നാഗേശ്വര്‍ റാവു സംഘപരിവാരത്തിന്റെ സ്വന്തക്കാരന്‍

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ സമ്മര്‍ദം ചെലുത്തി അവധിയില്‍ പ്രവേശിപ്പിച്ച സിബിഐ ഡയറക്ടര്‍ അലോക് വര്‍മയ്ക്ക് പകരക്കാരനായി നിയമിച്ച നാഗേശ്വര്‍ റാവു ആര്‍എസ്എസിന്റെയും സംഘപരിവാര സംഘടനകളുടെയും കണ്ണിലുണ്ണി.
ക്ഷേത്രങ്ങളുടെ നിയന്ത്രണം സര്‍ക്കാരിനു കീഴിലുള്ള ദേവസ്വം ബോര്‍ഡില്‍ നിന്ന് എടുത്തുകളയണമെന്ന് ആവശ്യപ്പെട്ട് കേരളത്തില്‍ ഉള്‍പ്പെടെ സജീവമായ പ്രചാരണങ്ങളുടെ മുഖ്യ വക്താവാണ് ഇദ്ദേഹം. സംഘപരിവാര സംഘടനകളിലെ പ്രമുഖ നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തിവരുന്ന ഐപിഎസ് ഓഫിസറാണ് റാവു.
മുതിര്‍ന്ന ആര്‍എസ്എസ് നേതാവും ബിജെപി ജനറല്‍ സെക്രട്ടറിയുമായ രാം മാധവുമായി ഏറ്റവും അടുപ്പമുണ്ട്. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ഭരണഘടനാപരമായ പരിരക്ഷ നല്‍കുന്ന നിയമങ്ങള്‍ എടുത്തുകളയണമെന്നത് ഉള്‍പ്പെടെയുള്ള വാദങ്ങളും ഇന്ത്യയില്‍ നിന്ന് വിദേശത്തേക്കു മാട്ടിറച്ചി കയറ്റുമതി ചെയ്യുന്നത് നിരോധിക്കണമെന്നുമുള്ള സംഘപരിവാര വാദത്തിന്റെയും വക്താവാണ് നാഗേശ്വര്‍ റാവുവെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നത്.
ആര്‍എസ്എസിനു കീഴിലുള്ള ബൗദ്ധിക സ്ഥാപനങ്ങളായ ഇന്ത്യ ഫൗണ്ടേഷന്‍, വിവേകാനന്ദ ഇന്റര്‍നാഷനല്‍ ഫൗണ്ടേഷന്‍ തുടങ്ങിയവയില്‍ സജീവ സാന്നിധ്യമാണ് നാഗേശ്വര്‍ റാവുവെന്നും റിപോര്‍ട്ടില്‍ പറയുന്നു. സംഘപരിവാരം വര്‍ഷങ്ങളായി ഉന്നയിച്ചുവരുന്ന വിവിധ വിവാദ ആവശ്യങ്ങള്‍ അടങ്ങിയ 'ഹിന്ദുത്വ അവകാശപത്രം' വിവിധ സംഘപരിവാര നേതാക്കള്‍ കഴിഞ്ഞ മാസം കേന്ദ്രസര്‍ക്കാരിനു സമര്‍പ്പിച്ചിരുന്നു. ഇതില്‍ നേതൃപരമായ പങ്കും റാവു വഹിച്ചു.
ക്ഷേത്രങ്ങളുടെ അവകാശം ഹിന്ദുസംഘടനകള്‍ക്ക് നല്‍കണം, ജമ്മു-കശ്മീരിനെ മൂന്നു സംസ്ഥാനമായി വിഭജിക്കുക, കശ്മീരിനുള്ള പ്രത്യേക അവകാശം എടുത്തുകളയണം തുടങ്ങിയ ആവശ്യങ്ങളടങ്ങിയ 'അവകാശപത്രം' പ്രധാനമന്ത്രി സമര്‍പ്പിച്ച ഏഴു പേരില്‍ ഒരാള്‍ നാഗേശ്വര്‍ റാവുവായിരുന്നു. ഹിന്ദുത്വ അജണ്ടകള്‍ തയ്യാറാക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന സംഘപരിവാര സ്ഥാപനമാണ് ശ്രീജന്‍ ഫൗണ്ടേഷന്‍.
ആഗസ്ത് 25ന് ഡല്‍ഹിയില്‍ നടത്തിയ യോഗത്തിലാണ് അവകാശപത്രം തയ്യാറാക്കിയത്. യോഗത്തിലെ സജീവ സാന്നിധ്യമായിരുന്നു റാവു. അവകാശപത്രിക തയ്യാറാക്കുന്നതില്‍ പുതിയ സിബിഐ ഡയറക്ടറായി നിയമിതനായ നാഗേശ്വര്‍ റാവു മുഖ്യപങ്കുവഹിച്ചതായി സംഘപരിവാര സഹയാത്രികനായ ഭരത് ഗുപ്ത വ്യക്തമാക്കി.

RELATED STORIES

Share it
Top