നുണ്ട്. പഴയ പരിവാര പടയാളി അരുണ്‍ ഷൂരി ഭരണത്തെ 'രണ്ടരയാളുടെ ഭരണം' എന്നാണ് വിശേഷിപ്പിക്കുന്നത്. അവസാനത്തെ അരയാള്‍ എന്നത് വക്കീലാണ്. അതായത് അതിബുദ്ധിമാനും കാര്യം കാണാന്‍ കഴുതക്കാലു പിടിക്കാന്‍ സമര്‍ഥനുമായ അരുണ്‍ ജയ്റ്റ്‌ലി.
മോദി-ഷാ കൂട്ടുകെട്ടിന്റെ മണ്ടത്തരങ്ങള്‍ക്ക് നിയമവ്യാഖ്യാനവും ടിപ്പണിയും നല്‍കലാണ് പുള്ളിക്കാരന്റെ പണി. അപ്പണി വക്കീല്‍ കൃത്യമായി നിര്‍വഹിക്കുന്നുമുണ്ട്. തിരഞ്ഞെടുപ്പില്‍ തോറ്റിട്ടും ധനവകുപ്പും ഒരവസരത്തില്‍ പ്രതിരോധ വകുപ്പും ഒക്കെ ഒന്നിച്ചു വഹിക്കാന്‍ ഭാഗ്യം ലഭിച്ചതും അതുകൊണ്ടുതന്നെ. പക്ഷേ, നാഗ്പൂരില്‍ ഇപ്പോള്‍ പല വിധത്തിലുള്ള രോഷങ്ങള്‍ പുകയുന്നുണ്ട്. തിരഞ്ഞെടുപ്പ് വരുമ്പോള്‍ അത് എങ്ങനെ പരിണമിക്കും എന്ന് അറിയാന്‍ വയ്യ. ി

RELATED STORIES

Share it
Top